വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടില്ല; ഗതാഗത മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ മുന്‍ നിലപാടുമായി തന്നെ മുന്നോട്ട് പോകും. ബസുടമകള്‍ ഇതുവരെ ഔദ്യോഗികമായി സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ബസുടമകളുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി. കണ്‍സെഷന്‍ നിര്‍ത്തലാക്കാന്‍ ബസുടമകള്‍ക്ക് അവകാശമില്ലെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ കെഎസ്‌യു, എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കണ്‍സെഷന്‍ നല്‍കിയില്ലെങ്കില്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.