വിദൂര ദ്വീപുകളിൽ ഒറ്റപ്പെട്ടുപോയവർ

ജൂലിയസ് മാനുവൽ
ഭൂമിയിലെ നാലാമത്തെ ഏറ്റവും വലിയ ദ്വീപാണ് മഡഗാസ്കര്‍ . ഇന്ത്യക്ക് ശ്രീലങ്ക എന്നത് പോലെ ആഫ്രിക്കയോട് തൊട്ടുരുമ്മി ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഈ കൂറ്റന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത് . ഈ ദ്വീപിനെ പറ്റി ഒട്ടനവധി അത്ഭുതങ്ങള്‍ നാം പണ്ടേ കേട്ടിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടു വരെ ഭീമന്‍ ആനറാഞ്ചി പക്ഷികള്‍ ഓടി തിമിര്‍ത്ത് നടന്നിരുന്ന ഈ ദ്വീപിലെ എണ്‍പത് ശതമാനം ജീവികളും ഭൂമിയില്‍ മറ്റൊരിടത്തും ഇല്ലാത്തവയാണ്‌ . എണ്‍പത്തിയെട്ട് മില്ല്യന്‍ വര്‍ഷങ്ങളായി വന്‍കരകളുമായി ബന്ധമില്ലാതെ കിടന്നുകൊണ്ടാണ് ദ്വീപിനു ഇപ്പോള്‍ കാണുന്ന എല്ലാ സവിശേഷതകളും കൈവന്നത് .

പക്ഷെ ഈ ദ്വീപില്‍ മനുഷ്യവാസം തുടങ്ങിയത് ക്രിസ്തുവിന് മുന്‍പ് നാലാം നൂറ്റാണ്ടില്‍ മാത്രമാണ് . ഇവിടെയാണ്‌ ഈ ദ്വീപിലെ ഏറ്റവും വലിയ അത്ഭുതം ഒളിച്ചിരിക്കുന്നത് . ദ്വീപിലെ ആദ്യ മനുഷ്യര്‍ തൊട്ടടുത്ത്‌ കിടക്കുന്ന ആഫ്രിക്കന്‍ വംശജര്‍ അല്ല , മറിച്ച് ഇന്തോനേഷ്യന്‍ ദ്വീപായ ബ്രൂണയിലെ വര്‍ഗ്ഗക്കാര്‍ ആണ് ! . ( ചെറു തടി വള്ളങ്ങളിലോ മറ്റോ ആയിരിക്കാം ഇവര്‍ ഇവിടെ എത്തിയത് ).

പിന്നീട് അറബികളും ആഫ്രിക്കന്‍ കാപ്പിരികളും എത്തിയതോട് കൂടി മഡഗാസ്കര്‍ ജനത ഇവരുടെയെല്ലാം സങ്കരയിനമായി മാറി . അവരുടെ മലഗാസി ഭാഷയാകട്ടെ ഇതിന്‍റെയെല്ലാം ആകെ തുകയും ! എങ്കിലും കൂടുതല്‍ അടുപ്പം ഇന്തോനേഷ്യയോട് തന്നെയാണ് . മതമാകട്ടെ ക്രിസ്തുമതവും.
ആഫ്രിക്കന്‍ പാരമ്പര്യങ്ങളും , പഴയ ഇന്തോനേഷ്യന്‍ രീതികളും കൂടി ചേര്‍ന്ന അവിയല്‍ പരുവം ആണ് . സത്യത്തില്‍ ഈ നോട്ട് മഡഗാസ്കര്‍ ദ്വീപിനെ പറ്റി അല്ല ! , ഒരാമുഖമായി പറഞ്ഞന്നേയുള്ളൂ .

1.  ട്രോമെലിൻ ദ്വീപ്

ഒരു പഴയ ഫ്രഞ്ച് നേവി ഓഫീസര്‍ ആയിരുന്നു Max Guérout. 1970 കളില്‍ തന്‍റെ ഒരു സുഹൃത്തില്‍ നിന്നാണ് മാക്സ് മഡഗാസ്കറിനരികെ കിടക്കുന്ന ഒരു കുഞ്ഞന്‍ ദ്വീപിനെ പറ്റി അറിയുന്നത് . Tromelin എന്ന ഈ ദ്വീപ് ശരിക്കും ഒരു മണല്‍ക്കൂന മാത്രമാണ് . മഡഗാസ്ക്കറില്‍ നിന്നും മൌറീഷ്യസില്‍ നിന്നും ഏകദേശം ഒരേ ദൂരമാണ് ഇവിടേയ്ക്ക് ( ഏകദേശം മുന്നൂറ് മൈലില്‍ കൂടുതല്‍ ) .

കുറ്റിച്ചെടികളും മണലും മാത്രമുള്ള ഇവിടെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തിന്‍റെ ഉയരം വെറും ഏഴു മീറ്റര്‍ മാത്രമാണ് . എന്നാല്‍ ഇതൊന്നുമല്ല മാക്സിനെ വെറും ഇരുന്നൂറു ഏക്കര്‍ മാത്രം വരുന്ന ഈ ദ്വീപിലേയ്ക്ക് ആകര്‍ഷിച്ചത് . 1761 ല്‍ ഇവിടെ വെച്ച് ഒരു കപ്പല്‍ അപകടം നടന്നിട്ടുണ്ടത്രേ ! വര്‍ഷങ്ങള്‍ക്കു ശേഷം വളരെ കുറച്ച് പേരെ ഈ ദ്വീപില്‍ നിന്നും മറ്റൊരു കപ്പല്‍ കണ്ടെത്തി രക്ഷിച്ചു . ഇത്രയുമാണ് ആകെ അറിയാവുന്ന കാര്യങ്ങള്‍ . ഈ സംഭവത്തെപറ്റി ചരിത്രപരമായി കൂടുതല്‍ ഗവേഷണങ്ങള്‍ ഇതുവരെയും നടന്നിട്ടില്ലാത്തതിനാല്‍ മാക്സിനു ഈ ദ്വീപ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയണം എന്ന് അതിയായ ആഗ്രഹം ഉണ്ടായി .

അങ്ങിനെ എഴുപതുകളില്‍ മാക്സ് ഇവിടം സന്ദര്‍ശിച്ച് കുറച്ച് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി . പിന്നീട് നേവിയില്‍ നിന്നും വിരമിച്ച ശേഷം എണ്‍പതുകളില്‍ ഒരു ഗവേഷണ വിഭാഗത്തിന് തന്നെ അദ്ദേഹം രൂപം കൊടുത്തു . NavalArchaeology Research Group (GRAN) എന്നാണ് ഈ ചരിത്രഗവേഷകര്‍ ഇപ്പോള്‍ അറിയപ്പെടുന്നത് . വളരെയധികം ജിജ്ഞാസജനിപ്പിക്കുന്ന , അത്ഭുതകരമായ ഒരു സംഭവകഥയാണ് GRAN ട്രോമെലിന്‍ ദ്വീപില്‍ നിന്നും ചികഞ്ഞെടുത്ത് ലോകത്തിനു മുന്നില്‍ തുറന്ന് കാട്ടിയത് .

Related image

അതൊന്ന് ചുരുക്കി പറയാം ……
നിയമപരമായി തന്നെ അടിമവ്യാപാരം നടന്നിരുന്ന 1761 ല്‍ ഫ്രഞ്ച് കപ്പലായ L’Utile (“Useful” എന്നര്‍ത്ഥം ), 160 മലഗാസി ( മഡഗാസ്കര്‍ ജനത ) അടിമകളുമായി മൌറീഷ്യസ് ദ്വീപിലേക്ക് യാത്രതിരിച്ചു . (സത്യത്തില്‍ ആ കപ്പലില്‍ അടിമകളെ കൊണ്ടുപോകുവാനുള്ള ലൈസന്‍സ് ഇല്ലായിരുന്നു എന്ന് GRAN കണ്ടെത്തി ). പക്ഷെ ട്രോമെലിന്‍ ദ്വീപിനു സമീപത്ത് വെച്ചുണ്ടായ ഒരു കൊടുംകാറ്റില്‍ കപ്പല്‍ ഒരു പവിഴപ്പുറ്റില്‍ തട്ടി തകര്‍ന്നു . കുറച്ച് പേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചെങ്കിലും നാവികരും അടിമകളും ഉള്‍പ്പടെ നൂറ്റിയിരുപതോളം പേര്‍ നീന്തിയും തടികളില്‍ പിടിച്ചും ട്രോമെലിന്‍ ദ്വീപില്‍ എത്തി .

അടച്ച ബങ്കറിനുള്ളില്‍ ആയിരുന്ന അടിമകളെ , ഭിത്തി വെട്ടിപ്പൊളിച്ചാണ് നാവികര്‍ രക്ഷപ്പെടുത്തിയത് . അതിനാല്‍ തന്നെ ഏകദേശം എണ്‍പതോളം പേരെ മാത്രമാണ് അവര്‍ക്ക് രക്ഷപെടുത്താനായത് ( ഇതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടും ) .

ദിവസങ്ങള്‍ക്കു ശേഷം കൊടുംകാറ്റ് ശമിച്ചപ്പോള്‍ , തകര്‍ന്ന കപ്പലിലേക്ക് തിരികെ നീന്തി ചെന്ന് ഉപയോഗിക്കാന്‍ പറ്റിയ തടികളും ഉപകരണങ്ങളും മറ്റും അവര്‍ വീണ്ടെടുത്തു . അത് വെച്ച് അടിമകള്‍ക്കും നാവികര്‍ക്കും പ്രത്യേകം കുടിലുകള്‍ ഉണ്ടാക്കി . രണ്ടു മാസങ്ങള്‍ക്കുള്ളില്‍ മിച്ചമുണ്ടായിരുന്ന തടികള്‍ ഉപയോഗിച്ച് ഒരു ചെറു പത്തേമാരി നാവികര്‍ നിര്‍മ്മിച്ചെടുത്തു . പത്തു പേര്‍ക്ക് മാത്രം പോകുവാന്‍ പറ്റുന്ന ആ ബോട്ടില്‍ ജീവനോടെ മിച്ചമുണ്ടായിരുന്ന നാവികര്‍ യാത്രയായി . പെണ്ണുങ്ങളെ വിട്ട് ബോട്ടില്‍ കയറുവാന്‍ മലഗാസികള്‍ ആരും തന്നെ സമ്മതിച്ചില്ല . മാത്രവുമല്ല ബോട്ടുയാത്ര വര്‍ക്ക് ഭയവും ആയിരുന്നു .

തിരികെ കരയില്‍ എത്തിയാല്‍ അടിമകളെ രക്ഷിക്കാന്‍ മറ്റൊരു കപ്പല്‍ തീര്‍ച്ചയായും എത്തിക്കും എന്ന ഉറപ്പ് കൊടുത്തിട്ടാണ് നാവികര്‍ ദ്വീപ് വിട്ടത് . ഇവരില്‍ ആരൊക്കെ കരയില്‍ എത്തി എന്ന് രേഖകള്‍ വ്യക്തമാക്കുന്നില്ല എങ്കിലും ആരൊക്കെയോ എത്തി എന്ന് മാക്സിനു പഴയ ഫ്രഞ്ച് രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി . കാരണം മഡഗാസ്കറിന് സമീപത്തുള്ള ഒരു ദ്വീപിലേക്ക് ഒരു രക്ഷാ കപ്പല്‍ വിടണം എന്നൊരു അപേക്ഷ പഴയ രേഖകളില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തി . പക്ഷെ ആ അപേക്ഷ നിരസിക്കപ്പെട്ടു .

Image result for gran tromalin island

ഫ്രാന്‍സും ബ്രിട്ടനും തമ്മിലുണ്ടായ ഏഴുവര്‍ഷ യുദ്ധം നടക്കുന്നതിനാല്‍ കപ്പലുകള്‍ ഒന്നും തന്നെ കിട്ടാനില്ല എന്നതായിരുന്നു കാരണം .
മഡഗാസ്കറിലെ Central Highland ല്‍ നിന്നും ദ്വീപില്‍ എത്തിപ്പെട്ട അടിമകള്‍ കടല്‍ ജീവിതത്തിനു പൊരുത്തപ്പെട്ടവര്‍ ആയിരുന്നില്ല . അവര്‍ ദ്വീപിലെ ഉയര്‍ന്ന ഭാഗത്ത്‌ ഉയരത്തില്‍ ഒരു കൊടി നാട്ടി . തങ്ങളെ രക്ഷപെടുത്തുവന്‍ എത്തുന്ന കപ്പലിന് എളുപ്പത്തില്‍ കാണാന്‍ വേണ്ടി ആയിരുന്നു അത് . തടികള്‍ കൊണ്ട് മാത്രം വീടുകള്‍ പണിയുകയും കല്ലുകള്‍ കൊണ്ട് കുഴിമാടങ്ങള്‍ തീര്‍ക്കുകയും ചെയ്തിരുന്ന മലഗാസികള്‍ തങ്ങളുടെ ആചാരരീതികള്‍ ദ്വീപില്‍ തെറ്റിച്ചു . കൂറ്റന്‍ ഉരുളന്‍ കല്ലുകള്‍ കൂട്ടിവെച്ച് അവര്‍ ചെറു ഗുഹകള്‍ നിര്‍മ്മിച്ച്‌ അതില്‍ രാത്രി കഴിച്ചു കൂട്ടി . ഞണ്ടുകളും , കടല്‍പക്ഷികളുടെ മുട്ടകളും വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടായില്ല .

ദ്വീപിന്‍റെ ഘടനയനുസരിച്ച് മീന്‍ പിടുത്തം അവര്‍ക്ക് അസാധ്യമായിരുന്നു . ഇതിനിടക്ക്‌ കുറച്ച് പേര്‍ കിട്ടിയ തടികള്‍ കൊണ്ട് ഒരു ചെറു വള്ളം ഉണ്ടാക്കിയെടുത്തു . ( ഈ പണി അവര്‍ നാവികരില്‍ നിന്നും പഠിച്ചതാണ് ) . ദ്വീപ് വിട്ട് പോയ അവരെ കുറിച്ച് പിന്നീടൊരു അറിവും കിട്ടിയില്ല .
ഇതിനിടെ അവസാനം 1772 ല്‍ രക്ഷപ്പെട്ട നാവികരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ La Sauterelle എന്നൊരു കപ്പല്‍ ദ്വീപിലേയ്ക്ക് അയച്ചു . ചുറ്റും പവിഴപ്പുറ്റുകള്‍ നിറഞ്ഞ ദ്വീപിലേയ്ക്ക് കപ്പല്‍ അടുപ്പിക്കുവാന്‍ അസാധ്യമായിരുന്നതിനാല്‍ അവര്‍ ഒരു ചെറു ബോട്ടില്‍ രണ്ടു നാവികരെ അങ്ങോട്ടേക്ക് അയച്ചു . പക്ഷെ പൊടുന്നനെ ഉണ്ടായ കൊടുംകാറ്റില്‍ ബോട്ട് പാറയില്‍ തട്ടി തകര്‍ന്നു . ഒരാള്‍ ദ്വീപിലേയ്ക്കും മറ്റെയാള്‍ കപ്പലിലേക്ക് തിരിച്ചും നീന്തി രക്ഷപ്പെട്ടു .

കാലാവസ്ഥ വീണ്ടും മോശമായതിനാല്‍ La Sauterelle കൂടുതല്‍ നില്‍ക്കാതെ തിരികെ പോയി . ദ്വീപില്‍ എത്തിപ്പെട്ട നാവികന്‍ അടിമളെ കൂട്ടി മറ്റൊരു ചെറു ബോട്ട് ഉണ്ടാക്കി അതില്‍ ചിലരെ കൂട്ടി ദ്വീപില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അവരും എന്നന്നേക്കുമായി അപ്രത്യക്ഷരായി .

Image result for gran tromalin island

അവസാനം 1776 നവംബര്‍ 29 ന് La Dauphine എന്ന കപ്പല്‍ ദ്വീപില്‍ എത്തുന്നതില്‍ വിജയിച്ചു . അതിന്‍റെ ക്യാപ്റ്റന്‍ ആയിരുന്ന Jacques MarieBoudin de la Nuguy de Tromelin ന്റെ പേരില്‍ ആണ് ദ്വീപ് ഇന്നറിയപ്പെടുന്നത്‌ . അവര്‍ ചെല്ലുമ്പോള്‍ ഏഴു പെണ്ണുങ്ങളും എട്ടുമാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയും മാത്രമായിരുന്നു അവിടെ അവശേഷിച്ചിരുന്നത് ! ( കുട്ടിയുടെ അച്ഛന്‍ മാസങ്ങള്‍ക്ക് മുന്‍പ് നാവികന്‍ ഉണ്ടാക്കിയ ബോട്ടില്‍ കയറിയവരില്‍ ഒരാള്‍ ആയിരുന്നു ) . ഇവരെ രക്ഷപ്പെടുത്തുമ്പോള്‍ കപ്പലപകടം നടന്നിട്ട് നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു !!!

മാക്സ് പിന്നീട് അന്വേഷിച്ചത് രക്ഷപ്പെട്ടവര്‍ എവിടെയെത്തി എന്നും, അവരുടെ ആരുടെയെങ്കിലും പിന്‍ തലമുറ ഇപ്പോഴും ഉണ്ടോ എന്നും ആയിരുന്നു . അവരെയെല്ലാം തന്നെ മൌറീഷ്യസ് ദ്വീപിലേക്കാണ് കൊണ്ടുപോയത് . അടിമത്വം അവസാനിച്ചിരുന്നതിനാല്‍ എല്ലാവരും സ്വതന്ത്രരായി തന്നെ ശിഷ്ടകാലം ദ്വീപില്‍ ജീവിച്ചു എന്ന് കരുതപ്പെടുന്നു . കൂട്ടത്തില്‍ മൂന്നു പേരെ അന്നത്തെ മൌറീഷ്യസ് ഭരണാധികാരി Jacques Maillart-Dumesle ദത്തെടുത്തു . പിഞ്ചു കുഞ്ഞും അവന്‍റെ അമ്മയും അമ്മൂമ്മയും ആയിരുന്നു അവര്‍ .

പിന്നീട് മോസസ് (Moses) എന്ന് അറിയപ്പെട്ട അവന്‍റെ പിന്‍ തലമുറയില്‍പെട്ട ആരെങ്കിലും ഇപ്പോഴും ഉണ്ടോ എന്നാണ് ഗവേഷകര്‍ ഇപ്പോള്‍ തിരയുന്നത് .
മാക്സും സംഘവും ട്രോമെലിന്‍ ദ്വീപില്‍ നടത്തിയ അന്വേഷണം ഒരു ചരിത്ര ഗവേഷണം എങ്ങിനെ നടത്തണം എന്നതിന്‍റെ ഉദാഹരണമായി നിലകൊള്ളുന്നു . മോസസിന്റെ പിന്‍ഗാമിയെ കൂടി കണ്ടെത്തിയാല്‍ അവരുടെ ഗവേഷണം പൂര്‍ണ്ണമായി എന്നാണ് കരുതപ്പെടുന്നത്.

ദ്വീപ് നിവാസികള്‍ കൊടി നാട്ടിയ സ്ഥലത്ത് ഇന്നൊരു ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്

Related image

2.നികുമാറോറോ ഐലൻഡ്

ചില ചിത്രങ്ങൾ ഒറ്റയടിക്ക് നമ്മെ അനേകവർഷങ്ങൾ പിന്നിലേയ്ക്ക് കൊണ്ടുപോകും . ചില സംഭവങ്ങൾ ഓർമ്മിപ്പിക്കും . ഈ ചിത്രം നോക്കൂ . 1929 നവംബറിൽ അപകടത്തിൽപെട്ട ഒരു കപ്പലിന്റെ ഇന്നത്തെ സ്ഥിതിയാണിത് .
പസഫിക്കിലെ ഒറ്റപ്പെട്ട , ഇപ്പോൾ വിജനമായ ഒരു ദ്വീപാണ് Nikumaroro. നീളത്തിൽ ഏകദേശം ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ഒരു കോറൽ അറ്റോൾ ആണ് . അതായത് ദ്വീപിനുള്ളിൽ ഒരു വലിയ ലഗൂൺ ഉണ്ട് എന്നർത്ഥം . എന്നാൽ ഒരു കപ്പലിന് ഇതിനുള്ളിൽ പ്രവേശിക്കുക ദുഷ്‌കരമാണ് .

1929 നവംബർ ഇരുപത്തിഒൻപതിനാണ് ഒരു ബ്രിട്ടീഷ് ഫ്രയ്റ്റർ ആയ SS Norwich City ഒരു കൊടുങ്കാറ്റിൽ പെട്ട് ഈ ദ്വീപിനടുത്തുള്ള ഒരു പവിഴപ്പുറ്റിലേയ്ക്ക് ഇടിച്ചു കയറിയത് . കപ്പലിനുള്ളിൽ തീ പിടിച്ചതോടു കൂടി , നാവികർ കടലിലേയ്ക്ക് ചാടി ദ്വീപിലേക്ക് നീന്തി രക്ഷപ്പെട്ടു . അപകടത്തിൽ പതിനൊന്നോളം ജീവൻ നഷ്ട്ടപ്പെട്ടുവെങ്കിലും നീന്തി കരയിൽ ചെന്നവരെ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു കപ്പൽ വന്ന് രക്ഷപ്പെടുത്തി .

മുങ്ങിപ്പോകാതെ പവിഴപ്പുറ്റിൽ ഇടിച്ചു നിന്നിരുന്ന കപ്പൽ പിന്നീട് പതിറ്റാണ്ടുകളോളം ഒരു സൈൻ ബോർഡ് പോലെ കടലിലെ വഴികാട്ടിയായി നിലകൊണ്ടു . എങ്കിലും കടൽത്തിരകളുമായി മല്ലിട്ട് ഇപ്പോൾ കപ്പലിന്റെ ഭൂരിഭാഗവും ദ്രവിച്ചു പോയിക്കഴിഞ്ഞു . ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് വ്യൂവിൽ -4.660833, -174.544444 എന്ന കോർഡിനേറ്റുകൾ പരതിയാൽ കപ്പൽ കിടക്കുന്നത് നമുക്കും കാണാവുന്നതാണ് (https://goo.gl/maps/gwRfBx2dpix) .
ഈ കപ്പലപകടം നടന്നതിന് പത്തു വർഷങ്ങൾക്ക് ശേഷം മറ്റൊരു പ്രധാന ദുരന്തത്തിന് കൂടി ഈ ചെറുദ്വീപ് സാക്ഷിയായി .

ലോകം ചുറ്റാനിറങ്ങിയ Amelia Mary Earhart , സഞ്ചരിച്ചിരുന്ന ഇലക്ട്രാ വിമാനം ഈ ദ്വീപിനടുത്തു എവിടെയോ വെച്ച് അപ്രത്യക്ഷമായി ! ലോകത്താദ്യമായി ഒറ്റയ്ക്ക് അറ്റ്ലാൻറ്റിക്കിന് മീതെ പറന്ന വനിതയായിരുന്നു അമീലിയ . അവസാന പറക്കലിൽ Howland Island ആയിരുന്നു അവരുടെ ലക്‌ഷ്യം എങ്കിലും അവിടെ എത്തിച്ചേരുന്നതിന് മുൻപേ വിമാനം അപകടത്തിൽ പെടുകയാണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു . വിമാനത്തിൽ അവരുടെ കൂടെ Fred Noonan എന്നൊരു വൈമാനികനും ഉണ്ടായിരുന്നു . ഹൊവ്‌ലാൻഡ് ദ്വീപിലും പസഫിക്കിലെ മറ്റനേകം ദ്വീപുകളുടെ പരിസരങ്ങളിലും മാസങ്ങളോളം തിരഞ്ഞെങ്കിലും ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല .

Related image

എന്നാൽ The International Group for Historic Aircraft Recovery (TIGHAR) ഈ അടുത്തകാലം വരെയും നടത്തിയ അനേകം പര്യവേഷങ്ങളിൽ നിന്നും അവർ മുന്നോട്ടു വെക്കുന്ന തിയറി അനുസരിച്ച് , ഇരുവരും Nikumaroro ദ്വീപിലോ അതിനടുത്തുവെച്ചോ ക്രാഷ് ലാൻഡ് ചെയ്യുകയും ആഴ്ചകളോളം ഈ ദ്വീപിൽ താമസിക്കുകയും ചെയ്തിരുന്നു എന്ന് തെളിയുന്നു . കടുത്ത ശുദ്ധജലക്ഷാമം ഉള്ള ദ്വീപിൽ രോഗമോ പട്ടിണിയോ മൂലം അവർ കൊല്ലപ്പെട്ടിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത് . ദ്വീപിൽ നിന്നും കിട്ടിയ ചില പുരാവസ്തുക്കളിൽ തൊള്ളായിരത്തി മുപ്പതുകളിലെ ഒരു സ്ത്രീയുടെ എന്ന് തോന്നിക്കുന്ന ചില വസ്ത്രങ്ങളും മറ്റു ചില സാധനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു . എന്നാൽ ഈ തിയറി തെറ്റാണ് എന്ന് കരുതുന്നവരും ഉണ്ട് .

എന്തായാലും ഈ ദ്വീപിന്റെയും കപ്പലപകടത്തിന്റെതുമായി ഇന്റർനെറ്റിൽ കാണുന്ന സകല ഫോട്ടോകളും TIGHAR ടീമിന്റെ സംഭാവനയാണ് .

3. ലേഡി റോബിൻസൺ ക്രൂസോ

ഉത്തര ധ്രുവത്തിനടുത്ത് റഷ്യന്‍ വന്‍കരയില്‍ നിന്നും നൂറ്റിനാല്‍പ്പത് കിലോമീറ്ററോളം വടക്കുമാറി ആർട്ടിക് സമുദ്രത്തിൽ തണുത്തുറഞ്ഞ ഒരു മായാ ലോകം ! അതാണ് Wrangel ദ്വീപ് . 7,600 km2 വിസ്തീർണ്ണം ഉള്ള ഈ ഹിമതുരുത്ത് നൂറ്റാണ്ടുകളോളം ആധുനിക മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കുകയായിരുന്നു ! ഏകദേശം മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഭക്ഷണ കുറവ് കാരണവും കാലാവസ്ഥ വ്യതിയാനം മൂലവും അവസാന വൂളി മാമോത്ത് ഭൂമിയോട് വിട പറഞ്ഞത് റാൻഗൽ ദ്വീപിലെവിടെയോ ആയിരുന്നു!. ഈജിപ്തിൽ പിരമിഡുകൾ നിർമ്മിക്കുന്ന സമയത്ത് ഈ ദ്വീപിൽ മാമത്തുകൾ അലഞ്ഞു തിരിയുന്നുണ്ടായിരുന്നു . 1764 ല്‍ Sergeant Stepan Andreyev ആണ് ഈ ദ്വീപിനെ കുറിച്ച് ആദ്യമായി പുറംലോകത്തിന് റിപ്പോർട്ട് കൊടുത്തത് . ഈ റിപ്പോര്‍ട്ട് കാണാന്‍ ഇടയായ Ferdinand von Wrangel , ഇവിടേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഞ്ഞും മോശമായ കാലാവസ്ഥയും കാരണം ഇവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല. Chukchi എസ്ക്കിമോകളുടെ ഇടയില്‍ പറഞ്ഞു കേട്ട ഒരു കഥയാണ് ഈ പര്യവേഷകരെയെല്ലാം സൈബീരിയക്ക് വടക്ക് സാമാന്യം വലിപ്പം ഉള്ള ഒരു ദ്വീപ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന നിഗമനത്തില്‍ എത്തിച്ചത് .

അവരുടെ കഥ അനുസരിച്ച് Krachai എന്നൊരു നേതാവും അയാളുടെ അനുയായികളും പണ്ടെങ്ങോ ഉത്തരധ്രുവത്തില്‍ താമസമുറപ്പിക്കുവാന്‍ യാത്ര തിരിച്ചിരുന്നു . അവരുടെ പിൻഗാമികൾ ഇപ്പോഴും അവിടെ എവിടെയോ ഉണ്ട് എന്ന വിശ്വാസം ഇവര്‍ ഇപ്പോഴും വെച്ച് പുലര്‍ത്തുന്നുണ്ട് . Stepan Andreyev കണ്ട മനുഷ്യ സാന്നിധ്യത്തിന്‍റെ തെളിവുകള്‍ ഇവര്‍ ശേഷിപ്പിച്ചതാവാം എന്നാണ് ഇപ്പോള്‍ വിചാരിക്കുന്നത് .

1849 ല്‍ Henry Kellett എന്ന ബ്രിട്ടീഷുകാരന്‍ ഇതിനു അറുപത് കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള ഹെറാൾഡ് ദ്വീപില്‍ ചെന്നിറങ്ങി . അവിടെ നിന്നും നോക്കിയ കെല്ലറ്റ്‌ , മഞ്ഞു മൂടി കിടക്കുന്ന മറ്റൊരു വലിയ ദ്വീപ് താന്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു . 1881 ല്‍ ജര്‍മ്മന്‍ തിമിംഗില വേട്ടക്കാരന്‍ ആയ Eduard Dallmann ഈ ദ്വീപില്‍ ചെന്നിറങ്ങിയതായി അവകാശപ്പെട്ടു . 1867 ല്‍ അമേരിക്കന്‍ തിമിംഗല വേട്ടക്കാരന്‍ ആയ Thomas Long, Wrangel ദ്വീപില്‍ ചെന്നിറങ്ങുകയും ഈ സ്ഥലം അമേരിക്കയുടെതാണെന്ന് അവകാശം ഉന്നയിക്കുകയും ചെയ്തു .

പിന്നീട് പല അമേരിക്കന്‍ നാവികരും ഇതേ പാത പിന്തുടര്‍ന്നു .പക്ഷെ 1911 ല്‍ റഷ്യന്‍ പര്യവേഷക നേതാവായ Boris Vilkitsky തന്‍റെ കൂട്ടരുമൊത്തു ഇവിടെ ചെല്ലുകയും , ദ്വീപ് റഷ്യന്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു . പക്ഷെ ഈ ദ്വീപിനോടുള്ള ലോക രാജ്യങ്ങളുടെ ഭ്രമം അവിടം കൊണ്ട് തീര്‍ന്നില്ല ! കാനഡയും , അമേരിക്കയും ജപ്പാനും ഇവിടെ തങ്ങളുടെ ആളുകളെ കൊണ്ട് താമസിപ്പിച്ച് ദ്വീപ് സ്വന്തമാക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു .

റാങ്കൽ ദ്വീപിന് വേണ്ടിയുള്ള കടിപിടി നടക്കുന്നതൊന്നും അറിയാതെ അങ്ങ് ദൂരെ അലാസ്‌കൻ മണ്ണിൽ ഒരു സാധാരണ Iñupiat പെണ്ണ് ജീവിച്ചിരുന്നു . അവളുടെ മുഴുവൻ പേര് Ada Blackjack Johnson എന്നായിരുന്നു . ചെറുപ്പത്തിലേ വിവാഹിതയായ അവൾക്ക് കുട്ടികൾ മൂന്നുണ്ടായെങ്കിലും അലാസ്‌ക്കൻ കാലാവസ്ഥയെ അതിജീവിച്ചത് ഒരാൾ മാത്രമായിരുന്നു . പിന്നീട് ഭർത്താവും വിടപറഞ്ഞതോടു കൂടി ആകെയുള്ള രോഗബാധിതനായ കുട്ടിയെ പരിചരിക്കാനുള്ള പണം കണ്ടെത്താനാകാതെ അവൾ നന്നേ വിഷമിച്ചു . തുന്നൽ പണിചെയ്തും , വീട്ടുവേലയെടുത്തും അവൾ ദിവസങ്ങൾ തള്ളിനീക്കി . അങ്ങനെയിരിക്കെ ഒരാൾ ഒരു വാർത്ത പറഞ്ഞു . അങ്ങ് വടക്കൊരു ദ്വീപിലേക്ക്‌ കുറച്ചു പേർ കപ്പലിൽ പോകുന്നുണ്ടത്രേ . അവർക്ക് ഭക്ഷണം പാകം ചെയ്യാനും മറ്റു ചില്ലറപ്പണികൾക്കുമായി ഒരു പെണ്ണിനെ വേണം . ആർട്ടിക് മഞ്ഞു സാമ്രാജ്യത്തിൽ ജീവിച്ചു പരിചയമുള്ള അലാസ്‌കൻ Iñupiat വർഗ്ഗക്കാരിയായാൽ നല്ലത് . നല്ല പണവും കിട്ടും . സാമ്പത്തിക ബുദ്ധിമുട്ട് നന്നേ അനുഭവിച്ചിരുന്ന അഡ ബ്ളാക്ക് ജാക്ക് പിന്നെ വേറൊന്നും ആലോചിച്ചില്ല . കുട്ടിയെ ഒരു അനാഥാലയത്തിൽ ആക്കി , കടം മേടിച്ച കുറച്ചു പണവും അവിടെ ഏൽപ്പിച്ച് അവൾ നേരെ തുറമുഖത്തേക്ക് നടന്നു .

1914 ൽ കനേഡിയൻ ആർട്ടിക് എക്സ്പഡിഷന്റെ ഭാഗമായി റാങ്കൽ ദ്വീപിലേക്ക്‌ യാത്ര തിരിച്ച സംഘത്തിലെ അംഗമായിരുന്നു Vilhjalmur Stefansson. അന്ന് കപ്പൽ തകർന്ന് ഒൻപതു മാസം ദ്വീപിൽ കുടുങ്ങിപ്പോയ സ്റ്റീഫൻസൺ മറ്റൊരു കപ്പലിൽ ഒരു വിധം രക്ഷപെടുകയായിരുന്നു . രണ്ടുകൊല്ലത്തോളം ആ ദ്വീപിൽ താമസിച്ചാൽ നിയമപരമായി ആ ദ്വീപ് കാനഡക്ക് അവകാശപ്പെടാം എന്ന് സ്റ്റീഫൻസൺ കണക്കു കൂട്ടി . അതിനായി രണ്ടാമത് വീണ്ടുമൊരു സംഘത്തെ അയയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു . എന്നാൽ അവിടെ ബ്രിട്ടീഷ് ഏജൻറ്റുകൾ യഥാസമയം ഇടപെട്ടു . സ്റ്റീഫൻസണിനു എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത ബ്രിട്ടൻ, ദ്വീപിൽ താമസിക്കാൻ മുൻകാല പരിചയമുള്ള കുറച്ചു പേരെ റിക്രൂട്ട് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു . അങ്ങിനെ സ്റ്റീഫൻസൺ തിരഞ്ഞെടുത്ത അഞ്ചoഗ സംഘത്തിലെ ഏക വനിതയായിരുന്നു നമ്മുടെ അഡ ബ്ളാക്ക് ജാക്ക് . കൂട്ടത്തിൽ ഉണ്ടായിരുന്നത് Fred Maurer, Lorne Knight , Milton Galle എന്നീ മൂന്ന് അമേരിക്കക്കാരും പിന്നെ Allan Crawford എന്ന കനേഡിയൻ പൗരനും ആയിരുന്നു .

അങ്ങിനെ Silver Wave എന്ന കപ്പലിൽ ഈ സംഘം 1921 സെപ്റ്റംബർ പതിനഞ്ചിന് (?) മഞ്ഞുപുതച്ചു കിടക്കുന്ന റാങ്കൽ ദ്വീപിൽ എത്തിച്ചേർന്നു . ഇരുപത്തിനാല് മാസങ്ങൾക്കകം ഇവരെ തിരികെ എത്തിക്കാൻ മറ്റൊര് കപ്പൽ എത്തും എന്നതായിരുന്നു പ്ലാൻ . ഇതിനകം ബ്രിട്ടണോ , ക്യാനഡയോ ആരാണ് സ്റ്റീഫൻസണിന് കൂടുതൽ കാശ് ഓഫ്ഫർ ചെയ്യുന്നത് അവർക്കു വേണ്ടി ദ്വീപ് ക്ലെയിം ചെയ്യും എന്ന് സ്റ്റീഫൻസൺ തീരുമാനിച്ചിരുന്നു .

കാര്യങ്ങൾ ആദ്യമൊക്കെ ഭംഗിയായി തന്നെ മുന്നോട്ട് നീങ്ങി . എന്നാൽ കരുതിയിരുന്ന ഭക്ഷണം കൂടുതൽ വേഗത്തിൽ തീരുന്നതു ശ്രദ്ധയിപ്പെട്ട ബ്ളാക്ക് ജാക്ക് , ഭക്ഷണം ലിമിറ്റ് ചെയ്യാൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു . അങ്ങിനെ ദിവസവും വേട്ടയാടലിന് കുറച്ചു നേരം അവർ നീക്കി വെച്ചു . വേണ്ടത്ര പരിചയമില്ലാതിരുന്ന അവർ വളരെ പ്രയാസപ്പെട്ടാണ് കുറുക്കനെയും കരടിയെയും , പക്ഷികളെയും മറ്റും പിടികൂടിയത് . അതെല്ലാം ബ്‌ളാക്ക്‌ജാക്ക് സുന്ദരമായി ചുട്ടെടുത്ത് അവർക്കു കൊടുത്തു . എന്നാൽ കാര്യങ്ങൾ വീണ്ടും വഷളായി തുടങ്ങി . മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കൂടാരത്തിന് മൂന്നു മൈൽ ചുറ്റളവിലുള്ള സകലമരങ്ങളും തീകൂട്ടാനായി അവർ വെട്ടിയെടുത്ത് കഴിഞ്ഞിരുന്നു .

വിറകിനും , വേട്ടയ്ക്കും കൂടുതൽ ദൂരം തണുപ്പിലൂടെ സഞ്ചരിക്കേണ്ടി വന്നത് ആണുങ്ങളുടെ ആരോഗ്യസ്ഥിതി വഷളാക്കി . എങ്കിലും അടുത്ത കപ്പൽ വരാനുള്ള സമയം അടുക്കാറായി എന്നത് അവരിൽ പ്രത്യാശ വളർത്തി . പക്ഷെ ആർട്ടിക്കിൽ തണുപ്പ് കൂടി വന്നു . ദ്വീപിനു ചുറ്റുമുള്ള ജലമെല്ലാം ഐസ് ആയി മാറി . ഇനി കപ്പൽ വന്നാലും ദ്വീപിനോട് അടുക്കാൻ യാതൊരു വഴിയുമില്ല എന്ന് അവർക്ക് പിടികിട്ടി . ആരെങ്കിലും രണ്ടു പേർ മഞ്ഞിലൂടെ യാത്ര ചെയ്ത് ഹെറാൾഡ് ദ്വീപിലോ മറ്റോ ചെന്നെത്തി അവിടെനിന്നും ഏതെങ്കിലും തിമിംഗിലവേട്ടക്കപ്പൽ കണ്ടെത്തി എല്ലാവേരയും രക്ഷിക്കാം എന്നൊരു പ്ലാൻ ആരോ പറഞ്ഞു . അങ്ങിനെ ബ്ളാക് ജാക്കിന് കൂട്ട് നൈറ്റിനെ നിർത്തിയ ശേഷം ബാക്കി രണ്ടുപേർ അവിടെ നിന്നും യാത്ര തിരിച്ചു . ബ്ളാക് ജാക്ക് നിരുത്സാഹപ്പെടുത്തിയെങ്കിലും അവർ പോകുക തന്നെ ചെയ്തു . നിന്നെ തിരികെ മകന്റെ അടുക്കൽ ഞാൻ എത്തിക്കും എന്നൊരു വാക്കും കൊടുത്തിട്ടാണ് ഫ്രെഡ് യാത്ര തിരിച്ചത് (28 January 1923 )

അവർ പോയിക്കഴിഞ്ഞൊരുനാൾ വേട്ടക്കിറങ്ങിയ നൈറ്റ് , ബോധരഹിതനായി വഴിയിൽ വീണുപോയി . നൈറ്റിനെ തിരക്കിയിറങ്ങിയ ബ്ളാക്ക് ജാക്ക് ഒരു വിധം അവനെ തിരികെ കൂടാരത്തിൽ എത്തിച്ചു . നൈറ്റിന് ശീതപിത്തം (Scurvy ) ബാധിച്ചു കഴിഞ്ഞു എന്ന് അവൾക്കു പിടികിട്ടി . അടുത്ത ദിവസം മുതൽ വിറകിനും വേട്ടയാടലിനും അഡ ഒറ്റയ്ക്കാണ് പോയത് . ചെറുപ്പം മുതൽ ചെയ്തിട്ടുള്ള പണികൾ ആയിരുന്നതിനാൽ അവൾക്കതൊരു ബുദ്ധിമുട്ടായി തോന്നിയില്ല . തന്നെക്കൊണ്ടാവും വിധം അവൾ നൈറ്റിനെ പരിചരിച്ചെങ്കിലും 1923 ജൂൺ ഇരുപത്തി മൂന്നിന് അവളെ ദ്വീപിൽ ഏകയാക്കി നൈറ്റ് മരണമടഞ്ഞു . പ്രത്യാശ കൈവിടാതെ , തന്നെ വിട്ടുപോയ മറ്റു രണ്ടുപേരെയും കാത്ത് അഡ ബ്ളാക്ക് ജാക്സൺ ആ മഞ്ഞു ദ്വീപിൽ വീണ്ടും മാസങ്ങളോളം തള്ളിനീക്കി . അങ്ങിനെ ഒരു ദിവസം കപ്പിൽ നിന്നുള്ള ഉച്ചത്തിലുള്ള സൈറൺ വിളി കേട്ടാണ് അവൾ ഉറക്കമുണർന്നത് . പറഞ്ഞത് പോലെ തന്നെ കൂട്ടുകാർ കപ്പലുമായി എത്തിയിരിക്കുന്നു . അങ്ങ് ദൂരെ നിന്നും ഒരു സംഘം ആളുകൾ അവളുടെ കൂടാരം ലക്ഷ്യമാക്കി വരുന്നുണ്ട് . അടുത്തെത്തിയ ഓരോരുത്തരുടെയും മുഖത്ത് അവൾ ഫ്രഡിനെയും , മിൽട്ടനെയും തിരഞ്ഞു . പക്ഷെ വന്നത് അവരായിരുന്നില്ല , മറിച്ച് സ്റ്റീഫൻസണിന്റെ കൂട്ടുകാരൻ Harold Noice ആയിരുന്നു അത് (August 19, 1923). രക്ഷപ്പെട്ട് നാട്ടിലെത്തിയ ബ്ളാക്ക് ജാക്സൺ ഞെട്ടലോടെ ആ വാർത്ത കേട്ടു . തിരിയെത്താമെന്നു പറഞ്ഞു പോയ തന്റെ സഹയാത്രികർ ആർട്ടിക് മഞ്ഞുഭൂമിയിൽ എവിടെയോ എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായിക്കഴിഞ്ഞു . ആ ഞെട്ടലിൽ നിന്നും മാറി വന്നപ്പോൾ മറ്റൊരു വിവാദം തലപൊക്കി . അവൾ നേരെചൊവ്വേ നോക്കാഞ്ഞത് കൊണ്ടാണത്രേ നൈറ്റ് മരണമടഞ്ഞത് !

മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത ഇത്തരം കപടവാർത്തകൾക്കൊന്നും അവൾ മറുപടി പറഞ്ഞില്ല . അവസാനം നൈറ്റിന്റെ മാതാപിതാക്കൾ അവളുടെ അടുക്കൽ എത്തി നൈറ്റിനെ അവസാന നാളുകളിൽ നോക്കിയതിനു നന്ദി പറഞ്ഞതോടു കൂടി ആ വിവാദം അവസാനിച്ചു . പിന്നീടൊരിക്കലും ബ്ളാക്ക് ജാക്സൺ മീഡിയയ്ക്കു മുന്നിൽ വന്നില്ല . കിട്ടിയ പണം കൊണ്ട് തൻ്റെ കുട്ടിയെ അനാഥാലയത്തിൽ നിന്നും വീണ്ടെടുത്തു പഠിപ്പിച്ച അവൾ വീണ്ടും ഒരു വിവാഹം ചെയ്തു . അതിൽ മറ്റൊരു കുട്ടിയും ഉണ്ടായി . സകല പ്രശസ്തിയിൽ നിന്നും തിരക്കിൽ നിന്നും ഒഴിഞ്ഞു ജീവിച്ച അവർ “വനിതാ റോബിൻസൺ ക്രൂസോ ” എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് .

അവളുടെ പേരിൽ പുസ്തകം എഴുതിയുണ്ടാക്കി പഴയ സ്റ്റീഫൻസൺ കാശുണ്ടാക്കിയെങ്കിലും അവൾ ഒന്നും തന്നെ സ്വീകരിച്ചില്ല . വർഷങ്ങൾക്ക് ശേഷം അലാസ്‌ക്കയിലെ പാൽമെറിൽ 1983 മെയ് 29 ന് എൺപത്തിഅഞ്ചാം വയസിൽ, അഡ ബ്ളാക്ക് ജാക്ക് ജോൺസൺ തൻ്റെ സംഭവബഹുലമായ യാത്ര എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു .
പക്ഷെ റാങ്കൽ ദ്വീപിന് വേണ്ടിയുള്ള യുദ്ധം അവസാനിച്ചിരുന്നില്ല . അഡ പോയ സ്ഥലത്ത് മറ്റൊരു കൂട്ടർ എത്തി താമസമുറപ്പിച്ചു . പക്ഷെ 1924 ല്‍ സോവിയറ്റ് യൂണിയന്‍ ഇവരെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു ( ആ ദ്വീപില്‍ ജനിച്ച ഒരു കുട്ടിയും അപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്നു !! ) പിന്നീട് ചിലര്‍ കുറച്ചു റെയിന്‍ ഡീയറുകളെ ഇവിടെ കുടിപാര്‍പ്പിക്കുവാന്‍ ശ്രമിച്ചു . ഇറച്ചി കയറ്റുമതി ആയിരുന്നു ലക്‌ഷ്യം . അവസാനം 1976 ല്‍ ഇതൊരു പരിസ്ഥിതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ഒന്നൊഴികെ ബാക്കിയുള്ള സെറ്റില്‍മെന്റുകള്‍ ഒക്കെ കുടിയൊഴുപ്പിക്കുകയും മാനുകളെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു .

2004 ല്‍ UNESCO ഈ പ്രദേശം World Heritage List ല്‍ ഉള്‍പ്പെടുത്തി .
ഇന്ന് ഭൂമിയിൽ ഈ ദ്വീപിലാണ് ഏറ്റവും കൂടുതൽ ധ്രുവ കരടികൾ പ്രസവ കാലം കഴിച്ചു കൂട്ടുവാൻ തിരഞ്ഞെടുക്കുന്നത് . “Polar bear maternity ward” എന്നാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത് ! (world’s largest denning ground for polar bears). ഏകദേശം നാനൂറോളം അമ്മക്കരടികളെ ആണ് ഓരോ വര്‍ഷവും ഈ ദ്വീപില്‍ ‘അഡ്മിറ്റ്‌ ” ചെയ്യുന്നത് ! ഇവ കൂടാതെ Pacific walruses (കടല്‍ പശു ) ഇവിടെ ധാരാളം ഉണ്ട് . ഏഷ്യയില്‍ snow goose (Chen caerulescens) കൂട് കൂട്ടുന്നത്‌ ഈ ദ്വീപില്‍ മാത്രമാണ് ! arctic foxes നെ ഇവിടെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഇത്രയേറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാവാം ( കൂട്ടത്തില്‍ പ്രകൃതി വാതകവും ) ചില അമേരിക്കന്‍ ദേശീയ വാദികള്‍ ഈ ദ്വീപിനു അവകാശവാദം ചിലപ്പോഴൊക്കെ ഉന്നയിക്കുന്നത് . ജൂൾ വേണിന്റെ (Jules Verne) César Cascabel എന്ന നോവലിന്റെ പശ്ചാത്തലം ഈ ദ്വീപാണ്.