വിക്രാന്തും, വിശാലും; നമ്മുടെ ഭാവി വിമാനവാഹിനികൾ

ഋഷി ദാസ്. എസ്സ്.

കഴിഞ്ഞ അൻപത് കൊല്ലമായി തുടർച്ചയായി വിമാനവാഹിനികൾ സൈനികമായി വിന്യസിച്ചിട്ടുള്ള വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യു. എസ് ഉം ഫ്രാൻസുമാണ് ഇത്തരത്തിൽ വിമാന വാഹിനി വിന്യാസം നടത്തിയിട്ടുള്ള മറ്റു രാജ്യങ്ങൾ. നമ്മുടെ ആദ്യ രണ്ടു വിമാന വാഹിനികളും താരതമ്യേന ചെറിയ ബ്രിട്ടീഷ് നിർമിത വിമാനവാഹിനികളായിരുന്നു.

ഇപ്പോൾ നമ്മുടെ നാവികസേനയുടെ കൊടികപ്പൽ (flag ship ) ആയ ഐ.എൻ.എസ് വിക്രമാദിത്യ മുപ്പത് മിഗ് -29K പോർവിമാനങ്ങൾ വിന്യസിക്കപ്പെട്ടിട്ടുള്ള ഒരതിശക്തമായ വിമാനവാഹിനിയാണ്. പ്രഹരശേഷിയിൽ ഫ്രഞ്ച് വിമാന വാഹിനിയായ ചാൾസ് ഡി ഗാളിനു തുല്യമാണ് ഐ.എൻ.എസ് വിക്രമാദിത്യ.

ഇൻഡ്യാസമുദ്രത്തിൽ വരാനിടയുള്ള ഭീഷണികളെ നേരിടാൻ മൂന്ന് വിമാനവാഹിനികൾ അടങ്ങുന്ന ഒരു നാവികസേനയാണ് യുദ്ധകാര്യ വിദഗ്ധർ നമുക്ക് അഭികാമ്യമായി കരുതുന്നത്. നമ്മുടെ രാജ്യവും ആ ദിശയിലാണ് നീങ്ങുന്നത്. നിർമാണം ഏതാണ്ട് പൂർത്തിയാക്കിയ ഐ.എൻ.എസ് വിക്രമാദിത്യക്ക് സമാനമായ ഒരു വിമാന വാഹിനിയാണ് ഐ.എൻ.എസ് വിക്രാന്ത് (new ). രൂപകല്പനയുടെ അവസാനഘട്ടത്തിലിരിക്കുന്ന എൻ.എസ് വിക്രമാദിത്യയെക്കാൾ വലിപ്പമേറിയ വിമാന വാഹിനിയാണ് ഐ.എൻ.എസ് വിശാൽ.

ഐ.എൻ.എസ് വിക്രാന്ത് (new ) നെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ പരസ്യമായി ലഭ്യമാണ്. പക്ഷെ ഐ.എൻ.എസ് വിശാലിനെപ്പറ്റിയുള്ള വിവരങ്ങളിൽ ഇനിയും കൃത്യത കൈവന്നിട്ടില്ല . പോർ വിമാനങ്ങളുടെ പറന്നുയരലും( Take-Off), തിരിച്ചിറങ്ങലും (Recovery ) കൈകാര്യം ചെയ്യുന്നതനുസരിച്ച്‌ വിമാനവാഹിനികളെ പൊതുവെ STOBAR ( Short Take-Off But Arrested Recovery ) കാരിയറുകൾ എന്നും CATOBAR (Catapult Assisted Take-Off But Arrested Recovery ) കാരിയറുകൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. STOBAR കാരിയറുകളിൽ ഒരു ടേക്ക് ഓഫ് റാമ്പ്(take-offRamp ) ന്റെ സഹായത്തോടെ പോർവിമാനങ്ങൾ പറന്നുയരുന്നു . തിരിച്ചിറങ്ങുന്ന പോർവിമാനങ്ങൾ ബലവത്തായ ഒരു സ്റ്റീൽ കേബിളിൽ കൊരുത്ത് പിടിച്ചു നിർത്തുന്നു .

CATOBAR കാര്യറുകളിൽ ഒരു സ്റ്റീമ് കാറ്റപുലറ്റ് ന്റെ സഹായത്തോടെ പോർവിമാനങ്ങൾ വിക്ഷേപിക്കുന്നു. തിരിച്ചിറങ്ങുന്ന പോർവിമാനങ്ങൾ ബലവത്തായ ഒരു സ്റ്റീൽ കേബിളിൽ കൊരുത്ത് പിടിച്ചു നിർത്തുന്നു . ഭാരമേറിയ പോർവിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിന് CATOBAR സമ്പ്രദായമാണ് നല്ലത്. പക്ഷെ CATOBAR സങ്കേതം വളരെ സങ്കീർണ്ണവുമാണ്. STOBAR സമ്പ്രദായമാകട്ടെ വളരെ സങ്കീർണ്ണത കുറഞ്ഞതാണ്.

അമേരിക്കൻ സൂപ്പർ കാര്യറുകളും, ഫ്രഞ്ച് കാരിയർ ആയ ചാൾസ് ഡി ഗാളും CATOBAR സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. നമ്മുടെ എൻ.എസ് വിക്രമാദിത്യയും റഷ്യയുടെ അഡ്മിറൽ ഗ്രോഷ്കോവും STOBAR സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. എൻ.എസ് വിക്രാന്ത് ഒരു STOBAR കാരിയർ ആണ്. വിസ്ഥാപനത്തിലും വഹിക്കുന്ന പോർ വിമാനങ്ങളുടെ എണ്ണത്തിലും എൻ.എസ് വിക്രമാദിത്യക്ക് സമാനമാണ് എൻ.എസ് വിക്രാന്ത്. 2009 ലാണ് ഐ.എൻ.എസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഇപ്പോൾ നിർമാണ ഘട്ടത്തിലിരിക്കുന്ന ഈ വിമാന വാഹിനി 2023 ൽ നാവിക സേനയിൽ കമ്മീഷൻ ചെയ്യും എന്നാണ് കരുതപ്പെടുന്നത്. നാം രൂപകല്പനചെയ്തു നിർമിക്കുന്ന ആദ്യ വിമാന വാഹിനിയാണ് എൻ.എസ് വിക്രാന്ത്. ഏറ്റവും സങ്കീർണമായ എഞ്ചിനീയറിങ് പ്രവർത്തികളിൽ ഒന്നാണ് വിമാന വാഹിനികളുടെ രൂപകൽപ്പനയും നിർമാണവും. അതിനാൽ തന്നെ എൻ.എസ് വിക്രാന്തിന്റെ നിർമാണത്തിൽ കാര്യമായ പ്രയാസങ്ങളും കാലതാമസവും ഉണ്ടായിട്ടുണ്ട്.

ചെലവിലും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. പണിതീർന്ന ഐ.എൻ.എസ് വിക്രാന്തിന് നാല് ബില്യൺ ഡോളറിനു മുകളിൽ നിർമാണ ചെലവ് വരാനാണ് സാധ്യത. 40000 ടൺ വിസ്ഥാപനമുള്ള ഗ്യാസ് ടർബൈൻ കൊണ്ട് പ്രവർത്തിക്കുന്ന ഒരു വിമാനവാഹിനിയാണ് ഐ.എൻ.എസ് വിക്രാന്ത്. മുപ്പതിലധികം മിഗ് -29K പോർ വിമാനങ്ങളും പത്തിലേറെ കാമോവ് ആന്റി സബ്മറൈൻ ഹെലികോപ്റ്ററുകളും( Kamov Ka-31) അടങ്ങുന്നതാണ് വിക്രാന്തിന്റെ വ്യോമ വ്യൂഹം. ബാരാക്-8 വ്യോമവേധ സംവിധാനവും വിക്രയണത്തിലുണ്ടാവും.1500 ലേറെ വ്യോമ /നാവിക സൈനിക ഉദ്യോഗസ്ഥർ അടങ്ങുന്നതാവും വിക്രാന്തിലെ സൈനിക വിന്യാസം.

പ്ലാനിങ്ങിന്റെ അവസാന ഘട്ടത്തിലുള്ള ഒരു കരുത്തേറിയ ഒരിന്ത്യൻ വിമാന വാഹിനിയാണ് ഐ.എൻ.എസ് വിശാൽ. ഇത് ഒരു CATOBAR വിമാനവാഹിനിയാകാനാണ് സാധ്യത. 65000 ടണ്ണിലധികം വിസ്ഥാപനം ഐ.എൻ.എസ് വിശാ ലിനുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. 2015 ൽ ഈ വിമാന വാഹിനിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക വകയിരുത്തപ്പെട്ടു. അതിൽനിന്നു തന്നെ സൈനിക തലത്തിൽ ഈ വിമാന വാഹിനിയുടെ പ്രത്യേകതകൾ തീരുമാനിക്കപ്പെട്ടു എന്നും ,നിർമാണം തുടങ്ങി കഴിഞ്ഞു എന്നും അനുമാനിക്കാം ( ref-2). ആണവ ശക്തികൊണ്ടാവും ഐ.എൻ.എസ് വിശാൽ പ്രവർത്തിക്കുക എന്നാണ് മുൻപ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ കരുതപ്പെടുന്നത് ഇന്റെഗ്രിറ്റിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ ആവും ഐ.എൻ.എസ് വിശാലിൽ വിന്യസിക്കപ്പെടുക എന്നാണ്.

തേജസിന്റെ നാവിക വകഭേദമോ ,മിഗ്-29K യോ ,റാഫേൽ-M നാവിക പോർ വിമാനമോ ഐ.എൻ.എസ് വിശാലിൽ വിന്യസിക്കാൻ ആവും. 2030 ഓടുകൂടി ഐ.എൻ.എസ് വിശാൽ കമ്മീഷൻ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. അപ്പോഴേക്ക് FGFA യോ തദ്ദേശീയമായ അഞ്ചാം തലമുറ പോർവിമാനമോ രംഗത്തിറക്കാനായാൽ അവയുടെ നാവിക പതിപ്പുകളെയും ഐ.എൻ.എസ് വിശാലിൽ പ്രതീക്ഷിക്കാം .

PS:വിമാനവാഹിനികളുടെ നിർമാണം ഏറ്റവും സങ്കീർണമായ എഞ്ചിനീയറിങ് ദൗത്യങ്ങളിൽ ഒന്നാണ് .നൂറുകണക്കിന് സംവിധാനങ്ങളും( systems) ആയിരക്കണക്കിന് ഉപസംവിധാനങ്ങളും ( sub systems)അടങ്ങുന്നതാണ് ഒരു വിമാനവാഹിനി .ബാഹ്യ രൂപവും സംവിധാനങ്ങളും ഈ സംവിധാനങ്ങളുടെ ഒരു ഭാഗം മാത്രം. ഒരു വിമാന വാഹിനിയുടെ നിർമാണം എന്നത് അതിന്റെ സ്റ്റീൽ സ്ട്രക്ച്ചർ(super structure ) നിർമിക്കുന്നത് മാത്രമല്ല .അതിൽ സേവനം അനുഷ്ഠിക്കേണ്ട ആയിരത്തിലധികം സൈനികർക്ക് കുടിവെള്ളം ഒരുക്കേണ്ട സംവിധാനങ്ങൾ മുതൽ പല ആവൃത്തികളിൽ പ്രവർത്തിക്കുന്ന റഡാർ സംവിധാനങ്ങൾ വരെ ഒരു വിമാന വാഹിനിയുടെ ഭാഗമാണ്. ഇവയെല്ലാം വിമാന വാഹിനിയുടെ സ്റ്റീൽ സ്ട്രക്ച്ചർ നിർമിച്ചതിനു ശേഷമല്ല നിർമിക്കുന്നത്. പലപ്പോഴും അനുബന്ധ സംവിധാനങ്ങളുടെ നിർമാണം ചട്ടക്കൂടിന്റെ നിർമാണത്തിനും വർഷങ്ങൾക്ക് മുൻപ് ആരംഭിക്കും.