വിംബിള്‍ഡണ്‍; സെറീനയെ വീഴ‌്ത്തി റുമാനിയന്‍ താരം സിമോണ ഹാലെപിന‌് കിരീടം


റുമാനിയന്‍ താരം സിമോണ ഹാലെപിന‌് വിംബിള്‍ഡണ്‍ ടെന്നീസ‌് കിരീടം. വനിതാ സിംഗിള്‍സ‌് ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെ 56 മിനിറ്റില്‍ തകര്‍ത്തുവിട്ടു. സ‌്കോര്‍: 6–2, 6–2. പുരുഷ ഫൈനലില്‍ ഇന്ന‌് വൈകിട്ട‌് 6.30ന‌് റോജര്‍ ഫെഡറര്‍ നിലവിലെ ചാമ്ബ്യന്‍ നൊവാക‌് യൊകോവിച്ചിനെ നേരിടും. 

ഇരുപത്തിനാലാം ഗ്രാന്‍ഡ‌്സ്ലാം കിരീടത്തിനായി സെറീന ഇനിയും കാത്തിരിക്കണം. അമ്മയായതിനുശേഷമുള്ള ആദ്യ കിരീടം തേടുന്ന മുപ്പത്തേഴുകാരിക്ക‌് കഴിഞ്ഞ വിംബിള്‍ഡണിലും യുഎസ‌് ഓപ്പണിലും ഫൈനലില്‍ അടിതെറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച‌് കിരീട ജേതാവായ ഹാലെപ‌് സെറീനയ‌്ക്കെതിരെ തുടക്കത്തിലേ കളി പിടിച്ചു. മുമ്ബ‌് പത്ത‌ുതവണ ഏറ്റുമുട്ടിയതില്‍ ഒമ്ബത‌് പ്രാവശ്യവും തോറ്റതിന്റെ ആശങ്കയുമില്ലാതെയാണ‌് റുമാനിയക്കാരി റാക്കറ്റേന്തിയത‌്. സെറീനയുടെ സര്‍വുകള്‍ക്ക‌് വേഗമില്ലായിരുന്നു. റിട്ടേണുകളിലും കളത്തിലെ നീക്കങ്ങളിലും പിഴച്ചു. ഹാലെപാകട്ടെ കളം നിറഞ്ഞുകളിച്ചു. ഹാലെപിന്റെ രണ്ടാം ഗ്രാന്‍ഡ‌്സ്ലാം കിരീടമാണിത‌്. 

ഒരു വര്‍ഷത്തിനിടയിലെ മൂന്നാം ഫൈനലിലും കിരീടമില്ലാതെയാണ‌് സെറീന മടങ്ങിയത‌്. 2017ല്‍ ഓസ‌്ട്രേലിയന്‍ ഓപ്പണ്‍ നേടിയ സെറീന പ്രസവശേഷം കഴിഞ്ഞ വര്‍ഷമാണ‌് കളത്തില്‍ തിരിച്ചെത്തിയത‌്. വിംബിള്‍ഡണ്‍ നേടി 24 ഗ്രാന്‍ഡ‌്സ്ലാമെന്ന ഓസ‌്ട്രേലിയക്കാരി മാര്‍ഗരറ്റ‌് കോര്‍ടിന്റെ അപൂര്‍വ നേട്ടത്തിനൊപ്പമെത്താനായിരുന്നു ശ്രമം.