വാഹനങ്ങള്‍ക്കുള്ള ഫാന്‍സി നമ്പറുകള്‍ ഇനി ഓണ്‍ലൈന്‍ ലേലത്തിലൂടെ

വാഹന ഫാന്‍സി നമ്ബരിനുള്ള സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ലേലം ആരംഭിച്ചു. വാഹന്‍ സാരഥി കേന്ദ്രീകൃത സോഫ്റ്റ്വേര്‍ സജ്ജീകരിച്ചിട്ടുള്ള തിരുവനന്തപുരം ആര്‍.ടി. ഓഫീസിലാണ് ആദ്യ ലേലം നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ആരംഭിച്ച ലേലം, തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് അവസാനിക്കും.ശിവരാത്രിദിനമായ തിങ്കളാഴ്ച ഓഫീസ് അവധിയാണ്. എന്നാല്‍, ലേലനടപടികളെ ബാധിക്കില്ല. കൂടുതല്‍ തുക മുടക്കിയവര്‍ക്ക് നമ്ബര്‍ ലഭിക്കും. ശേഷിക്കുന്ന തുക ഓണ്‍ലൈനില്‍ അടയ്ക്കുകയും ചെയ്യാം.

കെ.എല്‍.01 സി.കെ. 6060, സി.കെ. 7484 എന്നീ നമ്ബരുകള്‍ക്കുവേണ്ടിയാണ് ആദ്യ ലേലം നടക്കുന്നത്. എത്രപേര്‍ മത്സരിക്കുന്നുവെന്നത് രഹസ്യമാണ്. തിങ്കളാഴ്ച പത്തുമണിയോടെ മാത്രമേ അന്തിമഫലം വ്യക്തമാകുകയുള്ളൂ. ഉയര്‍ന്ന തുക വാഗ്ദാനംചെയ്തവര്‍ക്ക് നമ്ബര്‍ അനുവദിച്ചുകൊണ്ട് ഓണ്‍ലൈനില്‍ വിവരം ലഭിക്കും.

ഓഫീസുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല. കെ.എല്‍.01 സി.കെ 5101 മുതല്‍ 7500 വരെയുള്ള നമ്ബരുകളാണ് ആദ്യഘട്ടത്തില്‍ ബുക്കിങ് അനുവദിച്ചിരുന്നത്. 17 ഫാന്‍സി നമ്ബരുകളാണ് ഈ ശ്രേണിയിലുള്ളത്. അരലക്ഷം രൂപ വിലയുള്ള 5555 മുതല്‍ കാല്‍ലക്ഷം രൂപ വിലയുള്ള അഞ്ച് നമ്ബരുകളും ഇക്കൂട്ടത്തിലുണ്ട്. മറ്റു നമ്ബരുകള്‍ക്ക് 3000 രൂപയാണ് അടിസ്ഥാനവില.