വാഴപ്പഴങ്ങള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കും:പഠനം

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ സസ്യങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ഇരയാകാന്‍ പോകുന്ന സസ്യങ്ങളിലൊന്നാണ് വാഴ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റര്‍ നടത്തിയ പഠനത്തെക്കുറിച്ചുള്ള ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബ്ലാക്ക് സിഗാറ്റോക്ക എന്ന ഫംഗൽ രോഗത്തിന് കാലാവസ്ഥ വ്യതിയാനം കാരണമാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഫലത്തെയാണ് ഇത് ബാധിക്കുന്നത്. ഈ രോഗത്തെ തുടർന്ന് വാഴപ്പഴങ്ങൾ ഉപയോഗ ശൂന്യമാകുന്നുവെന്നാണ് ഇതിൽ പറയുന്നത്.

ജലാംശത്തിന്റെ അളവിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ഫംഗൽ രോഗത്തിന്റെ സാധ്യത ഏറെ വർധിപ്പിക്കുന്നുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. മറ്റിടങ്ങളെ അപേക്ഷിച്ച് ലാറ്റിൻ അമേരിക്ക, കാരീബിയ എന്നിവിടങ്ങളിൽ ഈ രോഗത്തിന് സാധ്യത 44 ശതമാനം വരെ കൂടുതലാണെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. വാഴ ഇലകൾ നശിച്ച് തുടങ്ങുന്നതോടെയാണ് ഫംഗസ് ബാധ വ്യക്തമാകുന്നതെന്നും പഠനം പറയുന്നു.