വായ്പ തിരിച്ചടവിനെച്ചൊല്ലി തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ വി.ജെ.ജോസ് കുഴഞ്ഞുവീണു മരിച്ചു

എറണാകുളം: വായ്പ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിൽ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ വി.ജെ.ജോസ് കുഴഞ്ഞുവീണുമരിച്ചു. സ്വകാര്യബാങ്കില്‍ നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. തര്‍ക്കത്തിനിടെയാണ് മരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

കഴിഞ്ഞദിവസം മുതല്‍ സി.സി. പിടിക്കാനായി ചിലര്‍ വീട്ടിലെത്തിയിരുന്നു. വായ്പ തിരിച്ചടക്കാമെന്ന് ജോസ് അറിയിച്ചിരുന്നെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഈ സംഘം വീണ്ടുമെത്തുകയും ജോസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെയാണ് ജോസ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.