വായും പൊളിച്ചു നിൽക്കുന്ന ഒരു അഗ്നി പർവ്വതത്തിലേയ്ക്ക് നടന്നു കേറി, പകച്ചു പോയ ഞാൻ!!

തഫ്‌നിത ഫൈസൽ 

പ്രണയം തേടിയുള്ള ജീവിതയാത്ര ചെന്നെത്തിയത് യാത്രകളോടുള്ള അഗാധമായ പ്രണയത്തിലേക്ക്. ആ ലഹരിയ്ക്ക് അടിമപ്പെട്ടവർ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. അതിൽ നിന്നും ഒരിക്കലും മോചനം നേടാറുമില്ല. അങ്ങനെ വട്ടു മൂത്തു ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ട ഒരു മാസം. കാര്യമായ മുൻകരുതലോ പ്ലാനിംഗോ ഇല്ലാതെ ഒരു ബാഗും എടുത്തു, ഇന്തോനേഷ്യയിലേക്കുള്ള ടിക്കറ്റും രണ്ടു ദിവസം താമസിക്കാനുള്ള ഹോസ്റ്റൽ അഡ്രസ്സും കൈയിൽ എടുത്തു ഇറങ്ങി. മുന്നിൽ പരപരാന്നു നീണ്ടു കിടക്കുന്ന 27 ദിവസങ്ങൾ . ആകെ ഉള്ള ഒരാശ്വാസം പോകുന്ന രാജ്യങ്ങളിൽ, അവരുടെ കറൻസിയ്ക്ക് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണെന്നും ചെലവ് കുറഞ്ഞതാണെന്നും ഉള്ള അറിവാണ്.

എല്ലാം വരുന്നിടത്തു വെച്ച് കാണാം തഫ് എന്ന് ഇടയ്ക്കിടയ്ക്ക് ധൈര്യം തരുന്ന ഒരു മനസ്സുമായി ബാംഗ്ലൂരിൽ നിന്നും യാത്ര തുടങ്ങി.

ആകാശത്തോടും, കാടുകളോടും, മലകളോടും പർവ്വതങ്ങളോടും ഉള്ള അഭിനിവേശം എന്നെ ചെറിയ ട്രെക്കെർ ആക്കി എന്നേ മാറ്റിയിരുന്നു. അതുകൊണ്ടു തന്നെ യാത്രകളുടെ ഇടയിൽ ട്രെക്കിങ്ങ് പോയിന്റുകൾ അന്വേഷിക്കാറുണ്ട്. അങ്ങനെ എത്തി പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ. ഒരു അഗ്നിപർവ്വതമേടയിലേക്ക്….

സജീവ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സൗത്ത് ഈസ്റ്റ് ഏഷ്യയിലെ രണ്ടു ദ്വീപുകൾ ആണ് ഇന്തോനേഷ്യയിലെ ബാലിയും ജാവ ദ്വീപും. ബാലിയിലെ മൌണ്ട് അഗങ് 2-3 മാസം മുൻപേ ആക്റ്റീവ് ആയതു കൊണ്ട് ട്രെക്കിങ്ങ് നിരോധിച്ചിരുന്നു. മൌണ്ട് ബത്തൂർ വർഷങ്ങൾ ആയിട്ട് അനക്കമില്ലാത്തതു കൊണ്ട്, അവിടെ ട്രെക്കിങ്ങ് അനുവദനീയമാണ്. അവസാനമായി നടന്ന സ്‌ഫോടനം 2000 ൽ ആണ്.  രണ്ടു അഗ്നി പർവ്വതങ്ങളും അതിനിടയിൽ ഒഴുകുന്ന മനോഹരിയായ ബത്തൂർ നദിയും, നദിയുടെ തീരത്തുള്ള ചെറിയൊരു പട്ടണവും. പക്ഷെ ഫോട്ടോ യിൽ കാണുന്ന മൌണ്ട് അഗങ് ഇപ്പോഴും ആക്റ്റീവ് ആണ്. ഈ ജനുവരിയിൽ, പൊട്ടിത്തെറിച്ചു പുകയും ചാരവും 700 മീറ്റർ വരെ വ്യാപ്‌തിയിൽ എത്തിയെന്നു പറയുന്നു.

2019 ൽ ഇനിയും പൊട്ടിത്തെറി ഉണ്ടാവുമെന്നാണ് പറയുന്നത് . ബത്തൂരിൽ അങ്ങിങ്ങായി മാത്രമേ മണ്ണിനു ചൂടും വിടവുകളിൽ നിന്നും പുകയും വരുന്നുള്ളു.
രാത്രി 2 മണിക്ക് ആരംഭിച്ചു, പുലർച്ചെ പർവ്വത മുകളിൽ എത്തി സൂര്യോദയം കണ്ടു തിരിച്ചിറങ്ങാം. ബാലിയിലെത്തി രണ്ടാമത്തെ ദിവസം ആണ് ഈ വോൾക്കാനോ ട്രെക്കിങ്ങ്നെ കുറിച്ച് അറിഞ്ഞത്. ഒറ്റയ്ക്ക് ആയതു കൊണ്ടു, തൊട്ടടുത്ത് കണ്ട ഒരു ട്രാവൽ ഏജൻസിയിൽ കേറി വിവരങ്ങൾ അന്വേഷിച്ചു. അന്ന് രാത്രി ട്രെക്കിങ്ങ് ചെയ്യുന്ന ഗൈഡിനെ തപ്പിപിടിച്ചു. സംഭവം ഉഷാറാക്കി. അന്ന് രാത്രി തന്നെ ഹോം സ്റ്റേയിലേക്ക് അവർ കാർ അയച്ചു. ബാലിനീസ് ആൾക്കാർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവരും വിശ്വസിക്കാൻ പറ്റുന്ന കൂട്ടർ ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടും ഉള്ളിൽ വന്ന ഭയം ഒളിപ്പിച്ചു ഞാൻ രാത്രി കാറിൽ കേറി. കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ ട്രെക്കേഴ്സ്മാരെ കാണാതെ ആയപ്പോൾ ഒന്ന് പരുങ്ങി. ഡ്രൈവർ പറഞ്ഞത് അവരുടെ താമസ സ്ഥലങ്ങളിൽ പോയി കൂട്ടണം എന്നായിരുന്നു. അങ്ങനെ 2 മണി ആയപ്പോൾ, എല്ലാവരെയും കൂട്ടി യാത്ര തിരിച്ചു കിൻറാമണി (Kintamani) എന്ന സ്ഥലത്തേയ്ക്ക്.

പാരീസിൽ നിന്നും സ്പെയിനിൽ നിന്നും എത്തിയ രണ്ടു ദമ്പതിമാരും പിന്നെ ഇറ്റലിയിൽ നിന്നും വന്ന ഒരു 60 കഴിഞ്ഞ അപ്പാപ്പനും,10 വയസ്സുള്ള കൊച്ചുമോനും. അതായിരുന്നു എന്റെ ടീം.

പകൽ സമയങ്ങളിൽ ചുട്ടു പൊള്ളുന്ന ബാലിയുടെ കാലാവസ്ഥ രാത്രി നേരെ തിരിച്ചായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ഒന്നും തന്നെ എടുത്തിരുന്നില്ല. കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു നേരിയ ജാക്കറ്റ്. ആരും പ്രതീക്ഷിച്ചില്ല അസഹനീയമായ തണുപ്പ്. ഇടയ്ക്ക് ചെറിയൊരു കടയിൽ നിർത്തി. ഓംലറ്റ് – ബ്രഡ് കഴിക്കാൻ. തണുപ്പ് സഹിക്കാൻ വയ്യാതെ ഞാൻ നേരെ വിട്ടത് അവരുടെ അടുക്കളയിലേക്ക്. കുറച്ചു കട്ടൻചായ ഉണ്ടാക്കി തരോന്നു ചോദിക്കാൻ, കൂടെയുള്ളവർക്കും വേണം. അവസാനം എല്ലാവർക്കും ഓരോ ബ്ലാക്ക് കോഫി ഉണ്ടാക്കികൊടുത്തു. തൽക്കാല ആശ്വാസമായി.

പൊതുവെ സംസാരിക്കാൻ ഇഷ്ടമുള്ളത് കൊണ്ട് കാറിൽ എല്ലാവരോടും കത്തി വെച്ച് ഇരുന്നു .ഒരു ഇൻഡോ-ഫ്രാൻസ്-സ്പെയിൻ സംഗമം ആയിരുന്നു. സ്പെയിൻകാർ ഹണിമൂൺ ട്രിപ്പിൽ ആയതു കൊണ്ട് അത്യാവശ്യം നല്ല പ്രണയരംഗങ്ങൾ ചൂടോടെ ഇടയ്ക്കിടയ്ക്ക് സമ്മാനിക്കുന്നുണ്ടായിരുന്നു. സത്യം പറയാല്ലോ ആ സമയത്തു ഞാൻ ആകെ ഓർത്തത്: “പടച്ചോനെ ഫ്രഞ്ച് ടീം ന്റെ കണ്ട്രോൾ കളയല്ലേ. ഇല്ലെങ്കിൽ ഞാൻ പോസ്റ്റ് ആയി വായും പൊളിച്ചു ഇരിക്കേണ്ടി വരും..”

രാത്രി 3 മണിക്ക് ബത്തൂർ പർവ്വതത്തിന്റെ ബേസ് ക്യാമ്പിൽ എത്തിയ ഞങ്ങൾക്ക് ഒരു ഗൈഡിനെ തന്നു. 25 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി. കുറച്ചു ടീമ്സ് വേറെ ഉണ്ടായിരുന്നു. അവിടത്തുകാരുടെ വിശ്വാസം അനുസരിച്ചു ട്രെക്കിങ്ങ് തുടങ്ങുന്നതിനു മുൻപ്, അവർ ആരതി ഉഴിഞ്ഞു പ്രാർത്ഥന നടത്തും. കൂടെയുള്ള ഞങ്ങൾ വിശ്വാസികൾ അല്ലാത്തതു കൊണ്ട് ഫോട്ടോ എടുപ്പിൽ മുഴുകി. ചുറ്റും കൂരാകൂരിരുട്ടു. ഹെഡ്‍ലൈറ്റിന്റ വെളിച്ചത്തിൽ കാണുന്ന കാഴ്ചയെ നമുക്ക് മുന്നിൽ ഉള്ളു. താഴ്വരയിൽ അവരുടെ കൃഷിയിടങ്ങൾ ആയിരുന്നു. സവാള,ഉള്ളി,കാബേജ്,തക്കാളി തുടങ്ങിയ പച്ചക്കറികളുടെ തോട്ടം ഒരു വശത്തു കാണാം. മറ്റേ വശത്തു മുഴുവൻ പാറകളും. വഴികൾ പതുക്കെ ഇടുങ്ങി തുടങ്ങി. ഞാൻ ഒറ്റയ്ക്ക് ആയതു കൊണ്ടാണെന്നു തോന്നുന്നു. ഫ്രഞ്ച് ചെറുപ്പക്കാരനും പെൺകുട്ടിയും   ഇടയ്ക്കിടയ്ക്ക് എന്റെ പേര് (thaf) വിളിച്ചു ഞാൻ കൂടെ ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടായിരുന്നു.

കുത്തനെ കേറാൻ തുടങ്ങി. മുകളിലേക്ക് നോക്കിയാൽ മിന്നാമിനുങ്ങുകളേ പോലെ, ഒരു കൂട്ടം മനുഷ്യർ, പല പല സ്ഥലങ്ങളിൽ നിന്നും എത്തിയ അപരിചിതർ, ഒരേ ദിശയിലേക്ക്, ഒരേ ലക്ഷ്യത്തോടെ പ്രയാണം ചെയ്യുന്ന കാഴ്ച, നക്ഷത്രങ്ങൾ ഭൂമിയിൽ എത്തി പറന്നു നടക്കുന്ന പോലെ അവരുടെ ഹെഡ്‍ലൈറ്റ് മാത്രം കാണാം. പേടിപ്പെടുത്തുന്ന ഇരുട്ടും ഇടുങ്ങിയ വഴികളും ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന നിശ്വാസങ്ങളും, പരിചയമില്ലാത്ത സംസാരങ്ങളും മാത്രം ചുറ്റും. കാടും മലയും കാണുമ്പോൾ നിശബ്ദമാവുന്ന ഒരു മനസും, മനസിലൂടെ മിന്നി മറയുന്ന മുഖങ്ങളും, ചിന്തകളും നിറഞ്ഞ എന്റേതായ ലോകത്തിലേക്ക് നിശബ്ദയായി.

കാല് വേദനിച്ച് തുടങ്ങി, കാരണം മണ്ണിന്റെ ഘടന മാറിക്കൊണ്ടിരിക്കുന്നു. ഉറച്ച മണ്ണ് മാറി, ഇളകിയ വോൾകാനോ മണ്ണ് കണ്ടു തുടങ്ങി. ഓരോ അടി വെക്കുമ്പോൾ താഴേക്ക് കുഴിഞ്ഞുപോയി, ഗ്രിപ് കിട്ടാതായി. വഴികൾ ദുഷ്കരമായതു കൊണ്ടാണോ മുൻപേ പോയവർക്ക് കേറാൻ പറ്റാഞ്ഞിട്ടാണോ, അതോ വേഗതയില്ലാഞ്ഞിട്ടാണോ, ഇടയ്ക്കിടയ്ക്ക് നിന്ന് നിന്ന് ആണ് മുകളിലേക്ക് കേറിയതു. ചുരുക്കി പറഞ്ഞാൽ അവിടെയും ട്രാഫിക് ബ്ലോക്ക്.

എങ്ങനെയെങ്കിലും സൂര്യോദയത്തിനു മുൻപ് മുകളിൽ എത്തണം എന്ന ചിന്തയിൽ കൂടെ ഉള്ളവരോട് പറഞ്ഞു, ഞാൻ നൂണ്ടു നൂണ്ടു എല്ലാവരുടെയും ഇടയിലൂടെ ഓവർടേക് ചെയ്തു മുന്നിലേക്ക് പോയി. ചെന്നു പെട്ടത് ചൈനീസ് ടീമിന്റെ കൂടെ. എന്നെ ഒറ്റയ്ക്ക് കണ്ടത് കൊണ്ടാവണം. എങ്ങോട്ടാണാവോ ചേച്ചി ഒറ്റയ്ക്ക് ? എന്ന ഭാവത്തിൽ ഗൈഡ് കാര്യം അന്വേഷിച്ചു. ഗൈഡ് ഇല്ലാതെ കേറാൻ പറ്റില്ലാന്നു പറഞ്ഞു, അയാൾ നിർബന്ധിച്ചു കൂടെ കൂട്ടി. അവരിൽ നിന്നും മുങ്ങാൻ സമ്മതിച്ചില്ല. ചൈനീസ് ടീമിന് അതത്ര പിടിച്ചില്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല. ആകാശത്തിന്റെ നിറം മാറി, ചുവപ്പ് കീറി തുടങ്ങി. ഇരുട്ടിന്റെ കാഠിന്യത്തിൽ ചുറ്റും ഉള്ളതിന്റെ ഭീകരതയോ മനോഹാരിതയോ അത് വരെ അറിഞ്ഞിരുന്നില്ല. മാനം ചുവന്നു തുടങ്ങി. നീലയും ചുവപ്പും കലർന്ന വെളിച്ചത്തിൽ മേഘങ്ങൾക്ക് ഉള്ളിൽ നിന്നും മറ നീക്കി തൊട്ടടുത്തഉള്ള അഗ്നിപർവ്വതം (മൌണ്ട് അഗ്ങ് )കാഴ്ച്ചയിൽ തെളിഞ്ഞു തുടങ്ങി. അതിനു താഴെ ഒഴുകുന്ന ബത്തുർ നദിയും ആ പട്ടണവും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് തെളിഞ്ഞു വരുന്ന ആ ചിത്രം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു.

പീക്ക് ലേക്ക് എത്തും മുൻപേ ഒരു നിരപ്പായ സ്ഥലത്തു എത്തി. അതൊരു വ്യൂ പോയിന്റ് ആയിരുന്നു. മിക്കവാറും എല്ലാവരും ട്രെക്കിങ്ങ് അവിടെ നിർത്തി ഉദയസൂര്യനെ കാത്തിരുന്നു വിശ്രമിക്കുന്നു. അപ്പോഴേക്കും എന്റെ ഗൈഡും ടീമും എത്തിയിരുന്നു. കൂട്ട് വിട്ടു പോവരുതെന്നു ആ പെൺകുട്ടി എന്നെ കർശനമായി ശാസിച്ചു. അവരും കയറ്റം നിർത്താനുള്ള ഉദ്ദേശ്യത്തിലായിരുന്നു. എനിക്ക് Peak ലേക്ക് കേറണം എന്ന ആഗ്രഹവും. ഇവിടെ വരെ വന്നിട്ട് കേറാതെ പോയാൽ, അത് ഓർത്തിട്ട് എനിക്ക് സങ്കടവും ദേഷ്യവും വന്നു. സൂര്യോദയത്തിനു വെറും 15-20 മിനിറ്റ് കൂടിയെ ഉണ്ടായിരുന്നുള്ളൂ. എന്റെ ആവേശം കണ്ടിട്ടാണോ,ഫ്രഞ്ച് ചെറുപ്പക്കാരൻ എന്നെ സപ്പോർട്ട് ചെയ്തു. അവസാനം ഞങ്ങൾ പീക്കിലേക്ക് കേറിതുടങ്ങി.എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും എന്നെ ചതിക്കില്ല എന്ന ഒറ്റവിശ്വാസം ഉള്ളത് കൊണ്ട്, വേഗത കൂട്ടി, വെപ്രാളത്തോടെ, കുഴഞ്ഞ മണ്ണിൽ കാലു ഉറപ്പിക്കാൻ പറ്റാതെ ബാലൻസ് തെറ്റി വീണും,ഉരുണ്ടു പിരണ്ടാണ് ഞങ്ങൾ മൂന്നുപേരും ഗൈഡും മുകളിൽ എത്തിയത്. ക്ഷീണിച്ചു വിയർത്തു കുളിച്ചു ആ തണുപ്പിലും. സമയം ഉണ്ടെങ്കിൽ പതുക്കെ കേറാവുന്ന ഒരു ഈസി ട്രാക്ക് ആണത്.

പറയാൻ വാക്കുകളില്ല, സ്വർഗം നേരിട്ട് കാണാത്തതു കൊണ്ടും, അറിയാത്തതു കൊണ്ടും സ്വർഗം തന്നെ ആണ് ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞത് എന്ന് വിശ്വസിക്കുക ആയിരുന്നു ഞാൻ. പ്രപഞ്ചത്തിന്റെ നിഗൂഡതയിൽ നിന്നും ഒരു ചുവന്ന പൊട്ടു പോലെ ഭൂമിയിലേക്ക് വരുന്ന സൂര്യൻ, അതൊരു പൊൻവെളിച്ചം ആയി മാറി, ഭൂമിക്ക് മുഴുവൻ പ്രകാശം പകരുന്ന, കത്തി ജ്വലിച്ചു തീഗോളമായി മാറുന്ന കാഴ്ച്ച, അത് കാണുന്നതോ അതേ പോലൊരു ഒരു തീഗോളത്തെ തന്റെ അടിത്തട്ടിൽ ഒളിപ്പിച്ച് വെച്ച് തൽക്കാല ശാന്തതയിൽ കഴിയുന്ന ഒരു അഗ്നിഗോപുരത്തിന് മുകളിൽ ഇരുന്നു.

പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ വെറും പുഴുക്കൾ ആണല്ലോ എന്ന ചിന്ത മനസിലൂടെ പാഞ്ഞു പോയി. കുറെ നേരം എല്ലാവരും നിശബ്ദമായി ഇരുന്നു. കാറ്റിന്റെ ശക്തിയിൽ തണുപ്പിന്റെ കാഠിന്യം കൂടി ഇരിക്കാൻ പറ്റാതെ ആയി. മുകളിൽ  ചെറിയൊരു ദാബ കണ്ടു. അത്ഭുതം എന്ന് പറയട്ടെ അവിടെ കിട്ടുന്നത് നുമ്മടെ സ്വന്തം സുലൈമാനി!! ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത്ത് ഉണ്ടെന്നു പറയുന്നപോലെ, അത് കുടിചിരുന്നപ്പോൾ, മേഘങ്ങൾ കൊണ്ട് മൂടിയ താഴ്വരയും, നദിയും പർവ്വതവും നിറഞ്ഞ മുന്നിലെ ലോകം ഇങ്ങനെ പതുക്കെ വന്നു നിന്നു. യാത്രയോടുള്ള മൊഹബത്തിന് ആഴം പിന്നേം കൂടി. നല്ല ചൂട് ചായ കിട്ടിയ സന്തോഷത്തിൽ ഓടി ചാടി നടന്നു കുറേ ഫോട്ടോസ് എടുത്തു.

ആ Summit പോയിന്റിൽ ഒരു പ്രതിഷ്ഠപോലെ, ചെറിയ ഒരു ഇരിപ്പിടം. അതിനു ചുറ്റും കുറേ കുരങ്ങുകളും. എന്തോ ആർക്കും പേടിയില്ല . കുരങ്ങുകൾ അവരുടെ ലോകത്തു ഓടിച്ചാടി നടക്കുന്നു. നമ്മൾ നമ്മുടെ ലോകത്തും. നമ്മുടെ മുന്നിലൂടെ ഏതെങ്കിലും വലിയ ഒരു കുരങ്ങു ആ ഇരിപ്പിടത്തിൽ ഇരിക്കുന്നത് കാണുന്നവർക്ക് ഭാഗ്യം ഉണ്ടാവുമെന്നാണ് അവരുടെ വിശ്വാസം. ഈ ജീവിതം തന്നെ ഒരു വലിയ ഭാഗ്യമാണ് എന്ന് വിശ്വസിക്കുന്ന എനിക്ക് ഡബിൾ ഭാഗ്യം തന്നു കൊണ്ട് ദേ വരുന്നു ഒരു ‘ ചോട്ടൂസ്’, അത് ഇരിപ്പിടത്തിൽ ഇരുന്നൂന്ന് മാത്രമല്ല, ആരോ കൊടുത്ത ഒരു ഓറഞ്ച് അവിടെയിരുന്നു തിന്നുന്നു. എല്ലവരെയും കൊതിപ്പിച്ചു കൊണ്ട്.

അപ്പോഴേക്കും ഞങ്ങൾ നിന്ന സ്ഥലം മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടു. തിരിച്ചു ഇറങ്ങി തുടങ്ങി വോൾകനിക് മണ്ണിൽ ഇറങ്ങാൻ ആയിരുന്നു ബുദ്ധിമുട്ട്. കൂടെയുള്ള ഫ്രഞ്ച് ടീം പറഞ്ഞു തന്ന Sking Technique ഉപയോഗിച്ച് കാല് താഴെ കുത്താതെ ankle സപ്പോർട്ട് കൊടുത്തു ശരീരം പിന്നിലേക്ക് ചെരിച്ചു ബാലൻസ് ചെയ്തു ഞാൻ പതുക്കെ ഇറങ്ങി. ചില ഭാഗങ്ങളിൽ മണ്ണിൽ നിന്നും പുക വമിക്കുന്നത് കാണാമായിരുന്നു. അവിടെയുള്ള മണ്ണിനു ചൂടാണ്. കനലുകൾ പോലെ കാണാം ആരോ ചന്ദനത്തിരി പോലെ എന്തോ കത്തിക്കുന്നുണ്ടായിരുന്നു. ഒരു മുട്ട കയ്യിൽ എടുത്തിരുന്നെങ്കിൽ പുഴുങ്ങി എടുത്തു ആളുകൾ അവിടെയിരുന്നു കഴിക്കുമത്രേ!! അവർ മലയാളികളെ പോലെ “തള്ളി”യതാണോന്നു അറിയില്ല. സജീവമല്ലാത്ത കൊണ്ടാണ് ട്രെക്കിങ്ങ് അവിടെ അനുവദിച്ചിരിക്കുന്നത്.

ഞാൻ പഴം കഴിക്കുന്ന കണ്ടിട്ടാണോ എന്റെ ബാഗിൽ ഉണ്ടായിരുന്ന പഴത്തിന്റെ മണം പിടിച്ചാണോ ഒരു കുട്ടികുരങ്ങു പിറകെ കൂടി. പ്രകൃതിയോട് അടുക്കുമ്പോൾ പേടി കുറയുമെന്നും മൃഗങ്ങളോട് സ്നേഹം കൂടുമെന്നും പറയുന്നത് ശരിയാണ്. പാറ്റയെ കണ്ടാൽ പേടിച്ചു ഓടിയിരുന്ന ഞാൻ എന്റെ തലയിലൂടെ ചാടി കേറി വന്ന കുരങ്ങിനെ ആട്ടി പായിക്കാതെ മടിയിൽ ഇരുത്തി. ഒരു പഴവും കുപ്പിയും ബാഗിൽ നിന്നും എടുത്തു അവൻ തിരിച്ചോടി. കുപ്പി താഴേക്ക് ഇട്ട് തന്നു.

ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ താഴെ എത്തി. തിരിഞ്ഞു നോക്കിയപ്പോൾ ഭീമാകാരമായി വായും പൊളിച്ചു നിൽക്കുന്ന അഗ്നി പർവ്വതം, ഇടയ്ക്കിടയ്ക്ക് പുകയും ചാരവും വീശി എപ്പോൾ പൊട്ടുമെന്നു അറിയാതെ അവിടെയുളള ആളുകളെ പേടിപ്പിച്ചു നിർത്തി ആശാൻ അങ്ങനെ തണുത്തു വിറച്ചു നിൽക്കുന്നു. ഓർമയിൽ സൂക്ഷിക്കാൻ കുറച്ചു മണ്ണും, ഒരു ഫോട്ടോയും എടുത്തു ഞങ്ങൾ കാറിൽ യാത്ര തിരിച്ചു.

യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല അടുത്ത ലക്ഷ്യത്തിലേക്ക്.