വായനക്കാരുടെ കുടുംബം എന്നും ചേച്ചിക്കുണ്ടാവും: ശ്രീബാല കെ. മേനോൻ

“അഷിതേച്ചി എപ്പോഴും പറയാറുണ്ട്. എഴുത്തുകാർക്ക് രണ്ട് കുടുംബം ഉണ്ട്. ഒന്ന് ജനിച്ച കുടുംബം, വേറൊന്ന് വായനക്കാരുടെ കുടുംബം. വായനക്കാരുടെ കുടുംബം എന്നും ചേച്ചിക്കുണ്ടാവും.”  

കഥാകാരി അഷിതയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള അവരുടെ സഹോദരന്റെ കുറിപ്പിന് പ്രതികരണമായി  അഷിതയുടെ ‘അത് ഞാനായിരുന്നു’ എന്ന പുസ്തകം തയ്യാറാക്കാൻ ഒപ്പം നിന്ന കഥാകാരിയും ചലച്ചിത്ര സംവിധായികയുമായ ശ്രീബാല കെ. മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഇന്ന് രാവിലെ ഉറക്കമുണർന്നത് അഷിതേച്ചിയെ കുറിച്ച് അവരുടെ സഹോദരൻ എഴുതിയ ദേശാഭിമാനിയിലുള്ള കുറിപ്പ് whats appil അയച്ച് കിട്ടിയത് കണ്ടു കൊണ്ടായിരുന്നു. ‘അത് ഞാനായിരുന്നു ‘ എന്ന പുസ്തകം കോർഡിനേറ്റ് ചെയ്തത് ഞാനായിരുന്നു. അത് കോർഡിനേറ്റ് ചെയ്യാൻ ചേച്ചി എന്നോട് ആവശ്യപ്പെട്ടതിന് കാരണമായി ഞാൻ മനസ്സിലാക്കുന്നത് 3 വർഷം തുടർച്ചയായി ഞാനവരെ കേട്ടു എല്ലാ അർത്ഥത്തിലും എന്നുള്ളത് കൊണ്ടായിരുന്നു. കുട്ടിക്കാലത്തെ വേദനകൾ ക്യാൻസർ ചികിത്സയുടെ ഇടവേളകളിൽ ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കണ്ട് ഞാൻ ചേച്ചി കാണാതെ ഒരു പാട് കരഞ്ഞിട്ടുണ്ട്. സ്വന്തം അച്ഛനാര് , വളർത്തച്ഛൻ പറഞ്ഞ ആള് തന്നെയല്ലേ എന്നുറപ്പിക്കാനായി അമ്മയോട് 63 വയസ്സിലും അഷിതേച്ചി അത് ആവർത്തിച്ച് ചോദിക്കുന്നത് കേട്ട് ഹൃദയം പൊട്ടി ഞാൻ നിന്നിട്ടുണ്ട്. ആ അമ്മ അപ്പോഴും ഒന്നും പറഞ്ഞില്ല. ഈ പുസ്തകം പുറത്ത് വരുന്നതിനെക്കുറിച്ച് മാത്രമായിരുന്നു എല്ലാവരുടേയും ആശങ്ക. ഇപ്പൊ ചേച്ചി പോയി 2 മാസം തികയുന്നതിന് മുമ്പ് Mental health awareness weekൽ തന്നെ ഭ്രാന്തി എന്ന് വിളിച്ച് ആ പറഞ്ഞതൊക്കെയും സ്‌കീസോഫ്രീനിയ എന്ന രോഗത്തിന്റെ തലയിൽ കെട്ടി വച്ച് ആ കുടുംബം ചേച്ചിയെ പൂർണ്ണമായും കൈയ്യൊഴിഞ്ഞു. അഷിതേച്ചി എപ്പോഴും പറയാറുണ്ട്. എഴുത്തുകാർക്ക് രണ്ട് കുടുംബം ഉണ്ട്. ഒന്ന് ജനിച്ച കുടുംബം, വേറൊന്ന് വായനക്കാരുടെ കുടുംബം. വായനക്കാരുടെ കുടുംബം എന്നും ചേച്ചിക്കുണ്ടാവും.

അഷിതയുടെ അനുജത്തി