വാദിക്കാൻ അവസരം തേടി അഭിഭാഷകര്‍ തമ്മിൽ തര്‍ക്കം; മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: വാദിക്കാൻ അവസരം തേടി അഭിഭാഷകര്‍ തമ്മിൽ സുപ്രീം കോടതിയിൽ തര്‍ക്കം.  വാദിക്കാനായി ബഹളം വെച്ച അഭിഭാഷകർക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ  താക്കീത്. കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കായി ബഹളം വച്ചത്.

കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് വാദങ്ങൾ എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എതിർ വാദത്തിനായി അരമണിക്കൂർ സമയം മാത്രമെ നൽകൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.