വാട്‌സ്ആപ്പ് അപകടത്തില്‍; അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് കമ്പനി നിര്‍ദേശം. വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫോണുകള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കമ്പനിയുടെ നടപടി.

വാട്‌സ്ആപ്പ് തന്നെ സ്ഥിരീകരിച്ച ഈ ഗുരുതര വീഴ്ച കണ്ടെത്തിയത് ഇസ്രായേലിലുള്ള സോഫ്റ്റ് വെയര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍എസ്ഒ ആണ്. വാട്‌സ് ആപ്പിലുള്ള വോയിസ് കോളിലൂടെയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി നിരീക്ഷണ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഹാക്കര്‍മാരുടെ വോയ്‌സ് കോളുകള്‍ ഫോണ്‍ ലോഗ് ലിസ്റ്റില്‍ പിന്നീട് കാണാന്‍ കഴിയില്ലെന്നതും ശ്രദ്ധേയമാണ്. കോള്‍ എടുത്തില്ലെങ്കില്‍ക്കൂടി നിരീക്ഷണസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകുമെന്നാണ് വിവരം.

മെയ് 12നാണ് സെക്യൂരിറ്റി സ്ഥാപനം സുരക്ഷാ വീഴ്ച കണ്ടെത്തുന്നത്. ഉടന്‍ വാട്‌സ്ആപ്പിന് ഈ വിവരം കൈമാറിയിരുന്നു. എന്നാല്‍ വീഴ്ച പരിഹരിക്കാന്‍ കമ്പനിക്കായില്ല. ഇതേതുടര്‍ന്നാണ് ആപ്പ് അപ്‌ഡേറ്റ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വോയിസ് കോളിലൂടെ നിരീക്ഷണ സംവിധാനമായി ഫോണില്‍ ഇന്‍സ്റ്റാള്‍ ആകുന്ന സോഫ്റ്റ് വെയര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തെയാകെ നശിപ്പിച്ചേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.