വാട്‌സ്ആപ്പില്‍ പരസ്യം ഉള്‍പ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് തീരുമാനം

ന്യൂഡൽഹി: വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉടമകളായ ഫെയ്‌സ്ബുക്ക് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക.

മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്‍കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. 

ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട്  സമാനമായിരിക്കും എന്നാണ് ചില വിദേശ ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പുകളിലൊന്നാണ് വാട്‌സ്ആപ്പ്.

150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ ദിവസവും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് സൂചന.