വള്ളുവനാടിൻ ചരിത്ര പെരുമയുമായി ഏലംകുളം മന

സായിനാഥ്‌ മേനോൻ

പഴയ വള്ളുവനാട്‌ താലൂക്കിൽ, ഏലം കുളം അംശം ദേശത്ത്‌, അതായത്‌ ഇന്നത്തെ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം പഞ്ചായത്തിലാണ്‌ കേരളത്തിലെ പ്രസിദ്ധ ആഢ്യ നമ്പൂതിരി പരമ്പര തറവാടായ ഏലംകുളം മന സ്ഥിതി ചെയ്യുന്നത്‌. വള്ളുവനാടിന്റെ രാജകാലഘട്ട ചരിത്രത്തിൽ അവിസ്മരണീയമായ പങ്കുള്ള ഏലംകുളം മന പരമ്പരയെ കുറിച്ച്‌ നമുക്കൊന്ന് വായിക്കാം ഇവിടെ .

നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരയാണ്‌ ഏലംകുളം മന പരമ്പര . ഇവർ ശുകപുരം ഗ്രാമക്കാരാണ്‌ . ആഢ്യ നമ്പൂതിരിപ്പാടാണ്‌ . ഋഗ്വേദികളാണ്‌ . വിശ്വാമിത്ര ഗോത്രക്കാരാണ്‌.കിഴക്കെ കുത്തുള്ളി ഇല്ലക്കാരാണ്‌ ഇവരുടെ ഓതിക്കൻ.കൗശീതക സമ്പ്രദായക്കാരാണ്‌. നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഏലംകുളം മനയിൽ ആൺ സന്തതികൾ ഇല്ലാതെ വരികയും, അടുത്തുള്ള മുതുകുറുശ്ശി മനയിൽ നിന്ന് ഒരു ആൺകുട്ടിയെ ദത്തെടുക്കുകയും , അങ്ങനെ സന്തതി പരമ്പരകൾ നിലനിർത്തുകയും ചെയ്തു. ഇന്നും മുതുകുറുശ്ശി മനയുമായി ഇവർക്ക്‌ പുലബന്ധമുണ്ട്‌ .പുളിങ്കാവിൽ രണ്ട്‌ മനകളിലായും, കുന്നക്കാവിൽ ഒരു മനയിലായും ഏലംകുളം മനയിലെ ശാഖകൾ ഉണ്ട്‌.രാമൻ നമ്പൂതിരിപ്പാട്‌ , ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്‌, പരമേശ്വരൻ നമ്പൂതിരിപ്പാട്‌ , നാരായണൻ നമ്പൂതിരിപ്പാട്‌ എന്നീ നാമങ്ങൾ മനയിലെ പ്രഥമ നാമങ്ങൾ ആണ്‌.

അഷ്ടഗൃഹത്തിലാഢ്യന്മാരിൽ ഏലംകുളം മന ഉൾപ്പെടും എന്നാണ്‌ ഞാൻ കേട്ടിരിക്കുന്നത്‌. ചരിത്രത്തിൽ അതിനുള്ള സൂചനകളുമുണ്ട്‌. പണ്ട്‌ കാലത്ത്‌ രാജാക്കന്മാരുടെ അരിയിട്ട്‌ വാഴ്ച്ചയ്ക്ക്‌ അഷ്ടഗൃഹത്തിലാഢ്യന്മാർ പങ്കെടുക്കും. അത്‌ പോലെ വള്ളുവകോനാതിരിയുടെ അരിയിട്ട്‌ വാഴ്ച്ചയിൽ ഏലംകുളം മനക്കാർക്ക്‌ പ്രധാന സ്ഥാനമാണുള്ളത്‌. വള്ളുവനാട്ടിലെ രാജവംശത്തിലെ ചില അംഗങ്ങളും മറ്റും സ്വരൂപികളും പറയുന്നതും ഇവർ അഷ്ടഗൃഹത്തിലാഢ്യന്മാരാണ്‌ കേട്ടിട്ടുള്ളത്‌ എന്നു തന്നെയാണ്‌ . അത്‌ പോലെ അഷ്ടഗൃഹത്തിലാഢ്യന്മാർക്കുള്ള ഉപചാര ചിഹ്നങ്ങളായ ആട്ടിൻ മേൽ ആട്ടും , പടീന്മേൽ പലകയും ഇവർക്ക്‌ ലഭിച്ചിരുന്നു. അതിനാൽ ഞാനും ഏലംകുളം മനക്കാർ അഷ്ടഗൃഹത്തിലാഢ്യന്മാർ തന്നെയാണെന്ന് വിശ്വസിക്കുന്നു.അല്ലാന്ന് തരത്തിലുള്ള വിത്യസ്തമായ അഭിപ്രായങ്ങളും ഉണ്ട്‌ . അതിലേയ്ക്ക്‌ ഞാൻ ശ്രദ്ധ കൊടുക്കുന്നില്ലാ.

അഷ്ടഗൃഹത്തിലാഢ്യന്മാർ – നമ്പൂതിരി സെറ്റിൽമന്റ്‌ നടക്കുന്ന സമയത്ത്‌ ഒരു കൂട്ടം ഇല്ലക്കാർ ഒരു ഭാഗത്തായാണ്‌ താമസിക്കാറ്‌ . ആ ഇല്ലക്കാർ എല്ലാം അടങ്ങുന്ന ഒരു കൂട്ടത്തെ ഗൃഹം എന്ന് വിളിക്കുന്നു . ശുകപുരം ഗ്രാമത്തിൽ മാത്രം ഒരു കാലത്ത്‌ 369 ഇൽ അധികം നമ്പൂതിരി ഗൃഹങ്ങൾ ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചിരുന്നു . എ ഡി 343 ഇൽ ജനിച്ചു എന്ന് കരുതുന്ന ശ്രീ മേഴത്തോൾ അഗ്നിഹോത്രി തന്റെ 99 യാഗങ്ങൾ മുഴുവിപ്പിച് ,അദേഹം 100 യാഗം നടത്താൻ തുടങ്ങിയപ്പോൾ ,എ.ഡി 378 ഇൽ ആണ്‌ ആ യാഗം നടക്കുന്നതെന്ന് കരുതപ്പെടുന്നു,ഇന്ദ്രദേവൻ ഭയപ്പെടാൻ തുടങ്ങി . .തന്റെ സ്ഥാനത്തിന്‌ ഇളക്കം തട്ടുമൊ എന്ന് ഭയപ്പെടാൻ തുടങ്ങി അദേഹം . അദേഹം ആ യാഗം തടസ്സപ്പെടുത്താൻ പഠിച്ച പണി പതിനെട്ടും നോക്കി . നടന്നില്ലാ . ഒടുവിൽ അദേഹം യാഗശാലയിൽ പ്രത്യക്ഷപ്പെട്ട്‌ തന്റെ സ്ഥാനം നഷടപ്പെടുത്തരുതെന്ന് അഗ്നിഹോത്രിയോട്‌ അപേക്ഷിച്ചു . ഇന്ദ്രപദവി ഒഴിച്ച്‌ ബാക്കി എല്ലാവിധ പുണ്യ, സമ്പൽസമൃദ്ധിയും ഇന്ദ്രൻ വാഗ്ദാനം ചെയ്തു അഗ്നിഹോത്രിക്ക്‌. സാക്ഷാൽ ഭഗവാൻ കൃഷ്ണൻ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടാണ്‌ അഗ്നിഹോത്രിയെ ഈ നൂറാം യാഗത്തിൽ നിന്ന് പിന്തിരിപ്പിച്ചത്‌ . സന്തോഷാവാനായ ഇന്ദ്രൻ അഗ്നിഹോത്രിയെ അനുഗ്രഹിച്ചു. അത്‌ പോലെ യാഗത്തിന്‌ കൂടിയ എട്ട്‌ ഗൃഹത്തിലെ ഇല്ലക്കാർക്ക്‌ എല്ലാവിധ ആഭിജാത്യവും, ശ്രേഷ്ഠതയും, ബ്രാഹ്മണ സമുദായത്തിൽ ഉന്നത സ്ഥാനവും, അവർക്കും അവരുടെ ഭാവി തലമുറകൾക്കും യാഗം നടത്താതെ തന്നെ യാഗഫലം സിദ്ധിയ്ക്കുമെന്നും ഇന്ദ്രൻ അനുഗ്രഹിച്ചു. ഈ ‌ എട്ട്‌ ഗൃഹക്കാർ ആണ്‌ അഷ്ട ഗൃഹത്തിലാഢ്യന്മാർ . എട്ട്‌ ഗൃഹങ്ങളിലായി 47 ഓളം ഇല്ലങ്ങളും ഉണ്ട്‌ . അവർ എല്ലാം അഷ്ടഗൃഹത്തിലാഢ്യന്മാരാണ്‌ . കലക്കണ്ടത്ത്‌ ഗൃഹം , കുലുക്കല്ലൂർ ഗൃഹം . മേഴത്തോൾ ഗൃഹം , മാത്തൂർ ഗൃഹം , ചെമ്മങ്ങാട്ട്‌ ഗൃഹം ,പാഴൂർ ഗൃഹം , മുരിങ്ങോത്ത്‌ ഗൃഹം , വെള്ള ഗൃഹം എന്നീ ഗൃഹങ്ങൾ ആണ്‌ അഷ്ടഗൃഹത്തിലാഢ്യന്മാർ. ഈ എട്ടു ഗൃഹക്കാരെ സൂചിപ്പിക്കുവാനുള്ള ചൊല്ലാണ്‌-
‘കലമേ മാകുലു ചെംപാമുരി വെള്ള’
കല- കലങ്കണ്ടത്തൂര്‌
മേ- മേഴത്തൂര്‌
മാ- മാത്തൂര്‌
കുലു- കുലുക്കല്ലൂര്‌
ചെ- ചെമ്മങ്ങാട്‌
പാ- പാഴൂര്‌
മുരി- മുരിങ്ങോത്ത്‌
വെള്ള- വെള്ളാങ്ങല്ലൂർ

വള്ളുവനാട്‌ രാജവംശവും ഏലംകുളം മനയും – വള്ളുവനാട്ടിലെ നമ്പൂതിരി ഗൃഹങ്ങളിൽ രണ്ടാം സ്ഥാനി എന്ന് തന്നെ ഏലംകുളത്തെ നമുക്ക്‌ വിളിക്കാം . ഒന്നാം സ്ഥാനി പാതായ്ക്കര മനക്കാരാണ്‌ . വള്ളുവനാട്ടിലെ രാജാവായ വള്ളുവകോനാതിരിയുടെ അരിയിട്ട്‌ വാഴ്ച്ചയിൽ ഏലംകുളം മനയിലെ കാരണവരുടെ സാന്നിധ്യം നിർബന്ധമാണ്‌ .ചുവരൻ പ്രമത്തൻ എന്നാണ്‌ രാജാവ്‌ ഇവർക്ക്‌ കൽപ്പിച്ച്‌ കൊടുത്ത സ്ഥാനപ്പേർ .അത്‌ പോലെ ധനുമാസത്തിലെ മുപ്പെട്ട്‌ ചൊവാഴ്ച്ച ദേശത്തിന്റെ ദേവതയായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയുടെ പൂരം കുറിക്കുക എന്ന ചടങ്ങിനും ഇവരുടെ സാന്നിധ്യം പ്രധാനമായിരുന്നു .

കേരളത്തിലെ ആദ്യത്തെ നാട്ടുരാജ്യമായ വള്ളുവനാട്ടിലെ പതിനെട്ടര സ്വരൂപങ്ങളിലെ ഒരു സ്വരൂപമാണ്‌ ഏലംകുളം മന സ്വരൂപം.വള്ളുവനാട്ടിലെ ഭരണാധികാരം ഇവർക്കായിരുന്നു . രണ്ട്‌ രാജകുടുംബാംഗങ്ങൾ ( വള്ളുവകോനാതിരിയും വെള്ളാൽപ്പാടും) രണ്ടു നമ്പൂതിരിമാർ (പാതായ്ക്കരയും , ഏലംകുളവും) മുഖ്യമന്ത്രിയായ കരുവായൂർ മൂസത്‌,പാതിരമണ്ണ വെള്ളോടി, പുതുമന പണിക്കർ, ചന്ത്രത്തിൽ പണിക്കർ, വേർക്കോട്ട്‌ പണിക്കർ , വയങ്കര പണിക്കർ,മണ്ണാർക്കാട്‌ നായർ , കക്കൂത്ത്‌ നായർ , കാവുടയ നായർ , കുണ്ടറക്കൽ നായർ , വയമ്പറ്റ വാര്യർ,ചെറുകര പിഷാരടി,അപ്പംകളത്തിൽ പിഷാരടി,എളും പുലാക്കാട്ട്‌ അച്ചൻ,എന്നീ പതിനെട്ട്‌ സ്വരൂപികളും,അരസ്വരൂപിയായ കുണ്ടോട്ടി തങ്ങളും കൂടിയതാണ്‌ പഴയ വള്ളുവനാട്ടിലെ പതിനെട്ടര സ്വരൂപികൾ. ഇതിൽ നമ്പൂതിരിമാരുടെ രണ്ട്‌ സ്വരൂപങ്ങളാണ്‌ . അതിൽ ഒന്നാണ്‌ ഏലംകുളം മന സ്വരൂപം. ഇപ്പോൾ മനസ്സിലായി കാണുമല്ലോ വള്ളുവനാടിന്റെ രാജകാലഘട്ടത്ത്‌ ഏലംകുളം മനയ്ക്ക്‌ എത്ര പ്രാധാന്യം ഉണ്ടായിരുന്നു എന്ന്.

ഏലംകുളം മനക്കാർ ജന്മി പരമ്പരയായിരുന്നു . തടുക്കശ്ശേരി , എടത്തനാട്ടുകര, പറളി, താനൂർ, കരുവാരക്കുണ്ട്‌, ഏലംകുളം എന്നീ ഭാഗങ്ങളിലായി ധാരാളം കൃഷിഭൂമിയും കളങ്ങളും ഉണ്ടായിരുന്നു . ഒരു കാലത്ത്‌ പടിക്കൽ മാത്രം പന്തീരായിരം പറ നെല്ല് പാട്ടം ഉണ്ടായിരുന്നൂത്രെ ഇവർക്ക്‌.

കുന്തിപ്പുഴയുടെ തീരത്ത്‌ മൂന്നേക്കറോളം വരുന്ന വൃക്ഷലതാദികൾ നിറഞ്ഞ ഭൂമിയിലാണ്‌ ഏലംകുളം മന എന്ന പന്ത്രണ്ട്‌ കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌. വള്ളുവനാട്ടിൽ പന്ത്രണ്ട്‌ കെട്ട്‌ വേറെ ഇല്ലാന്നാണ്‌ എന്റെ അറിവ്‌. ഇരുനൂറ്റമ്പതിലേറെ വർഷം പഴക്കമുള്ള , പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന വാസ്തുസമുച്ചയമാണ്‌ ഏലംകുളം മന.വാസ്തുവിദ്യയുടെ ഒരദ്ഭുത ലോകം തന്നെയാണ്‌ ഈ മന . ധാരാളം തൂണുകളും കൊത്തു പണികളും ഉള്ള പുറത്തളത്ത്‌ , പാട്ടുത്തറയും കൂടി ചേരുന്ന മനോഹരമായ കാഴ്ച്ച അപൂർവ്വമാണ്‌.പുറത്തളം കഴിഞ്ഞ്‌ ഭീമൻ പ്രധാന വാതിലും അതിൽ കൊത്തി വച്ചിരിക്കുന്ന സന്താനഗോപാലമൂർത്തിയും, സന്താനലക്ഷ്മിയും നമ്മെ വിസ്മയിപ്പിക്കും. ധാരാളം തൂണുകൾ ഉള്ള വല്ലിയ നടുമുറ്റവും, ചെറിയ രണ്ട്‌ നടുമുറ്റങ്ങളും, പതിനഞ്ചോളം മുറികളും( ആകെ മൊത്തം)വല്ലിയ അഗ്രശാലയും, ഊൺ തളവും , നീളൻ തളങ്ങളും,അടങ്ങിയതാണ്‌ ഏലംകുളം മന . തെക്കിനി മാളിക ഉയർന്നാണിരിക്കുന്നത്‌ ഇവിടെ.മനോഹരമായ വാതിലുകളും , ജനലുകളും, തട്ടുകളും, മനയ്ക്ക്‌ ഭംഗി കൂട്ടുന്നു . അടുക്കളയ്ക്ക്‌ ഇന്നും പഴമയുടെ ഭംഗി തന്നെ . മഴ നനയാതെ കുളത്തിലേക്ക്‌ ചെല്ലാൻ കഴിയുന്ന, കുളപ്പുരയോട്‌ കൂടിയ ഭംഗിയുള്ള കുളവും, മനോഹരമായ പത്തായപ്പുരയും, പണ്ട്‌ കാലത്ത്‌ പ്രസവം നോക്കാനുള്ളാ ബംഗ്ലാവും ,മൂന്ന് കിണറുകളും അടങ്ങിയതാണ്‌ ഏലംകുളം മന വാസ്തു സമുച്ചയം. ഏലംകുളം മന വളരെ മനോഹരമായി തന്നെ കുടുംബാംഗങ്ങൾ കാത്തു സംരക്ഷിക്കുന്നുണ്ട്‌ . അവർക്ക്‌ എന്റെ കൂപ്പുകൈ.

ധാരാളം മൂർത്തികൾ വാഴുന്ന പുണ്യഗേഹമാണ്‌ ഏലംകുളം മന .മാളികപ്പുറത്തമ്മ / തട്ടിൻപ്പുറത്ത്‌ ഭഗവതിയാണ്‌ ഇവരുടെ കുലപരദേവത . തിരുമാന്ധാംകുന്നിലമ്മയാണ്‌ ദേശപരദേവത .ശ്രീലകത്ത്‌ ദുർഗ്ഗ, ശിവൻ , വിഷ്ണു , സാളഗ്രാമങ്ങൾ , എന്നിവയ്ക്ക്‌ ദിവസേന നേദ്യം അടക്കം പൂജയുണ്ട്‌ . എല്ലാ മുപ്പെട്ട്‌ വെള്ളിയാഴ്ച്ചയും മാളികപ്പുറത്തമ്മയ്ക്ക്‌ പൂജ പതിവുണ്ട്‌ ഇവിടെ . മനയ്ക്കലെ കാരണവരോ, അവരുടെ സന്തതി പരമ്പരകളൊ ആണ്‌ ഈ പൂജ ചെയ്യാറ്‌. ഇപ്പോഴത്തെ കാരണവരുടെ മകനായ ശ്രീ രമേഷ്‌ നമ്പൂതിരിപ്പാട്‌ അദേഹമാണ്‌ ഈ പൂജ ചെയ്യുന്നത്‌. 12 കൊല്ലം കൂടുമ്പോൾ 36 പറ ഗുരുതിയും മാളികപ്പുറത്തമ്മയ്ക്ക്‌ പതിവുണ്ട്‌ . അതും തന്ത്രി പൂജയാണ്‌ .കർക്കിടമാസത്തിൽ ശ്രീലകത്ത്‌ 12 ദിവസം ഭഗവത്‌ സേവ പതിവുണ്ട്‌ . ഏലംകുളം മനയിൽ എല്ലാ വർഷവും കുംഭമാസം മുപ്പെട്ട്‌ വെള്ളിയാഴ്ച്ച അതി ഗംഭീരമായ താലപ്പൊലി ആഘോഷിക്കാറുണ്ട്‌ . താലപ്പൊലിക്ക്‌ പതിനെട്ട്‌ ദിവസം മുന്നെ കളം പാട്ട്‌ ആരംഭിയ്ക്കും . കല്ലാട്ട്‌ കുറുപ്പന്മാർക്കാണ്‌ കളം പാട്ടിന്റെ ചുമതല. മനത്തൊടിയിൽ നാല്‌ സർപ്പകാവുകൾ ഉണ്ട്‌ . കന്നിമാസത്തിൽ ഇവിടെ ആയില്യം പൂജ പതിവുണ്ട്‌ . മനയോട്‌ ചേർന്ന് തന്നെ ഏലംകുളം മന ശ്രീരാമക്ഷേത്രം ഉണ്ട്‌ . അവിടെയും നിത്യപൂജ പതിവുണ്ട്‌ . ഏലംകുളം ശ്രീരാമക്ഷേത്രം മേതൃക്കോവിൽ ശിവക്ഷേത്രം , പുളിങ്കാവ്‌ , കുന്നക്കാവ്‌, കടന്നേക്കാവ്‌ , താനൂർ വേട്ടക്കരൻ ക്ഷേത്രം , പുഴക്കര തത്തനപ്പിള്ളി ശിവൻ , വിഷ്ണു, അയ്യപ്പ ക്ഷേത്രം , തുടങ്ങിയ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണിവർ.നൂറ്റാണ്ടുകളായി തങ്ങളുടെ പൂർവ്വികൾ തുടർന്ന് പോരുന്ന ചടങ്ങുകൾക്ക്‌ ഒരു മുട്ടും കൂടാതെ മനയ്ക്കലെ അംഗങ്ങൾ തുടർന്ന് പോരുന്നത്‌ സ്തുത്യർഹം തന്നെയാണ്‌ .

ഏലംകുളം ദേശത്തിന്റെ സകല പുരോഗതിയ്ക്കും കാരണഭൂതന്മാരാണ്‌ ഏലംകുളം മനക്കാർ.പണ്ട്‌ കാലത്ത്‌ പഞ്ഞ മാസങ്ങളിൽ ഇവിടെ പാവങ്ങൾക്കായി കഞ്ഞിപ്പാർച്ച പതിവുണ്ടായിരുന്നു . നാടിന്റെ വികസനത്തിനായി ധാരാളം ഭൂമി വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്‌. മനയ്ക്കലെ കാരണവർമ്മാരായിരുന്ന ശ്രീ രാമൻ നമ്പൂതിരിപ്പാട്‌ ,ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്‌ ,കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ശ്രീ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് (ഇ. എം .എസ്‌‌ ) അദേഹത്തിന്റെ പുത്രൻ ശ്രീ ഇ എം ശ്രീധരൻ നമ്പൂതിരിപ്പാട്‌ എന്നീ അനവധി പേർ ഇന്നും ജനഹൃദയങ്ങളിൽ വസിക്കുന്നവരാണ്‌.ഏലംകുളം മനയ്ക്കലെ ഇപ്പോഴത്തെ കാരണവർ ശ്രീ ഇ . എം .പരമേശ്വരൻ നമ്പൂതിരിപ്പാട്‌ അദേഹമാണ്‌. ഏകദേശം നാൽപ്പത്തിയഞ്ചോളം അംഗങ്ങൾ ഏലംകുളം മന പരമ്പരയിൽ ഉണ്ടാകും .

മനയുടെ ചരിത്രം അറിയാനായി ഞാൻ ചെന്നത്‌ മനയ്ക്കലെ കാരണവരായ ശ്രീ ഇ.എം പരമേശ്വരൻ നമ്പൂതിരിപ്പാട്‌ അദേഹത്തിന്റെ അടുത്താണ്‌ .88 വയസ്സിലും പഴയ കാര്യങ്ങൾ ഓർത്തെടുത്ത്‌ എനിക്ക്‌ പറഞ്ഞു തന്നു അദേഹം . സ്നേഹ സ്വരൂപനായ ഒരു മുത്തശ്ശൻ . ആഢ്യത്വം ആ പെരുമാറ്റത്തിൽ വ്യക്തം.ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു . തിരിച്ച്‌ പോരുമ്പോൾ ആ പുണ്യാത്മാവിന്റെ കാലിൽ തൊട്ടനുഗ്രഹം മേടിച്ചു ഞാൻ . ഹരി ഓം എന്ന ദിവ്യമന്ത്രം ചൊല്ലി എന്നെ തലയിൽ തൊട്ടനുഗ്രഹിച്ചു അദേഹം . ഇതിൽ കൂടുതൽ എന്ത്‌ പുണ്യമാണ്‌ എനിക്ക്‌ വേണ്ടത്‌.നന്ദിയും ആദരവും മാത്രം.

NB: ഏലംകുളം മനയിൽ കുടുംബാംഗങ്ങൾ താമസമുണ്ട്‌. അതവരുടെ സ്വകാര്യ ഇടമാണ്‌ . അവിടെയ്ക്ക്‌ അനുമതിയില്ലാതെ പ്രവേശനമില്ലാ . ( വേറെ ഏതൊരാളുടെ വീട്ടിലേക്കും അങ്ങനെ തന്നെയാണല്ലോ അനുമതിയില്ലാതെ ആർക്കും എവിടെയും പ്രവേശിക്കാനാവില്ലാ )