വള്ളുവനാടിന്‌ അഴകായി കുന്നക്കാവ്‌ പുതുമന ഇല്ലം 

സായിനാഥ്‌ മേനോൻ

മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിൽ കുന്നക്കാവ്‌ എന്ന സ്ഥലത്താണ്‌ വള്ളുവനാട്ടിലെ പ്രഗത്ഭ നമ്പൂതിരി കുടുംബമായ പുതുമന (കുന്നക്കാവ്‌ പുതുമന) ഇല്ലം സ്ഥിതി ചെയ്യുന്നത്‌. അഴകിന്‌ പുതിയ മാനം നൽകുന്ന പുതുമന ഇല്ലത്തിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.പുതുമനക്കാർ ശുകപുരം ഗ്രാമക്കാരാണ്‌ . ശുകപുരത്തപ്പൻ ആണ്‌ ഇവരുടെ ഗ്രാമദേവത . ഋഗ്വേദികളാണ്‌. പുതുമനക്കാർ ആംഗിരസ്സ്‌ ഗോത്രക്കാരാണ്‌. നാരായണൻ നമ്പൂതിരി എന്ന നാമമാണ്‌ പുതുമനയിലെ പ്രഥമ നാമം .

പുതുമന പരമ്പരയ്ക്ക്‌ നൂറ്റാണ്ടുകൾ പഴക്കം കാണും .പഴയ രേഖകളിൽ വൈക്കത്ത്‌ പടിഞ്ഞാറ്റ എന്ന് കൂടി അറിയപ്പെടുന്ന പുതുമന ഇല്ലം എന്ന് പറയുന്നുണ്ട്‌ . മലപ്പുറം ജില്ലയിലെ അരിപ്ര എന്ന സ്ഥലത്ത്‌ ഇവർക്ക്‌ ഒരു കളവും , അതിനോട്‌ ചേർന്ന് വൈക്കത്ത്‌ പടിഞ്ഞാറ്റ വിഷ്ണു ക്ഷേത്രവും ഉണ്ട്‌ . ഒരു പക്ഷെ പുതുമനക്കാർ അവിടെ നിന്ന് കുന്നക്കാവിലേക്ക്‌ വന്നതാവാനും ഒരു സാധ്യത ഉണ്ടാകാം . രണ്ടും ചേർത്ത്‌ വായിക്കുന്നത്‌ കൊണ്ട്‌ തോന്നുന്നതാകാം.ഷൊർണൂർ ഭാഗത്തുള്ള ചുഡുവാലത്തൂർ എന്ന സ്ഥലത്തെ മൂത്തേടത്ത്‌ ഇല്ലത്ത്‌ നിന്ന് വന്നവരാണ്‌ പുതുമനക്കാരുടെ പിതാമഹന്മാർ. ഏകദേശം ഇരുനൂറ്‌ കൊല്ലങ്ങൾക്ക്‌ മുന്നെ ആകണം . മൂത്തേടത്ത്‌ ഇല്ലത്തെ മകളായ ഒരു അമ്മ മാത്രമായി ഒരിക്കൽ പുതുമന ഇല്ലത്ത്‌ .ഭർത്താവും മരിച്ചു, മക്കളും ഇല്ലാ. ആ അമ്മയുടെ സഹോദരന്റെ ഉണ്ണികളിൽ ഒരാൾ അച്ഛൻ പെങ്ങൾക്ക്‌ തുണയായി പുതുമനയിൽ താമസമായി. ‌ ആ ഉണ്ണി വിവാഹം കഴിച്ചു , അവരുടെ സന്തതിപരമ്പരകളിലൂടെയാണ്‌ പുതുമന പരമ്പര നിലനിന്നത്‌. ദത്തെടുക്കൽ ഒന്നും നടന്നിരുന്നില്ലാ . മൂത്തേടത്തെ ഉണ്ണിയെ പുതുമനയിലേതായി മനസ്സാൽ സ്വീകരിച്ചു. ഇന്നും പുതുമനക്കാർ മൂത്തേടത്ത്‌ മനയുമായി പത്തുപുല ആചരിക്കുന്നുണ്ട്‌.

പുതുമനക്കാർ ജന്മി പരമ്പരയായിരുന്നു. ഏലംകുളം ,അരിപ്ര , ചെറുകര , കാട്ടുകുളം ഭാഗങ്ങളിൽ ധാരാളം കൃഷിഭൂമിയും കളങ്ങളും ഉണ്ടായിരുന്നു .പുതുമന ഇല്ലം പേരു പോലെ തന്നെ പുത്തൻ മനയാണ്‌ . സാധാരണ ഇല്ലങ്ങളിൽ നിന്ന് വിത്യസ്തമായ ഭംഗിയാണ്‌ പുതുമനയ്ക്കുള്ളത്‌. ന്റെ ഭാഷയിൽ പറയാണെങ്കിൽ ഉത്സവപറമ്പിൽ തെച്ചിക്കോട്ട്ക്കാവ്‌ രാമചന്ദ്രൻ തിടമ്പെടുത്ത്‌ നിൽക്കുന്ന കാഴ്ച്ചയില്ലെ , ആ കാഴ്ച്ചയോട്‌ ഉപമിക്കാം മരങ്ങൾ നിറഞ്ഞ്‌ നിൽക്കുന്ന ഭൂമിയിൽ പുതുമന ഇല്ലം തലയുയർത്തി നിൽക്കുന്ന കാഴ്ച്ച കാണുമ്പോൾ . നൂറ്റാണ്ടുകൾ പഴക്കമുള്ള പുതുമന ഇല്ലം 1127 ഇൽ പുതുക്കി പണിതു ഇപ്പോൾ കാണുന്ന രീതിയിലായി. പുതുമന ഇല്ലം നാലുകെട്ടാണ്‌ . മൂന്ന് നിലകളായുള്ള അതിമനോഹരമായ നാലുകെട്ട്‌. പണ്ട്‌ ഇപ്പോൾ കാണുന്ന നാലുകെട്ടിനെക്കാൾ വലിപ്പമുണ്ടായിരുന്നുവത്രെ. നാലു നടുമുറ്റങ്ങൾ അടങ്ങിയതായിരുന്നുവത്രെ പഴയ ഇല്ലം. ഏഴേക്കറോളം വരുന്ന ,മരങ്ങൾ തണലേകുന്ന ഭൂമിയിലാണ്‌ പുതുമന സ്ഥിതി ചെയ്യുന്നത്‌. ദൂരെ ഗെയിറ്റിൽ നിന്ന് നോക്കിയാൽ തന്നെ മരങ്ങളുടെ ഇടയിലൂടെ നമുക്ക്‌ മനയുടെ ദൃശ്യം കാണാം . ഉള്ളിലേക്ക്‌ പ്രവേശിക്കുമ്പോൾ നമ്മെ സ്വീകരിക്കാനായി തലകുനിച്ച്‌ വണങ്ങി നിൽക്കുന്നു വൃക്ഷരാജന്മാർ. മരങ്ങൾ ഉള്ളതിനാലാകാം ശുദ്ധവായുവിന്‌ അവിടെ ഒരു കുറവുമില്ലാ . മൂന്ന് നിലകളായുള്ള ഇല്ലത്ത്‌ ഏറ്റവും മുകൾ നില തട്ടിൻപ്പുറമാണ്‌ . താഴെയുള്ള രണ്ട്‌ നിലകളിലായി ഏഴോളം കിടപ്പ്‌ മുറികളുണ്ട്‌ .മുല്ലത്തറയോട്‌ കൂടിയ വല്ലിയ നടുമുറ്റവും, പാട്ടുത്തറയും, പാത്രങ്ങൾ സൂക്ഷിക്കുന്ന മച്ചും, ശ്രീലകവും, വല്ലിയ അടുക്കളയും , വലിയ തളവും അടങ്ങിയതാണ്‌ പുതുമന ഇല്ലം .

മുറികൾ എല്ലാം തട്ടിട്ടവയായതിനാൽ നല്ല തണുപ്പ്‌ തോന്നി മുറികളിൽ . അത്‌ പോലെ പഴമയുടെ ആ മണവും. വല്ലിയ പ്രധാന വാതിലും, വായുസഞ്ചാരത്തിന്‌ സഹായിക്കുന്ന ധാരാളം ജനലുകളും, നടുമുറ്റത്തോട്‌ ചേർന്നുള്ള തൂണുകളും,കോണികളും , ഇല്ലത്തിന്റെ മോടി കൂട്ടുന്നു .ഇല്ലത്തിനോട്‌ ചേർന്ന് രണ്ട്‌ പത്തായപ്പുരകളും , കാർപ്പോർച്ചും അഗ്രശാലയും ഉണ്ട്‌ . പണ്ട്‌ കാലത്ത്‌ അഗ്രശാലയിൽ ആയിരുന്നു എല്ലാവർക്കും ഭക്ഷണം.പുതുമനയിലെ പത്തായപ്പുരകളുടെ ഭംഗി അതൊന്ന് വേറെ തന്നെയാണ്‌ .ഇല്ലത്തൊടിയിൽ രണ്ട്‌ കുളവും , രണ്ട്‌ കിണറുമുണ്ട്‌.പുതുമനയിലെ അംഗങ്ങൾ വളരെ മനോഹരമായി തന്നെ ഇല്ലം കാത്തുസംരക്ഷിക്കുന്നുണ്ട്‌ . ഇന്നത്തെ കാലത്ത്‌ വീടും പ്രകൃതിയെയും കാത്തുസൂക്ഷിക്കുക എന്ന് വച്ചാൽ തന്നെ വല്ലിയ കാര്യമാണ്‌ , അതിവർ ഭംഗിയായി തന്നെ നിർവ്വഹിക്കുന്നുണ്ട്‌ താനും.ഇല്ലത്തൊടിയിൽ ധാരാളം കുരങ്ങന്മാരെ കാണാൻ കഴിഞ്ഞപ്പോൾ എനിക്കൊന്നു മനസ്സിലായി ഇവർ തങ്ങളുടെ ചുറ്റുമുള്ള പ്രകൃതിയെ നോവിക്കാതെ കാത്തുസംരക്ഷിക്കുന്നുണ്ടെന്ന്. പുതുമനക്കാർക്ക്‌ എന്റെ കൂപ്പുകൈ .

തിരുമാന്ധാംകുന്നിലമ്മയാണ്‌ പുതുമനക്കാരുടെ പരദേവത . ശ്രീലകത്ത്‌ ഭഗവതിയ്ക്കും ശിവനും വിഷ്ണുവിനും നിത്യപൂജയുണ്ട്‌ . ഗണപതിഹോമം ദിവസേന പതിവുണ്ട്‌ . എല്ലാവർഷവും തിരുമാന്ധാംകുന്നിലമ്മയ്ക്ക്‌ കളം പാട്ട്‌ നടത്താറുണ്ട്‌ .സർപ്പക്കാവിൽ എല്ലാകൊല്ലവും കാവ്‌ തളി പുണ്യാഹം പതിവുണ്ട്‌ . ഒരു ക്ഷേത്രത്തിന്റേതായ പൂജാവിധികളോടെ തന്നെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച്‌ വരുന്നുണ്ട്‌ പുതുമനക്കാർ .പണ്ട്‌ കോങ്ങാട്‌ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത താലപ്പൊലിക്ക്‌ പുതുമനക്കാർ ചില അവകാശങ്ങൾ ഉണ്ടായിരുന്നു . കറുത്ത വാര്യം ശിവക്ഷേത്രത്തിന്റെയും , വൈക്കത്ത്‌ പടിഞ്ഞാറ്റ വിഷ്ണു ക്ഷേത്രത്തിന്റെയും ഊരാളന്മാരാണിവർ.

കുന്നക്കാവിന്റെയും ഏലംകുളത്തിന്റെയും സാമൂഹികമായ മാറ്റങ്ങൾക്കും പുരോഗതിക്കും പുതുമനക്കാർ വല്ലിയ സംഭാവന നൽകിയിട്ടുണ്ട്‌ .നാട്ടിലെ പല പ്രശ്നങ്ങൾക്കും തീർപ്പ്‌ കൽപ്പിക്കുന്നത്‌ ഇല്ലത്തെ കാരണവർമ്മാരായിരുന്നു. .ഒരു പ്രശ്നം എന്ന് വന്നാൽ ജനങ്ങൾക്ക്‌ ധൈര്യമായി വന്ന് വിവരം ധരിപ്പിക്കാവുന്ന ഒരിടം തന്നെയായിരുന്നു പുതുമന.അത്തരം സാമൂഹികമായ മാറ്റങ്ങൾക്കും മറ്റും വഴി തെളിച്ച പുതുമനയിലെ അംഗങ്ങളെ നമുക്ക്‌ ഒന്ന് പരിചയപ്പെടാം .ശ്രീ കെ.പി ശങ്കരൻ നമ്പൂതിരി അദ്ദേഹം ( 1890- 1951) ഗാന്ധിയൻ ആദർശ്ശങ്ങളെ പിന്തുടരുന്ന വ്യക്തിത്വമായിരുന്നു . ഡിസ്ട്രിക്‌ ബോർഡിലും താലൂക്ക്‌ ബോർഡിലും അംഗമായിരുന്ന അദ്ദേഹം മുതിർന്ന കോൺഗ്രസ്സ്‌ നേതാക്കൾ പങ്കെടുത്ത സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു . വർഗീയതയെ അവജ്ഞയോടെ തള്ളിയ അദ്ദേഹം ആദർശ്ശവാനായിരുന്നു .വിദ്യാഭ്യാസത്തിനും, ഇംഗ്ലീഷ്‌ ഭാഷയ്ക്കും പ്രാധാന്യം കൊടുത്തിരുന്ന ശ്രീ ശങ്കരൻ നമ്പൂതിരി 1924 മുതൽ വീട്ടിൽ ഹിന്ദു ദിനപത്രം വരുത്തുകയും, ഇ.എം. എസ്‌ തന്റെ ആത്മകഥയിൽ പുതുമനയിൽ ചെന്ന് ഹിന്ദു ദിനപത്രം വായിക്കാൻ കൊണ്ടു പോയിരുന്ന കാര്യം എഴുതുകയും ചെയ്തിട്ടുണ്ട്‌ . കലകളെയും കലാകരന്മാരെയും പ്രോത്സാഹിപ്പിച്ചിരിന്നു ഇദ്ദേഹം . പൊതുജനങ്ങൾക്ക്‌ വിദ്യാഭ്യാസത്തിനായി കുന്നക്കാവ്‌ ഹയർ സെക്കണ്ടറി സ്കൂളിന്‌ വേണ്ടി മുന്നിട്ടിറങ്ങിയത്‌ ശ്രീ ശങ്കരൻ നമ്പൂതിരിയാണ്‌ .ജനങ്ങൾക്കും നാടിനും വേണ്ടി ഒരുപാട്‌ നന്മയേറിയ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്‌.ജനങ്ങളുടെ ജലക്ഷാമ പ്രശ്നങ്ങൾ തീർക്കാനായി രാമഞ്ചാടി ഇറിഗേഷൻ പദ്ധതി തുടങ്ങാൻ മുൻ കൈ എടുത്തതും പുതുമനക്കാരായിരുന്നു.

ശ്രീ കെ.പി നാരായണൻ നമ്പൂതിരി (1921-2013)അദ്ദേഹം സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു . ഫ്രെഞ്ച്‌ ജർമ്മൻ ഭാഷകളും അദ്ദേഹത്തിന്‌ വശമായിരുന്നു. അധ്യാത്മിക വിഷയങ്ങളിൽ താൽപ്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഇല്ലത്തെ കാര്യങ്ങൾ നോക്കി നടത്തുവാൻ നിയോഗിക്കപ്പെട്ട ശ്രീ കെ.പി നീലകണ്ഠൻ നമ്പൂതിരി (1923-2010) അദ്ദേഹം സമൂഹവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു.ശ്രീ കെ പി വാസുദേവൻ നമ്പൂതിരി അദ്ദേഹം പൊതുകാര്യങ്ങൾക്ക്‌ വേണ്ടി ഓടി നടന്ന വ്യക്തിത്വമായിരുന്നു . ജനങ്ങൾക്ക്‌ സുഖമമായ സഞ്ചാരത്തിന്‌ വേണ്ടി ചെറുകര – മുതുകുറുശ്ശി റോഡ്‌ നിർമ്മാണത്തിനായി അഹോരാത്രം കഷ്ടപ്പെട്ടിരുന്നു ശ്രീ വാസുദേവൻ നമ്പൂതിരി. യു.പി.സ്കൂൾ ആയിരുന്ന കുന്നക്കാവ്‌ ഗവൺമന്റ്‌ സ്കൂളിനെ ഹൈസ്കൂൾ പദവിയിലേക്ക്‌ ഉയർത്തുന്നതിനായി ഇദ്ദേഹം മുൻ കൈ എടുത്തിരുന്നു .നല്ലൊരു കഥകളി ആസ്വാദകനും,കലാസ്വാദകനുമായിരുന്ന ശ്രീ കെ പി. ശങ്കരൻ നമ്പൂതിരി (1926-1983) ,ഇല്ലത്തെ ഇപ്പോഴത്തെ കാരണവരും , മദ്രാസ്‌ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടുകയും, കാനഡയിൽ എഞ്ചീനയറുമായ ശ്രീ കെ.പികേശവൻ നമ്പൂതിരി എന്നിവർ ഇല്ലത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ്‌ . 96 വയസ്സുള്ള ശ്രീ കാളിദേവി അന്തർജ്ജനമാണ്‌ ഇല്ലത്തെ തറവാട്ടമ്മ .

ശ്രീ കെ.പി ശങ്കരൻ നമ്പൂതിരിയുടെയും അമ്മിണി അന്തർജ്ജനത്തിന്റെയും മക്കളായ , ശ്രീ സാവിത്രി അന്തർജ്ജനം,ശ്രീ കെ.പി പുരുഷോത്തമൻ നമ്പൂതിരി, ശ്രീ കെ.പി ദാമോദരൻ നമ്പൂതിരി, ശ്രീമതി കെ .പി നിലീന നമ്പൂതിരി ,ശ്രീമതി കെ.പി ശ്രീദേവി നമ്പൂതിരി, ശ്രീ കെ.പി വാസുദേവൻ നമ്പൂതിരിയുടെയും ശ്രീ സാവിത്രി അന്തർജ്ജനത്തിന്റെയും മക്കളായ ശ്രീ കെ.പി ശ്രീജ നമ്പൂതിരി, ശ്രീ കെ.പി വൃന്ദ ,നമ്പൂതിരി,തറവാട്ടമ്മയായ ശ്രീ കാളിദേവി അന്തർജ്ജനത്തിന്റെ മകളായ ശ്രീ കെ.പി വസന്തപരമേശ്വരൻ നമ്പൂതിരി, എന്നിവരും അവരുടെ സന്താനപരമ്പരകളും അടങ്ങുന്നതാണ്‌ കുന്നക്കാവ്‌ പുതുമന പരമ്പര .

ആചാരാനുഷ്ഠാനങ്ങൾ പാലിച്ച്‌, പ്രകൃതിയെ കാത്ത്‌ സംരക്ഷിച്ച്‌, ഇല്ലത്തെ പരിപാലിക്കാൻ എന്നും പുതുമനയിലെ കുടുംബാംഗങ്ങൾക്ക്‌ സാധിക്കട്ടെ എന്നാശംസിക്കുന്നു.