വളാഞ്ചേരി പീഡനക്കേസ്: പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: വളാഞ്ചേരിയില്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദിന്‍ നടക്കാവിലിനെ രക്ഷപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍.

ഷംസുദ്ദീന്‍ നടക്കാവിലാണ് പ്രതിയെന്നറിഞ്ഞ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ വിളിച്ചിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. കുറ്റക്കാരന്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭയിലെ 32-ാം ഡിവിഷന്‍ മെമ്ബറാണ് ഷംസുദ്ദീന്‍.

വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ ഷംസുദ്ദീന്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. വിവാഹ വാഗ്ദാനത്തില്‍നിന്നു കൗണ്‍സലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കി.

ചൈല്‍ഡ് ലൈനും പോലിസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇതിനിടെയാണു കൗണ്‍സലര്‍ മുങ്ങിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു.