വരാപ്പുഴ കസ്റ്റഡി മരണം: സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്‌

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പ്രതിരോധത്തിലായ സിപിഎം ഇന്ന് വരാപ്പുഴയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തും. വൈകിട്ട് നടക്കുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

കോടിയേരിക്കു പുറമേ, ജില്ലാ സെക്രട്ടറി പി.രാജീവ്, എസ്.ശര്‍മ എംഎല്‍എ തുടങ്ങിയവര്‍ വരാപ്പുഴ ടൗണില്‍ വൈകിട്ട് ആറിന് നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച മുഴുവന്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിലും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വരാപ്പുഴയിലെ വീട് സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ല. എറണാകുളത്തുനിന്ന് വടക്കന്‍ പറവൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരാപ്പുഴ ഒഴിവാക്കി, വൈപ്പിന്‍ വഴി ചുറ്റിക്കറങ്ങിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രി എത്താത്തതിലെ വിഷമം ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.