വരാപ്പുഴ കസ്റ്റഡി മരണം; കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു.
വരാപ്പുഴയില്‍ നടന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്നോടിയായാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. മുഖ്യമന്ത്രി ഇതുവരെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്താതിരുന്നത് നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

സിപിഐഎം നേതാക്കളോ സര്‍ക്കാരിന്റെ പ്രതിനിധികളോ ഇതുവരെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീജിത്തിന്റെ വീടിന് സമീപം വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വീശദീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.