വന്ധ്യതാ രോഗികളിൽ സ്വന്തം ബീജം ഉപയോഗിച്ചു : ഡോക്ടർക്കെതിരെ നടപടി

ഡോ. നോർമൻ ബാവിൻ

ഒട്ടാവ: കാനഡയിലാണ് വന്ധ്യതാ ചികിത്സ നടത്തിയ ഡോ. നോർമൻ ബാവിനെതിരെ പരാതി ഉയർന്നത്. വന്ധ്യത ചികിത്സയ്ക്കായി എത്തിയവർക്ക് സ്വന്തം ബീജം ഉപയോഗിച്ച ഡോക്ടര്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറുടെചികിത്സയിലൂടെ ജനിച്ച കുട്ടി യഥാര്‍ത്ഥ പിതാവിനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോക്ടറുടെ ചികിത്സാ രീതി പുറത്തറിയുന്നത്.

പാരമ്പര്യ രോഗം കണ്ടെത്തിയ കുട്ടിയുടെ കുടുംബത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു അസുഖമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതോടെ സംഭവത്തില്‍ ഡോക്ടറുടെ പങ്ക് വ്യക്തമായി. അതേസമയം ഇയാള്‍ക്കെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കി. കൂടാതെ 30 ദിവസത്തിനുള്ളില്‍ 10,730 ഡോളര്‍ പിഴയും അടയ്ക്കാന്‍ ഉത്തരവിട്ടു.

വന്ധ്യതാ ചികിത്സയിലൂടെ തെറ്റായ രീതിയില്‍ നൂറിലധികം കുട്ടികള്‍ ജനിച്ചെന്നാണ് പരാതി. ഇതില്‍ 11 പേരില്‍ സ്വന്തം ബീജമാണ് ഡോക്ടര്‍ ഉപയോഗിച്ചത്. 2016ല്‍ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ പരാതികള്‍ സത്യമാണെന്ന് തെളിഞ്ഞതോടെ 80-കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2014ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട ഡോക്ടര്‍ അത് കയ്യബദ്ധമായിരുന്നു എന്നാണ് അന്ന് പറഞ്ഞത്.