വന്ധ്യതാ ചികിത്സാരംഗത്ത് വിജയങ്ങളുടെ പുത്തൻ അദ്ധ്യായം രചിച്ച് മുന്നേറുകയാണ് നിലമ്പൂരിലൊരു ഹോമിയോ ഡോക്ടർ

ഷറഫുദ്ധീൻ മുല്ലപ്പള്ളി

പരിശോധനാ സമയത്തിന്റെ അന്ത്യത്തിലാണ് 32 വയസ് പ്രായം തോന്നിക്കുന്ന യുവാവും അയാളുടെ ഭാര്യയും ക്യാബിനിലേക്ക് കയറി വന്നത്. രണ്ട് പേരുടേയും മുഖം മ്ലാനമായിരുന്നു. പ്രതീക്ഷകളറ്റ ഭാവം. നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും കടുത്ത നിരാശ ബാധിച്ചിരുന്നു രണ്ടു പേരേയും.

കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായിട്ടും സന്താന ഭാഗ്യമുണ്ടായിട്ടില്ല. കുറെ ചികിൽസകൾ നടത്തി നോക്കിയിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ഭാരിച്ച ചികിൽസാ ചിലവ് മൂലം ഇനിയൊരു തുടർ ചികിത്സ അവർക്ക് അസാധ്യമായിരുന്നു. വന്ധ്യതാ ചികിൽസാരംഗത്തെ ഉയർന്ന സാമ്പത്തിക ചിലവ് ഒരു സാധാരണ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത താളം തെറ്റിക്കാൻ പോന്നവയാണ്. എന്നാൽ അവരെ മാനസികമായി തകർത്തത് അതൊന്നുമായിരുന്നില്ല.

“നീയൊരു പുരുഷനാണെന്ന് തെളിയിക്ക് ” എന്ന ബന്ധുവിന്റെ പരിഹാസം അവരെ വല്ലാതെ തളർത്തിയിരുന്നു. കുറഞ്ഞ ചിലവിൽ വന്ധ്യതാനിവാരണ രംഗത്ത് കരുത്ത് തെളിയിച്ച ഡോക്ടറെക്കുറിച്ച് അറിഞ്ഞ് വന്നതാണവർ.

അവർക്ക് പറയാനുള്ളത് സശ്രദ്ധം ശ്രവിച്ച ഡോകടർ ആദ്യം ചെറിയൊരു കൗൺസിലിംഗ് നടത്തി. പതിയെ ട്രീറ്റ്മെന്റ് തുടങ്ങി. കൃത്യം ആറാം മാസം ചികിൽസ വിജയം കണ്ടു.

ഇത് ഡോക്ടർ ഹബീബ.

അലോപ്പതിയും ഹോമിയോപ്പതിയും തമ്മിൽ ചികിൽസാ രീതിയിലുള്ള വ്യത്യാസത്തെ പർവ്വതീകരിച്ച് ശീതസമരത്തിലേർപ്പെട്ട വർത്തമാനകാലത്തിൽ അതിലൊന്നും ഭാഗവാക്കാവാതെ വിമർശനങ്ങൾക്കെല്ലാം ചികിൽസയിലൂടെ, ചികിൽസാ വിജയത്തിലൂടെ മറുപടി പറയുകയാണ് ഡോക്ടർ ഹബീബ.

കോഴിക്കോട് ഗവൺമെന്റ് ഹോമിയോ കോളേജിൽ നിന്ന് പഠനം കഴിഞ്ഞ് 2003 ലാണ് പ്രൈവറ്റ് ക്ലിനിക്ക് തുടങ്ങുന്നത്. പതിനാല് വർഷത്തോളം മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ പൂക്കോട്ടുംപാടത്താണ് ചികിൽസ തുടർന്നത്.

തുടക്കകാലത്ത് ഹോമിയോപ്പതിയോട് മുഖം തിരിച്ചവരൊക്കെ ഡോക്ടറുടെ ചികിത്സാരീതിയെ അംഗീകരിക്കാൻ തുടങ്ങി. പത്തും ഇരുപതും പേഷ്യന്റ് മാത്രമുള്ളിടത്ത് നിന്ന് നൂറിന് മുകളിലേക്ക് ഉയർന്നു. ചുരുങ്ങിയ സാമ്പത്തിക ചിലവും ചികിൽസാ ഫലവുമായിരുന്നു മുഖ്യ ആകർഷണം.

നീണ്ട ഒന്നര പതിറ്റാണ്ട് കാലത്തെ സ്വകാര്യ പ്രാക്ടീസിന് ശേഷം 2017 മേയ് 26ന് സർക്കാർ സർവീസിൽ നിയമനം. കാസർഗോഡ് ബദിയടുക്കയിലായിരുന്നു ആദ്യ നിയമനം. ഹ്രസ്വമായ കാലയളവിനുള്ളിൽ നിലമ്പൂരിലെ മുക്കട്ടയിലുള്ള ഹോമിയോ ഡിസ്പൻസറിയിലേക്ക് സ്ഥലം മാറ്റം.

സാധാരണക്കാർ ഭൂരിപക്ഷമുള്ള മുക്കട്ടയിൽ ആദ്യകാലത്ത് തിരക്ക് പൊതുവെ കുറവായിരുന്നു. ചാർജെടുത്ത് മാസങ്ങൾക്കുള്ളിൽ വന്ധ്യതാ ചികിൽസ ഡോക്ടർക്ക് നിർത്തിവെക്കേണ്ടി വന്നു. വർദ്ധിച്ചു വരുന്ന തിരക്കിൽ ചികിൽസ ബുദ്ധിമുട്ടായിരുന്നു.

വന്ധ്യതാ ചികിത്സക്ക് കൗൺസിലിംഗ് ഒരു പ്രധാന ഘടകമായത് കൊണ്ട് സമയം അധികം വേണമായിരുന്നു. അത് കാത്തിരുക്കുന്ന മറ്റു പേഷ്യന്റിന് ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ അത്യാവശ ഘട്ടങ്ങളിൽ മാത്രമാണ് ഡോക്ടർ ഇത്തരം കേസുകൾ ഏറ്റെടുത്തിരുന്നത്.

പേഷ്യന്റിന്റെ തിരക്കും പരിമിതമായ സൗകര്യങ്ങളും കാരണം ചികിൽസ കിട്ടാതെ വിഷമിക്കുന്നവരുടെ കാര്യത്തിൽ ഡോകടർ അതീവ ജാഗ്രത പുലർത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അവരെ മലപ്പുറം മുണ്ടുപറമ്പിലെ സീതാലയ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യാറാണ് പതിവ്.

എന്നാൽ അത്രയും ദൂരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും, യാത്രാ ചിലവും കണക്ക് കൂട്ടിയ രോഗികൾ ഡോക്ടറുടെ വീട്ടിലേക്ക് ചെല്ലാൻ തുടങ്ങി. പതിനഞ്ച് ദിവസത്തെ മരുന്നിന് ഇരുന്നൂറ് രൂപയിൽ താഴെ മാത്രമാണ് ചാർജ്.

രോഗികളുടെ നിരന്തരമായ ആവശ്യപ്രകാരം പരിശോധന വീട്ടിലും തുടങ്ങേണ്ടി വന്നു. ഇപ്പോൾ രാത്രി പതിനൊന്ന് വരെ രോഗികളുടെ തിരക്കാണ്.

ഏത് ചികിൽസാ രീതിയേയും തള്ളിപ്പറയാൻ ഡോകടർ ഒരുക്കമല്ല. പക്ഷെ ഹോമിയോപ്പതിയുടെ സാധ്യത ആളുകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് മാത്രമാണ് ഡോക്ടർക്ക് പറയാനുള്ളത്.

ഒരു സാധാരണക്കാരന്റെ കുടുംബ ബജറ്റിന് താങ്ങാൻ കഴിയാത്തതാണ് വന്ധ്യതാ ചികിത്സ എന്നത്. ഭാരിച്ച ചികിത്സ ചിലവ് കാരണം തുടർ ചികിത്സ നിർത്തിയവരുണ്ട്. സാമ്പത്തികാടിത്തറ തകർന്നവരുണ്ട്. അവർക്കാണ് ഹോമിയോപ്പതി താങ്ങും തണലുമാകുന്നത്. അവരുടെ പ്രതീക്ഷ തന്നെയാണ് ഡോക്ടർ ഹബീബ.

സന്താനഭാഗ്യം കടാക്ഷിക്കാതെ ദുഖമനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ എത്തിപ്പിടിക്കാൻ പറ്റാവുന്ന അത്രയും ലളിതാമണ് ഡോക്ടറുടെ ചികിത്സ രീതി. മരുന്നിനേക്കാൾ അവരെ മാനസികമായി ആരോഗ്യവാൻമാരാക്കുക എന്നതാണ് ആദ്യ കടമ്പ. അതിൽ വിജയിച്ചാൽ മരുന്നുകൾ എളുപ്പത്തിൽ ഫലിച്ചു തുടങ്ങും.

നിരന്തര ചികിത്സകൊണ്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്ക് ഒന്ന് പരീക്ഷിക്കാവുന്നതാണ് ഈ ഡോക്ടറുടെ സേവനം.

ക്ലിനിക്കിലും ഡിസ്പെൻസറിയിലും കാണുന്ന നീണ്ട ക്യൂ നമുക്കൊരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. ആളുകൾ ഡോക്ടറിൽ അർപ്പിക്കുന്ന വിശ്വാസം തന്നെയാണ് ജനകീയ ഡോകടറെന്ന വിശേഷണം ഡോക്ടറെ തേടിയെത്താൻ കാരണവും.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമേതെന്ന ചോദ്യത്തിന് നൂറിലധികം കുടുംബങ്ങളിൽ സന്തോഷമെത്തിക്കാനായതാണെന്നായിരുന്നു ഒട്ടും ആലോചിക്കാതെയുള്ള ഡോക്ടറുടെ മറുപടി.