വനിതാ മതില്‍ നവോത്ഥാനമോ..കേരളത്തെ ഭിന്നിപ്പിക്കാനോ ?

ലക്ഷ്മി മോഹന്‍

വനിതാ മതിലിനെച്ചൊല്ലി തര്‍ക്കവും ചര്‍ച്ചയും വിമര്‍ശനങ്ങളും രൂക്ഷമാവുകയാണ്. ശബരിമല വിഷയത്തിലും നവോത്ഥാന സംഘടന യോഗത്തിലും ഇടഞ്ഞ എന്‍എസ്എസ് വനിതാ മതില്‍ വിഷയത്തിലും ഇടഞ്ഞുതന്നെ. സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷവും ശക്തമായി വിമര്‍ശിക്കുന്നു. അതേസമയം പേരിന് ഒരു സ്ത്രീമാത്രം പങ്കെടുത്ത യോഗം വനിതാമതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതും വര്‍ഗീയത പരസ്യമായി വെളിപ്പെടുത്തിയ ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനറായി പ്രഖ്യാപിച്ചതും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ശബരിമല വിഷയത്തില്‍ ഉയര്‍ന്നിരിക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനായി നവോത്ഥാന വനിതാ മതില്‍ തീര്‍ക്കാന്‍ തയ്യാറെടുത്ത സര്‍ക്കാരിന് ഇത് തിരിച്ചടിയായി.

പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതില്‍ സംഘടിപ്പിക്കുന്നത് നിഷേധാര്‍ഹമാണ്.  എന്നാല്‍ സ്ത്രീ-പുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയാണെന്നും, എന്‍എസ്എസും രമേശ് ചെന്നിത്തലയും സഹകരിക്കണമെന്നുമാണ്  സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യമുള്ള എന്‍എസ്എസ്  പരിപാടിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. വനിതാമതിലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിലും പങ്കെടുത്തിരുന്നില്ല. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവര്‍ണ, അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും വിമര്‍ശിക്കുന്നു.

ഇടതുപക്ഷ സഹയാത്രികരായ സ്ത്രീകളടക്കം വനിതാമതില്‍ തീരുമാനിക്കപ്പെട്ട യോഗത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് സ്ത്രീകള്‍ പങ്കെടുക്കാത്ത നവോഥാന സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നവോത്ഥാന വനിതാ മതില്‍ എന്ന തീരുമാനത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഹാദിയ വിഷയത്തില്‍ വര്‍ഗീയവിഷം പ്രചരിപ്പിച്ച സി പി സുഗതനെ സമിതിയുടെ നേതൃനിരയില്‍ സ്ഥാനംകൊടുത്തത് ഇപ്പോള്‍ സര്‍ക്കാരിനും തലവേദനയായിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും സ്ത്രീകളെ രംഗത്തിറക്കാനുള്ള കാമ്പയിനുമായി മുന്നോട്ട് പോവുകയാണ് സമുദായസംഘടനാ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും. ജനുവരി ഒന്നിനാണ്, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ സമുദായസംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതില്‍.