വനിതാ മതില്‍: ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക്‌ ചുമതല; കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതി, മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പാണു മുഖ്യസംഘാടനം. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി.

വനിതാ മതിലില്‍ അണി നിരക്കുക 30 ലക്ഷത്തോളം സ്ത്രീകളെന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതാമതില്‍ ഉയരുക. ജനുവരി ഒന്നാംതിയതി വൈകുന്നരേം നാല് മണിക്ക് ദേശീയപാതയിലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന് മുദ്രാവാക്യത്തോടെ സ്ത്രീകള്‍ മതില്‍ തീര്‍ക്കുന്നത്.

എഴുത്തുകാരികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മതിലില്‍ അണി ചേര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. വെള്ളപ്പള്ളി നടേശനും പുന്നല ശ്രീകുമാറുമാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്നത്.