വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച തലവെട്ടി ബിനു പൊലീസിൽ കീഴടങ്ങി

ചെന്നൈ: പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചന്‍-47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണു കീഴടങ്ങിയത്. ബിനുവിനെ കണ്ടാല്‍ വെടിവയ്ക്കാനായിരുന്നു പോലീസ് ഉത്തരവ്. ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ വടിവാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണു ബിനു ശ്രദ്ധേയനായത്.

ആഘോഷത്തിനിടെ രാത്രിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 75 ഗുണ്ടകളും പിടിയിലായി. ഇവരില്‍ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേര്‍ 18 വയസ്സിനു താഴെയുള്ളവരും. കൊലപാതകക്കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്‌ക്കെത്തിയ നൂറിലേറെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണു ബിനു രക്ഷപ്പെട്ടത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.