വടയമ്പാടിയില്‍ സമരക്കാര്‍ക്കെതിരെ ആര്‍എസ്എസ്സിനൊപ്പം സിപിഎം നിലകൊള്ളുന്നത് വേദനിപ്പിക്കുന്നു: കുരീപ്പുഴ ശ്രീകുമാര്‍

അനൂപ് കൈലാസനാഥ ഗിരി

കൊല്ലം: വടയമ്പാടിയില്‍ സമരക്കാര്‍ക്കെതിരെ ആര്‍എസ്എസ്സിനൊപ്പം സിപിഎം നിലകൊള്ളുന്നത് വേദനിപ്പിക്കുന്നുവെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ഭരണകൂടത്തിന്റെ രീതിശാസ്ത്രങ്ങളാണ് വടയമ്പാടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ വിഷമമുണ്ട്. അങ്ങനെ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സിപിഎം സമരത്തിനൊപ്പം നില്‍ക്കേണ്ടവരാണ്. ബ്രാഹ്മണിക്കലായ മൂല്യങ്ങളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നതിനോടും യോജിക്കുന്നില്ല. ഇത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ് – ശ്രീകുമാര്‍ 24 കേരളയോട് പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ ബുദ്ധമത വിശ്വാസികളെ ഓടിക്കുന്നതിനായി ഹിന്ദുമതവിശ്വാസികള്‍ പൂരപ്പാട്ട് നടത്തിയതിന് സമാനമാണ് എനിക്കെതിരെ ആര്‍എസ്എസ് നടത്തിയ ആക്രമണം. വടയമ്പാടിയിലുയര്‍ന്ന ജാതി മതിലിനെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസുകാരെക്കുറിച്ചും ഞാന്‍ സംസാരിച്ചതാണ് ആക്രമണത്തിന് കാരണം. കടയ്ക്കല്‍ കോട്ടുങ്കലില്‍ കൈരളി ഗ്രന്ഥശാലയുടെ അന്‍പതാം വാര്‍ഷികത്തിന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് ഞാന്‍ പോയത്. പരിപാടി നടക്കുന്നത് ഒരു പൊതു മൈതാനത്തായതിനാല്‍, കേരളത്തിലിപ്പോള്‍ പൊതുമൈതാനങ്ങള്‍ വര്‍ഗീയ വാദികള്‍ കൈയ്യേറിക്കൊണ്ടിരിക്കുകയാണെന്നും ഒടുവിലത്തെ ഉദാഹരണം വടയമ്പാടിയാണെന്നും പറഞ്ഞു. വടയമ്പാടിയില്‍ നടത്താനുദ്ദേശിച്ചിരുന്ന ആത്മാഭിമാന കണ്‍വെന്‍ഷന്‍ നടത്താനായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയും സമരത്തിനു സംരക്ഷണം നല്‍കേണ്ട പൊലീസ്, കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദളിതന് ഇതുണ്ടാക്കിയിട്ടുള്ള മുറിവ് വളരെ വലുതാണ്. പൊതു ഇടങ്ങള്‍ കൈയ്യേറാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നതാണ് ഇതിനെല്ലാം കാരണമെന്നും പ്രസംഗത്തിലൂടെ സൂചിപ്പിച്ചു – കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

പ്രസംഗ സമയത്ത് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പിന്നീടാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. സംഘാടകര്‍ സംരക്ഷണം നല്‍കിയത് കൊണ്ടുമാത്രമാണ്‌ ദേഹോപദ്രവം ഏല്‍ക്കാതിരുന്നത്. ജനാധിപത്യരീതിയിലുള്ള ഒരു പ്രതിഷേധ പ്രകടനവും അവരില്‍ നിന്നും ഉണ്ടായിട്ടില്ല – കുരീപ്പുഴ പറഞ്ഞു.

കേരളത്തില്‍ ജാതീയ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ ജാതിരഹിത ജീവിതവും വര്‍ദ്ധിക്കുന്നുണ്ട്. അത് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്. ഞാന്‍ ഒരു മാസത്തില്‍ രണ്ടു തവണയെങ്കിലും മിശ്ര വിവാഹങ്ങളില്‍ പങ്കെടുക്കാറുണ്ട്. ജാതിരഹിതമായ മുന്നേറ്റം കേരളത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളം ഭ്രാന്താലയമായി മാറുമായിരുന്നു. മതാതീതവും ജാതി അതീതമായ ചിന്തയും സംസ്‌കാരവും ഉണ്ടാകണം. സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതിനെ നാം സ്വീകരിക്കണം. ഇത്തരത്തില്‍ കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ ആരോഗ്യകരമല്ലെന്നും കുരീപ്പുഴ പറഞ്ഞു.