വടയമ്പാടിയില്‍ നടന്നത് സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമം: പി.രാജീവ്

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: വടയമ്പാടിയിലെ ദളിത്‌ പ്രശ്നം ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടെന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് 24 കേരളയോട് പറഞ്ഞു. മുന്‍പുള്ള സ്ഥിതി തന്നെ വടയമ്പാടിയിലെ പൊതുമൈതാനത്ത് നിലനിര്‍ത്താന്‍ കളക്ടര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തര്‍ക്കം വരും മുന്‍പ് വടയമ്പാടിയിലെ പൊതുമൈതാനം എങ്ങിനെയാണോ ആ സ്ഥിതി തന്നെ ഇനിയും തുടരും. അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്-രാജീവ് പറഞ്ഞു.

ജാതി അടിസ്ഥാനത്തിലുള്ള മതില്‍ പ്രശ്നം വന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള സംഘടനകള്‍
ഇടപെട്ടു. ഹിന്ദുത്വ ശക്തികള്‍ ഇതിനെ ചൂഷണം ചെയ്യാന്‍ രംഗത്തെത്തിയതോടെ ഒരു സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമം നടന്നു. അപ്പോഴാണ്‌ സിപിഎം പ്രശ്‌നത്തില്‍ ഇടപെട്ടത് – രാജീവ് വ്യക്തമാക്കി.

ജാതി-മത പ്രശ്നങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുത്. ഇപ്പോള്‍ സഞ്ചാരസ്വാതന്ത്ര്യം നിലനിര്‍ത്തിയിട്ടുണ്ട്. ആര്‍ക്കും പൊതുമൈതാനം ഉപയോഗിക്കാം. ക്ഷേത്ര അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളാണ്‌ സംഭവം വഷളാക്കിയത്.

ഒരു ജാതിക്കാര്‍ മാത്രമല്ല എല്ലാ ജാതിക്കാരും പൊതുമൈതാനം ഉപയോഗിക്കുന്നുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി. 1981ല്‍ വടയമ്പാടി പൊതുമൈതാനത്തിന്റെ പട്ടയം എന്‍എസ്എസ് രഹസ്യമായി കൈക്കലാക്കിയിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭജനമഠം ദേവീക്ഷേത്രം എന്‍എസ്എസിന്റെ അധീനതയില്‍ ഉളളതാണ്. ഇതിനോട് ചേര്‍ന്ന് ഉള്ളതാണ് പൊതുമൈതാനം. പൊതുമൈതാനത്തിന്റെ പട്ടയം സര്‍ക്കാരില്‍ നിന്നും നേടിയതാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രത്തിനു തൊട്ടുള്ള ക്ഷേത്രമൈതാനം ഒരു പൊതുസ്വത്തായായാണ്‌ എല്ലാവരും കരുതിയത് – രാജീവ് പറഞ്ഞു.

വടയമ്പാടിയിലെ ഈ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ദളിത്‌ കോളനിക്കാര്‍ ഈ പൊതുമൈതാനം ഉപയോഗിക്കുന്നവരാണ്. പൊതുമൈതാനത്ത് ക്ഷേത്ര അധികാരികള്‍ മതില്‍ കെട്ടുകയും ദളിത്‌ കോളനിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

പൊതുമൈതാന പട്ടയം എന്‍എസ്എസിന് സര്‍ക്കാര്‍ നല്‍കി എന്നാരും അറിഞ്ഞിട്ടില്ല. ഇത് ക്ഷേത്ര അധികാരികള്‍ പരസ്യപ്പെടുത്തിയതോടെ പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പട്ടയം ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കാന്‍ കളക്ടര്‍ തന്നെ നേരിട്ട് റവന്യൂ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാര്‍ തലത്തില്‍ തന്നെ പരിശോധിക്കും.

പൊതുമൈതാനത്തില്‍ ക്ഷേത്ര അധികാരികള്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു തടസം നില്‍ക്കുന്നതാണ്. ഈ കാര്യത്തില്‍ സിപിഎമ്മും എതിരായിരുന്നു. മതില്‍ പ്രശ്നം വന്നപ്പോള്‍ ക്ഷേത്ര അധികാരികള്‍ കോടതിയില്‍ പോയി. സ്വാഭാവികമായും അവര്‍ക്ക് പൊലീസ് സംരക്ഷണം കോടതി നല്‍കി.

ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. മതില്‍ പൊളിച്ചു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ സിപിഎമ്മും ആവശ്യപ്പെട്ടത് വടയമ്പാടിയില്‍ മുന്‍പുള്ള സ്ഥിതി നിലനിര്‍ത്തണം എന്നാണ്. പെട്ടെന്ന് ഉണ്ടായ പ്രശ്നങ്ങള്‍ അല്ലെന്നാണ്‌ ക്ഷേത്ര അധികാരികള്‍ വിശദീകരിക്കുന്നത്.

മുന്‍പ് അവിടെ വീട് നിര്‍മിക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചിരുന്നു. അന്ന് ക്ഷേത്രം അധികാരികള്‍ കോടതിയില്‍ പോയാണ് ആ ശ്രമം പൊളിച്ചത്. അതുകൊണ്ടാണ് ക്ഷേത്ര മൈതാനത്ത് മതില്‍ കെട്ടിയും
ക്ഷേത്ര കവാടം കെട്ടിയും തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചത് എന്നാണ് ക്ഷേത്ര അധികാരികളുടെ വിശദീകരണം-രാജീവ് പറഞ്ഞു.

വടയമ്പാടിയിലെ ഭജനമഠം ദേവീ ക്ഷേത്രം നിലകൊള്ളുന്നത് ഒരേക്കര്‍ 20 സെന്റ്‌ സ്ഥലത്താണ്. ഈ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഒരേക്കര്‍ സ്ഥലത്ത് പൊതുമൈതാനം നിലകൊള്ളുന്നത്.

ഭജനമഠം ദേവീക്ഷേത്രത്തിനു തൊട്ടപ്പുറത്തായി മൂന്നോളം ദളിത്‌ കോളനികളുണ്ട്. ആറേഴ് ദശകങ്ങളായി ഈ കോളനിക്കാര്‍ ഉപയോഗിച്ചു വരുന്നതാണ് പൊതുമൈതാനം. ഈ പൊതുമൈതാനത്ത് ഒരു കിണറുമുണ്ട്. ഇത് പൊതുവായുള്ളതാണ്. ആര്‍ക്കും ഉപയോഗിക്കാം എന്ന ധാരണയാണ് ജനങ്ങള്‍ക്കുള്ളത്.

പക്ഷെ 1981-ല്‍ എന്‍എസ്എസ് വളരെ രഹസ്യമായി പൊതുമൈതാനത്തിന്റെ പട്ടയം സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുകയായിരുന്നു. ഇത് പക്ഷെ ആരും അറിഞ്ഞില്ല. അറിഞ്ഞ രീതിയില്‍ ഒരു നീക്കവും ക്ഷേത്ര ഭരണാധികാരികളില്‍ നിന്ന് വന്നതുമില്ല. പക്ഷെ പെട്ടെന്ന് പൊതുമൈതാനത്ത് ക്ഷേത്ര അധികാരികള്‍ മതില്‍ കെട്ടുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും പൊതു കിണര്‍ പൊതു കിണര്‍ അല്ലാതാകുകയും ചെയ്തു. ഇതോടെ  സ്വാഭാവികമായും ജനങ്ങളില്‍ നിന്ന് പ്രതിഷേധം വന്നു.

ദളിത്‌ പ്രശ്നം വന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പാര്‍ട്ടികള്‍ ഇടപെടുകയും അതിന് ഒരു സാമുദായിക മുഖം വരുകയും ചെയ്തു. മറുവശത്ത് ഹിന്ദുത്വ ശക്തികള്‍ സംഘടിച്ചു. ജാതി-മത പ്രശ്നം കടന്നുവന്നപ്പോള്‍ സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഇപ്പോള്‍ പൊതുമൈതാനത്ത് മതിലില്ല. തത്സ്ഥിതി തുടരാന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു. പ്രശ്നങ്ങള്‍ താത്കാലികമായി പരിഹരിക്കപ്പെട്ടിട്ടുണ്ട് – രാജീവ് പറഞ്ഞു.