ലോഡ് ഷെഡിങ് സർക്കാരിന്റെ പിടിപ്പുകേടെന്ന്‌ ചെന്നിത്തല; പതിനെട്ടിന് സെക്രട്ടേയറ്റിനു മുന്നില്‍ എംഎല്‍എമാരുടെ ധര്‍ണ

തിരുവനന്തപുരം:  മഴക്കാലത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പിടിപ്പുകേടെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതിനിരക്കിന്‍റെയും ഇന്ധനവിലയുടെയും വർധനയ്ക്കെതിരെ പതിനെട്ടിന് സെക്രട്ടേയറ്റിനു മുമ്പിൽ എംഎൽഎമാർ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പത്ത് ദിവസത്തിനുള്ളില്‍ തന്നെ വൈദ്യുതി നിയന്ത്രണം  കൊണ്ടുവരേണ്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്.

നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കും. വൈദ്യുതിയെത്തിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.