ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്‌, വോട്ടെണ്ണല്‍ മെയ് 23ന്

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒന്നാംഘട്ടം ഏപ്രില്‍ 11ന്. രണ്ടാംഘട്ടം ഏപ്രില്‍ 18. മൂന്നാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 23ന്, നാലാംഘട്ടം ഏപ്രില്‍ 29. അഞ്ചാംഘട്ടം മേയ് 6, ആറാം ഘട്ടം മേയ് 12 ന്. ഏഴാം ഘട്ടം മേയ് 19ന്. വോട്ടെണ്ണല്‍ മേയ് 23 നാണ്.  ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജൂണ്‍ മൂന്ന് വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 8 4.3 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. പതിനെട്ടും പത്തൊന്‍പതും വയസുളള വോട്ടര്‍മാരുടെ എണ്ണം 15 ദശലക്ഷമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് ബൂത്തുകള്‍ തയാറാകും.എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങൾക്കു ജിപിഎസ് നിരീക്ഷണമുണ്ടാകും. പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കും. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കും.