ലോക്സഭാ തെരഞ്ഞെടുപ്പ്; വിവിധ സംസ്ഥാനങ്ങളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിന്

ന്യൂഡെല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് സഹകരണം ഉണ്ടാകുമെന്നാണ് സൂചന. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചേക്കും.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക, സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും സീറ്റുകള്‍ കൂട്ടുക, ബദല്‍ മതേതര സര്‍ക്കാരിന് ശ്രമിക്കുക. ഈ മൂന്ന് നിര്‍ദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നയം. എന്നാല്‍ ഫലത്തില്‍ പ്രാദേശിക സഖ്യങ്ങള്‍ രാഷ്ട്രീയ സഖ്യമായി മാറും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡിഎംകെ സഖ്യത്തില്‍ സിപിഎം മത്സരിക്കും.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബീഹാറില്‍ ആര്‍ജിഡി കോണ്‍ഗ്രസ് വിശാല സഖ്യത്തിന്‍റെ ഭാഗമാകും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്ക്കും. പശ്ചിമബംഗാളില്‍ തൃണമൂലുമായി സഹകരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് തീരുമാനം സിപിഎമ്മിന് ആശ്വാസമായി.

നിലവില്‍ ബംഗാളില്‍ 24 പര്‍ഗാനാസ് എന്ന മേഖലയില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയായി സിപിഎം മാറി എന്ന് നേതാക്കളും സമ്മതിക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് രണ്ടോ മൂന്നോ സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസുമായി അടവുനയം അനിവാര്യമെന്നാണ് സംസ്ഥാനനേതാക്കള്‍ നല്കുന്ന സൂചന.