ലോകത്തെ മുഴുവന്‍ ഒരു വിരല്‍ത്തുമ്പിലേക്കാവാഹിച്ച വേള്‍ഡ് വൈഡ് വെബ് 30ാം പിറന്നാള്‍ നിറവില്‍

 


സിജി. ജി. കുന്നുംപുറം

വേള്‍ഡ് വൈഡ് വെബിന്റെ 30-ാം പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

1989 മാര്‍ച്ച്‌ 12നാണ് വേള്‍ഡ് വൈഡ് വെബ് എന്ന ആശയം ടിം ബര്‍ണേഴ്‌സ് ലീ ആദ്യമായി അവതരിപ്പിച്ചത്. ആ കണ്ടെത്തല്‍ പിന്നീട് ആശയവിനിമയ രംഗത്ത വിപ്ലവകരമായ ഒരു ചുവടുവെപ്പായി. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവിധ ഉള്ളടക്കങ്ങളെ – അത് അക്ഷരങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ എന്തുമാകട്ടെ-നമുക്ക് ലഭ്യമാക്കിത്തരുന്ന വിവര ശൃംഖലയാണ് വെബ്ബ്. ഹൈപ്പര്‍ലിങ്കുകളുടെ സഹായത്തോടെ ഇന്റര്‍നെറ്റിലെ ഉള്ളടക്ക ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, എളുപ്പത്തില്‍ തിരഞ്ഞു കണ്ടെത്താനും സഹായിക്കുന്ന പ്രോഗ്രാമാണ്.

വേള്‍ഡ് വൈഡ് വെബിന്റെ ചരിത്രം 1950കളില്‍ സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ സേനയാണ് കമ്ബ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെക്കുറിച്ച്‌ ആദ്യമായി ഗവേഷണം തുടങ്ങിയത്. 1969ല്‍ ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ ആര്‍പ്പാനെറ്റ് അമേരിക്കന്‍ സേന അവതരിപ്പിച്ചു. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു. എന്നാല്‍ കമ്ബ്യൂട്ടറുകളിലൂടെ ലോക ജനതയെ ഒരുമിപ്പിക്കാനുള്ള ആശയമായിരുന്നു ടിം ബര്‍ണേഴ്‌സ് ലി അവതരിപ്പിച്ചത്.

1980-ല്‍ യൂറോപ്യന്‍ കണികാപരീക്ഷണ ശാല ആയ ‘സേണി’ല്‍ (CERN) പ്രവര്‍ത്തിക്കുന്ന സമയത്താണ് മറ്റ് കമ്പ്യൂട്ടറുകളുമായി വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന പ്രോഗ്രാം രൂപീകരിക്കുക എന്ന ആശയം ബേണേഴ്‌സ്-ലീയുടെ മനസിലെത്തുന്നത്. ഗവേഷകര്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാനും സമയാ സമയം പരിഷ്‌കരിക്കാനുമായി ഹൈപ്പെര്‍ ടെക്സ്റ്റ് തത്ത്വം പ്രയോഗിക്കുന്ന ഒരു പദ്ധതി അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ആശയത്തെ അടിസ്ഥാനമാക്കി എന്‍ക്വയര്‍ എന്നൊരു സംവിധാനം അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു.കുറച്ചു വർഷങ്ങൾ സി.ഈ.അർ.എന്നിൽ നിന്നു വിട്ടുനിന്നതിനു ശേഷം ബെർണേർസ് ലീ 1984 അവിടേക്ക് തിരിച്ചെത്തി.സി.ഈ.അർ.എൻ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ഇന്റർനെറ്റ് നോഡ് ആയിരുന്നു.

ഹൈപ്പർ ടെക്സ്റ്റിനെ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയാലുള്ള സാധ്യതകളെപ്പറ്റി അദ്ദേഹം ചിന്തിച്ചു. 1989 ൽ ഈ ആശയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രാരംഭ പദ്ധതി തയ്യാറാക്കി.
1990 ല്‍ റോബര്‍ട്ട് കെയ്‌ല്യവിന്റെ സഹായത്തോടെ എന്‍ക്വയര്‍ പരിഷ്‌കരിക്കുകയും വേള്‍ഡ് വൈഡ് വെബ് വികസിപ്പിക്കുകയും ചെയ്തു. ഇതിനായി വേള്‍ഡ് വൈഡ് വെബ് എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ വെബ ബ്രൗസറും ലീ നിര്‍മ്മിച്ചു.

എച്ച്‌.റ്റി.റ്റി.പി.ഡി (അഥവാ ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഡീമണ്‍) എന്ന ലോകത്തെ ആദ്യത്തെ വെബ് സെര്‍വ്വറും അദ്ദേഹം ഇതിനായി നിര്‍മ്മിച്ചു. ഇന്റര്‍നെറ്റിന്റെ നെടുംതൂണുകളായ മൂന്ന് അടിസ്ഥാന സാങ്കേതിക വിദ്യകളിലൂടെയാണ് ഇന്റര്‍നെറ്റ് എന്ന ആശയം കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കപ്പെട്ടത്. ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്‌അപ്പ് ലാഗ്വേജ്, യൂണിഫോം റിസോഴ്‌സ് ഐഡന്റിഫയര്‍ (ഓണ്‍ലൈന്‍ അഡ്രസ്), ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ എന്നിവയായിരുന്നു ഇന്റര്‍നെറ്റ് ആശയത്തിന്റെ നെടുംതൂണുകളായി മാറിയ സാങ്കേതിക വിദ്യകള്‍. 1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്‌സൈറ്റ് ഓണ്‍ലൈനിലെത്തിയത്. info.cern.ch എന്ന വെബ്‌സൈറ്റില്‍ വേള്‍ഡ് വൈഡ് വെബ്, എങ്ങനെ ഒരു വെബ് ബ്രൗസര്‍ ഉപയോഗിക്കാം, വെബ് സെര്‍വ്വര്‍ ക്രമീകരിക്കുന്നതെങ്ങനെ എന്നിങ്ങനെയുള്ള വെബ്ബിന്റെ ഉപയോഗം വിശദീകരിക്കുന്ന ഉള്ളടക്കമായിരുന്നു അടങ്ങിയിരുന്നത്. വെബ്സൈറ്റില്‍.

സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രസ്താനത്തിന്റെ നേതാവ് റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ ആരാധകനായിരുന്നു ബേണേഴ്‌സ്-ലീ. അതിനാല്‍ താന്‍ നടത്തിയ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് എക്കാലവും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി, തന്റെ സ്ഥാപനമായ സേണിനെക്കൊണ്ട് തൊണ്ണൂറുകളില്‍ അതിനാവശ്യമായ സുപ്രധാന കരാറില്‍ ബേണേഴ്‌സ്-ലീ ഒപ്പുവെപ്പിച്ചു! വെബ്ബിന്റെ ഉന്നമനത്തിനായി വിവിധ കമ്പനികളെ ഉള്‍പ്പെടുത്തി വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം അഥവാ ഡബ്ല്യു3സി (W3C) എന്ന കൂട്ടായ്മയ്ക്കും ബേര്‍ണേഴ്-ലീ രൂപം നല്‍കി. വെബ്ബിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുകയും അവ പ്രാവർത്തികമാക്കുകയുമാണ് ഈ സംഘടനയുടെ ലക്ഷ്യം.