ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദവിരുദ്ധസേനയായ ഇന്ത്യൻ കരസേനയുടെ ‘രാഷ്ട്രീയ റൈഫിൾസിനെ’ക്കുറിച്ചൊരു ചരിത്രാന്വേഷണം

പ്രിൻസ് പവിത്രൻ

‘ഇന്ത്യ’ എണ്ണമറ്റ സംസ്ക്കാരങ്ങളുടേയും മതങ്ങളുടേയും ജാതികളുടേയും ഭാഷകളുടേയും ഒരു സംഗമകേന്ദ്രമാണ്. ഈ നാനാത്വങ്ങളിലെ ഏകത്വത്തിന് ‘ഇന്ത്യയുടെ’ പ്രതിരോധസേനകളുടെ പിൻബലവും ജനാധിപത്യവുമാണ് മുഖ്യ കാരണങ്ങൾ. സ്വാതന്ത്ര്യാനന്തരം ‘ഇന്ത്യയുടെ’ കിഴക്ക്/വടക്ക് മേഖലകളിൽ നിന്ന് നേരിട്ട സുരക്ഷാവെല്ലുവിളികൾ അതിജീവിക്കാനായത് ‘ഇന്ത്യനാർമിയുടെ’ ശക്തമായ സാന്നിധ്യത്തിലൂടെയും നിസ്വാർത്ഥസേവനത്തിലൂടെയുമാണ്. 1990-കളുടെ മധ്യത്തോടെയാണ് ‘ഇന്ത്യനാർമിക്ക്’ പ്രത്യേകമായൊരു ‘കലാപവിരുദ്ധ/തീവ്രവാദവിരുദ്ധ കാലാൾപ്പട’ വേണമെന്ന ആവശ്യം ശക്തമായത്. ‘രാഷ്ട്രീയ റൈഫിൾസിന്റെ’ രൂപീകരണം കഴിഞ്ഞ് 25 വർഷങ്ങൾക്കിപ്പുറം ഏകദേശം 8000-ത്തിലധികം തീവ്രവാദികളെ വധിക്കുകയും 6000-ത്തിലധികം തീവ്രവാദികളെ അറസ്റ്റ്ചെയ്യുവാനും ഇന്ത്യയുടെ ഈ ‘റാംബോ സേനക്ക്’ കഴിഞ്ഞു.’രാഷ്ട്രീയ റൈഫിൾസിന്റെ’ സേനാമുദ്രാവാക്യം “ധീരത ഓർ വീരത’ എന്നാണ്. ആ സേനാമുദ്രാവാക്യം തന്നെയാണ് അവരുടെ കർമ്മവും. ഓരോകാൽവെപ്പിലും മരണമൊളിഞ്ഞിരിക്കുന്ന കാശ്മീർതാഴ്വരകളിലെ ഈ സുരക്ഷാസൈനികർക്ക് ഓരോദിവസവും ഓരോ വെല്ലുവിളികളാണ്. ഇതുവരെ ധീരതയുടെ ഇന്ത്യൻ അംഗീകാരങ്ങളായ 6 അശോകചക്രയും 34 കീർത്തിചക്രകളും 221 ശൗര്യചക്രമളും 1508 സേനാമെഡലുകളും നേടാൻഇന്ത്യയുടെ ഈ സര്‍വ്വപ്രമുഖമായ തീവ്രവാദവിരുദ്ധ സേനക്കായി.

‘രാഷ്ട്രീയ റൈഫിൾസ്’ രൂപീകൃതമായത് 1987-ലെ ശ്രീലങ്കയിലെ ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ഓപ്പറേഷനായ (Out Of Area Operation,OOA) ‘ഓപ്പറേഷൻ പവാന്റെ’ കാലത്തായിരുന്നു. ‘ശ്രീലങ്കയിൽ’ അന്ന് 4 ഫ്രണ്ടിയർ സേനാവിഭാഗങ്ങളുടെ ഡിവിഷനുകളായിരുന്നു ഈ മിഷനിൽ പങ്കെടുത്തത്. തുടർന്ന് ഇന്ത്യയുടെ കിഴക്കൻസംസ്ഥാനങ്ങളിൽ ‘പാക്കിസ്ഥാന്റേയും’ ‘ചൈനയുടേയും’ രഹസ്യാന്വേഷണവിഭാഗങ്ങളുടെ പരിശീലനത്തിലും സാമ്പത്തികസഹായത്തിലും ഉയർന്ന ‘തീവ്രവാദഗ്രൂപ്പുകളേയും’ ഇന്ത്യൻ ആർമിക്ക് നേരിടേണ്ടിവന്നു. ‘കരസേനയുടെ ഇൻഫണ്ട്രി’ അഥവാ കാലാൾപ്പടയുടെ പരിശീലനം പ്രധാനമായും ശത്രുരാജ്യങ്ങളുടെ സേനകളെ നേരിടാനുള്ള രീതിയിലായിരുന്നു. അതിനാൽ രാജ്യത്തിനകത്ത് നുരഞ്ഞുപൊങ്ങിയ തീവ്രവാദികളേയും കലാപകാരികളേയും നേരിടാൻ പ്രത്യേക പരിശീലനം നേടിയ ഒരു പ്രത്യേകസേന എന്ന ആശയം അങ്ങനെ ഇന്ത്യയുടെ പ്രതിരോധമേഖലയിൽ ശക്തിപ്രാപിച്ചു. പഞ്ചാബിലെ ‘സിഖ് തീവ്രവാദികളെ’ നേരിടാൻ ‘ഇന്ത്യൻ ആർമി’ ഇറങ്ങിയപ്പോൾ ഈ ഇവശ്യത്തിന് ശക്തികൂടി.

1990-കളുടെ തുടക്കത്തിൽ ‘പാക്കിസ്ഥാന്റെ’ രഹസ്യാന്വേഷണസംഘടനയുടെ ‘കാശ്മീർ സ്വാതന്ത്ര്യത്തിനായുള്ള’ ‘സർബ്-ഇ-മോമിൻ’ എന്നുപേരിട്ട നിഴൽയുദ്ധം മറനീക്കിപുറത്തുവന്നു. ഇന്ത്യയുടെ സർവ്വ രഹസ്യാന്വേഷണ വിഭാഗങ്ങളേയും അമ്പരിപ്പിച്ചുകൊണ്ട് ഏഴോളം തീവ്രവാദസേനകൾ ‘കാശ്മീർ’ സ്വതന്ത്യരാജ്യമാക്കണമെന്നും പാക്കിസ്ഥാനിൽ ചേർക്കണമെന്ന വാദവുമായി ആയുധമെടുത്ത് പോരാട്ടമാരംഭിച്ചു. തുടർന്ന് നടന്ന കലാപങ്ങളിൽ കാശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റുകൾ മൃഗീയമായി വേട്ടയാടപ്പെട്ടു. മതവെറിപൂണ്ട തീവ്രവാദികൾ സ്ത്രീകളെമാനഭംഗം ചെയ്യുകയും കുടുംബത്തെ മുഴുവൻ തലയറുത്ത് കൊല്ലുവാനും ആരംഭിച്ചു.ഏകദേശം നാലരലക്ഷത്തോളം പണ്ഡിറ്റുകൾ ഈ കലാപഭീതിയിൽ കാശ്മീർ താഴ്വരകൾ ഉപേക്ഷിച്ച് തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്ക് അഭയാർത്ഥികളായികുടിയേറി. സ്ഥിതിഗതികൾ പന്തിയല്ലെന്ന് വന്നപ്പൊൾ ‘ഇന്ത്യൻ ആർമി’ കാശ്മീർ താഴ്വരകൾ സംരക്ഷിക്കാനിറങ്ങി. ആർമിയുടെ അതിർത്തിരക്ഷാസേനകളെ (ഇൻഫൻട്രി-ബി.എസ്സ്.എഫ്) തുടർച്ചയായി കാശ്മീരിന്റെ ആഭ്യന്തരസുരക്ഷക്കായി വിനിയോഗിക്കേണ്ടിവന്നതോടെ പാക്കിസ്ഥാനുമായുള്ള അതിർത്തിയിലെ സേനാവിന്യാസം താളം തെറ്റി.

കരസേനയുടെ നേതൃത്വം ഈ വിവരം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. ‘വിശ്വനാഥ് പ്രതാപ് സിങ്ങിനെ(V.P.Singh)’ അറിയിച്ചു. ഇതിന് പരിഹാരമായി ആർമിയുടെ തന്നെ പ്രത്യേക ‘ഭീകര/കലാപവിരുദ്ധസേന’ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. കാശ്മീരിന്റെ സുരക്ഷയെ മുന്കൂട്ടിക്കണ്ട് വി.പി.സിങ്ങ് ആർമിക്കായി ഒരു പ്രത്യേക ‘ഭീകര/കലാപവിരുദ്ധസേന’ രൂപീകരിക്കാൻ അനുമതി നല്കി. തുടക്കത്തിൽ രണ്ട് സെക്ടർ ഹെഡ്ക്വാർട്ടേഴ്സിലായി ആറ് ഡിവിഷനുകൾ തുടങ്ങാനായിരുന്നു അനുമതി. അന്നത്തെ ‘ചീഫ് ഓഫ് ആർമി സ്റ്റാഫ്’ ആയിരുന്ന ‘സുനിത്ത് ഫ്രാൻസിസ് റോഡ്രിഗ്വസിന്റെ’ കീഴിൽ പത്താൻകോട്ട് ’39 ഇൻഫണ്ട്രി ഡിവിഷനും’ ‘6-ത്ത് മൗണ്ടൻ ഡിവിഷൻസും’ ആയിരുന്നു കാശ്മീർ താഴ്വരകളിലെ സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ‘രാഷ്ട്രീയ റൈഫിൾസ്’ രൂപീകരിച്ചത് ‘കാശ്മീർ സുരക്ഷക്ക് മാത്രമല്ലായിരുന്നു. തുടക്കത്തിൽ ഹെഡ്ക്വാർട്ടേഴ്സ് 8 ന്റെ മൂന്ന് യൂണീറ്റായ 18 ‘രാഷ്ട്രീയ റൈഫിൾസ്’,32 ‘രാഷ്ട്രീയ റൈഫിൾസ്’, 33 ‘രാഷ്ട്രീയ റൈഫിൾസ്’ എന്നിവ നാഗാതീവ്രവാദികൾക്കെതിരെ കിഴക്കൻ സംസ്ഥാനങ്ങളിലാണ് നിയോഗിച്ചിരുന്നത്. ‘സുനിത്ത് ഫ്രാൻസിസ് റോഡ്രിഗ്വസിന്റെ’ പിൻഗാമിയായി വന്നത് ജനറൽ ‘ബി.സി ജോഷി’യായിരുന്നു.

നാഗാതീവ്രവാദികളെകേന്ദ്രീകരിച്ച് മാത്രം നടന്നിരുന്ന തീവ്രവാദവിരുദ്ധസൈനികതന്ത്രം ജനറൽ ‘ബി.സി ജോഷി’ കാശ്മീരിലേക്കും വ്യാപിപ്പിച്ചു. അദ്ദേഹം ‘ചീഫ് ഓഫ് ആർമി സ്റ്റാഫ്’ ആയിരുന്ന കാലത്ത് പത്ത് പുതിയ ‘രാഷ്ട്രീയ റൈഫിൾസ്’ സെക്ടറൽ ഹെഡ്ക്വാർട്ടേഴ്സുകളും അവക്കുകീഴിൽ 30 പുതിയ ബറ്റിലിയനുകളും രൂപീകരിച്ചു. 1994-ൽ ‘പി.വി.നരസിംഹറാവു’ ഗവൺമെന്റ് കാലമായപ്പോഴേക്കും ‘രാഷ്ട്രീയ റൈഫിൾസ്’ പട്ടാളസൈന്യത്തിന്റെ അംഗസംഖ്യ 5000-കവിയുകയും ചെയ്തു. തുടക്കത്തിൽ ആർമിയിൽ നിന്ന് ‘ഡെപ്യൂട്ടേഷനിൽ’ (ചുരുങ്ങിയകാലത്ത് വേറൊരു യൂണീറ്റിലേക്ക് നിയോഗിക്കപ്പെടൽ) വരുന്ന ഇൻഫന്റ്രി ജവാന്മാരും പൂർവ്വ സൈനികരും പുതിയ സൈനികരും ചേരുന്ന ഒരു സേനയായിരുന്നു ആർമി ഡിവിഷൻ രൂപീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ അതി സങ്കീർണ്ണവും രഹസ്യസ്വഭാവവുമുള്ള ‘രാഷ്ട്രീയ റൈഫിൾസ്’ അങ്ങിനെ രൂപീകരിച്ചാൽ ഉണ്ടാകുന്ന വെല്ലുവിളികൾ ധാരാളമായിരുന്നു. അതിനാൽ 100% ആർമി ഡെപ്യൂട്ടേഷനിലെ സൈനികരെ ‘രാഷ്ട്രീയ റൈഫിൾസിനായി’ ഉൾക്കൊള്ളിക്കാൻ തീരുമാനമാവുകയും ചെയ്തു.

‘രാഷ്ട്രീയ റൈഫിൾസിലേക്കുള്ള’ ഏല്ലാ ജവാന്മാരേയും ജെ.സി.ഓമാരേയും ഓഫീസേർസിനേയും ട്രെയിനിംഗ് ചെയ്യുന്നത് ‘സരോൾ & ഭദ്ര’ ‘കോർപ്സ് ബാറ്റിൽ സ്ക്കൂളുകളിൽ’ ആണ്. രണ്ടുമുതൽ മൂന്നുവർഷത്തേക്കാണ് ‘രാഷ്ട്രീയ റൈഫിൾസിനായി’ ജവാന്മാർ മറ്റ് റെജിമന്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നത്. ഇവയിൽ 50% ജവാന്മാരേയും സംഭാവനചെയ്യുന്നത് ‘ഇൻഫണ്ട്രി’ ഡിവിഷൻസിൽ നിന്നാണ്. ഇവരെക്കൂടാതെ ‘ആർമി സർവ്വീസ് കോർപ്സിൽ’ നിന്നും സിഗ്നൽ കോർപ്സിൽനിന്നും ഇലക്ട്രോണിക്സ് കോർപ്സിൽനിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിവിഷനിൽനിന്നും (EME) ജവാന്മാർ ‘രാഷ്ട്രീയ റൈഫിൾസിൽ’ ഡെപ്യൂട്ടേഷനിലെത്തുന്നു. ഒരുയൂണീറ്റ് രൂപീകരിക്കുന്നത് മേൽപ്പറഞ്ഞ എല്ലാ ഡിവിഷൻസിൽ നിന്നുമുള്ള 1,200 ജവാന്മാരെ ചേർത്താണ്. സാധാരണ ഒരു ഇൻഫന്റ്രി യൂണീറ്റിൽ 840 പേരേ ഉൾപ്പെടുകയുള്ളെങ്കിലും ‘രാഷ്ട്രീയ റൈഫിൾസി’ന്റെ പ്രത്യേകസാഹചര്യങ്ങൾക്കായി 1,200 പേരുടെ യൂണീറ്റായി തുടരുന്നു. ‘രാഷ്ട്രീയ റൈഫിൾസി’ന്റെ വിന്യാസം ‘സിക്സ് പോയിന്റ് ഡിപ്ലോയ്മെന്റാണ്’. ജനറൽ ഡ്യൂട്ടി ജവാന്മാരുടെ സൈന്യവിന്യാസശാസ്ത്രവുമായി ബന്ധപെട്ടതും അവരുടെ ആയുധശേഖരങ്ങളുമെല്ലാം ‘രാഷ്ട്രീയ റൈഫിൾസിന്’ കീഴിലാണുള്ളത്.

‘രാഷ്ട്രീയ റൈഫിൾസിലേക്കുള്ള പരിശീലനസമയത്ത് ഏവർക്കും ആന്റി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസിനെതിരേയും (I.E.D) ബോംബ് നിർവീകരണത്തിലും തീവ്രവാദവിരുദ്ധ നീക്കങ്ങൾക്കും കൺട്രോൾഡ് എക്സ്പ്ലോഷൻസിന്റേയും ട്രെയിനിംഗ് നൽകുന്നു. ക്ലോസ് കോംബാറ്റ് ബാറ്റിലിലും (CBT) സ്മാൾ ആംസ് സ്പെഷ്യൽ ട്രെയിനിംഗും അർബൻ യുദ്ധശൈലിയും സെർച്ച് അൻഡ് ഡിസ്ട്രോയ് തന്ത്രങ്ങളും ഇവരെ പരിശീലിപ്പിക്കുന്നു. ഇവകൂടാതെ ചാരപ്രവൃത്തിക്കും സ്വദേശികളോട് ഇടപെഴകാനും അവരുടെ ജീവിതശൈലികളോട് ഇടപെഴകാനും അവരിലെ തീവ്രവാദപ്രവണതകളെ മനസ്സിസാക്കാനുമുള്ള പരിശീലനവും അവർക്കായി മെഡിക്കൽ ക്യാമ്പുകളും സെറ്റിൽമെന്റുകളടക്കം നിർമ്മിക്കാനും ‘രാഷ്ട്രീയ റൈഫിൾസി’ന് പരിശീലനം നൽകിയ ശേഷമാണ് ‘കാശ്മീർ താഴ്വരകളിലേക്ക്’ തീവ്രവാദികൾക്ക് എതിരെ പൊരുതാനായി പോസ്റ്റുചെയ്യുന്നത്.

64-വർഷത്തെ ഇന്ത്യൻ ആർമിയുടെ സന്തതസഹചാരിയായ ‘എ.കെ.47’ റൈഫിളുകളാണ് ഇവരുടെയും പ്രാഥമിക ആയുധം. പക്ഷേ ട്രെയിനിങ്ങിലും മിഷൻ സമയത്തും ‘രാഷ്ട്രീയ റൈഫിൾസ്’ ഉപയോഗിക്കുന്നത് ഇന്ത്യയുടെ സ്വന്തം ആക്രമണ റൈഫിളായ ‘ഇൻസാസ് 5.556’ ആണ്. ഇത് നീളക്കുറവും ഭാരക്കുറവുള്ളതിനാൽ കമാന്റോ/തീവ്രവാദവിരുദ്ധ നീക്കങ്ങളിൽ കൂടുതൽ അനുയോജ്യമായതിനാലാണ്.എല്ലാ പൊസിഷനിലുള്ള ‘രാഷ്ട്രീയ റൈഫിൾസ്’ ജവാന്മാരും ആഴ്ചയിൽ മൂന്നുതവണ ‘ഫയറിംഗ് ഡ്രില്ലുകളിൽ’ പങ്കെടുക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നു. ഇത് സാധാരണ ഇൻഫന്റ്രി ജവാന്മാർക്ക് ഇല്ലാത്ത കീഴ്വഴക്കമാണ്. ‘രാഷ്ട്രീയ റൈഫിൾസ്’ ട്രിഗ്ഗർ ഡിസിപ്ലിൻ “ഏക് ഗോലി,ഏക് ദുശ്മൻ” എന്നതാണ്. അതായത് ഒരുവെടിയുണ്ടക്ക് ഒരു ശത്രു. കൃത്യതയാർന്ന പരിശീലനം ‘രാഷ്ട്രീയ റൈഫിൾസ്’ ജവാന്മാരെ ഒരേ സമയം ‘കൊല്ലുന്ന യന്ത്രങ്ങളും’ ‘പ്രാദേശിയരായ ജനതയുടെ’ രക്ഷകരുമാക്കി മാറ്റുന്നു.

കാശ്മീർ താഴ്വരകൾ ജനവാസംകൂടിയമേഖലകളും അതിനോട് ചേർന്ന് കാടുകൾ മൂടിയ പ്രദേശവുമാണ്. അതിനാൽ ആർമിയുടെ ‘ഗ്രിഡ് തത്വത്തിലാണ്’ ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വലിയ ഭൂമേഖലയെ ചെറിയ ഭാഗങ്ങളാക്കിമാറ്റിയ ശേഷം അവയിലോരോന്നും ഓരോ യൂണീറ്റിനും നൽകുന്നു.കാശ്മീരിലെ തീവ്രവാദം പിടിമുറുക്കിയ മേഖലകളെ ‘രാഷ്ട്രീയ റൈഫിൾസ്’ പ്രധാനമായും അഞ്ച് മേഖലകളായി തിരിച്ചിരിക്കുന്നു. ഈ അഞ്ചു മേഖലകളിലും അഞ്ച് ‘തീവ്രവാദവിരുദ്ദ സേന’ അഥവാ ‘കൗണ്ടർ ഇൻസർജൻസി ഫോഴ്സ്'(സി.ഐ.എഫ്) എന്ന് വിളിക്കപ്പെടുന്ന സേനകൾ സുരക്ഷ ഏറ്റെടുത്തിരിക്കുന്നു. 1) (സി.ഐ.എഫ്) R ‘റോമിയോ ഫോഴ്സ്’ രജൗറിയിലും പൂഞ്ചിലും 2) (സി.ഐ.എഫ്) D ‘ഡെൽറ്റാ ഫോഴ്സ്’ ദോഡയിലും 3)(സി.ഐ.എഫ്) V ‘വിക്ടർ ഫോഴ്സ്’ അനന്ത്നാഗ്  പുൽവാമ, ഷോപിയാൻ, കുൽഗാം,ബുഡ്ഘാം മേഖലകളിലും 4) (സി.ഐ.എഫ്) K ‘കിലോ ഫോഴ്സ്’ കുപ്വാര,ബാരാമുള്ള,ശ്രീനഗർ മേഖലകളിലും 5) (സി.ഐ.എഫ്) U ‘യൂണിഫോം ഫോഴ്സ്’ ഉധംപൂർ,ബനിഹാൽ മേഖലകളും നിയന്ത്രിക്കുന്നു.

‘രാഷ്ട്രീയ റൈഫിൾസ്’ പ്രവർത്തിക്കുന്നതിന് നൂതനവും ആഴത്തിലുള്ളതുമായ രഹസ്യാന്വേഷണ ശൃംഖല അത്യാവശ്യമാണ്. ഒരേസമയം സിഗ്നൽ ഇന്റലിജൻസിലും ഹ്യൂമൻ ഇന്റലിജൻസിലും ഇവർ കഴിവുകൾ തെളിയിക്കുന്നു. തീവ്രവാദികളുമായി ബന്ധപ്പെട്ട സർവ്വ വിവരശേഖരണങ്ങളും മേഖലകളുടെ പൂർണ്ണ സർവെയിലൻസും അതിർത്തികടന്നെത്തുന്ന തീവ്രവാദികളുടെ ഒളിത്താവളങ്ങളും അവരെ പാർപ്പിക്കുന്ന വ്യക്തികളുടെ സമ്പൂർണ്ണവിവരങ്ങളും തീവ്രവാദികളെ പ്രോഝാഹിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നവരേയും പറ്റി ‘രാഷ്ട്രീയ റൈഫിൾസിന്’ വ്യക്തമായ രുപരേഖയും ധാരണയുമുണ്ട്.’രാഷ്ട്രീയ റൈഫിൾസിന്’ കാശ്മീരിലടക്കമുള്ള പ്രദേശവാസികളുമായി ഇഴുകിചേർന്ന ബന്ധമാണുള്ളത്. ചാരപ്രവർത്തനങ്ങൾക്കായി വേഷപ്രഛന്നരായി ജനങ്ങളോട് അടുത്ത് ഇടപെഴകുകയും അവരിൽനിന്ന് സങ്കീർണ്ണമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ഇന്ത്യയോട് കൂറുള്ള കാശ്മീരികളുടെ സഹായത്തിനുപുറമേ തീവ്രവാദികൾക്കിടയിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുന്ന ഇരട്ടചാരന്മാരേയും ‘രാഷ്ട്രീയ റൈഫിൾസ്’ നന്നായി ഉപയോഗിക്കുന്നു. ഇവരെ സാമ്പത്തികമായി പ്രലോഭിപ്പിച്ചാണ് കൂടുതലും വിവരങ്ങൾ നേടുന്നത്. ഈ പ്രവർത്തനങ്ങൾക്കതീതമായി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിചെല്ലുക എന്നതും ഇവരുടെ കർമ്മമാണ്.

‘രാഷ്ട്രീയ റൈഫിൾസിന്’ ആ പേരുലഭിക്കാനുള്ള കാരണവും അതാണ്. ‘രാഷ്ട്രീയം’ എന്നാൽ രാഷ്ട്രത്തെ സംഖന്ധിക്കുന്നത് എന്നാണ്. രാജ്യം എന്ന വികാരത്തിനപ്പുറം വിഘടനവാദമെന്ന ശത്രുരാജ്യങ്ങളുടെ കുഝിത ശ്രമത്തിനായി ചെറിയൊരു ജനവിഭാഗം ഇറങ്ങുമ്പോൾ അവരെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് ഒരു ആധുനിക രാജ്യത്തിന് ചെയ്യാനാവുക. ഇന്ത്യ ഈ ലക്ഷ്യത്തിനായാണ് ‘രാഷ്ട്രീയ റൈഫിൾസിന്’ രൂപംകൊടുത്തത്. ‘രാഷ്ട്രീയ റൈഫിൾസ്’ കാശ്മീരിലെ ജനങ്ങൾക്കായി എണ്ണമറ്റ സാമൂഹിക- സാമ്പത്തിക സഹായങ്ങൾ ചെയ്തുവരുന്നു. കാശ്മീരി ജനങ്ങളുടെ ആരോഗ്യമേഖലയിൽ ആർമി മെഡിക്കൽ കോർപ്സ് വഴി അതുല്യമായ സംഭാവനകൾ നൽകിവന്നു. അവർക്കായി സെറ്റിൽമെന്റുകൾ നിർമ്മിച്ചുനല്കി. ആരാധനാലയങ്ങൾക്ക് സുരക്ഷയും പുതിയ തലമുറക്കായി എണ്ണമറ്റ സ്ക്കൂളുകൾ തുറക്കുകയും ചെയ്തു. റോഡുകളും പാർക്കുകളും നിർമ്മിച്ചുനല്കി. അതിർത്തി കടന്നെത്തുന്ന തീവ്രവാദികളുടെ തലകൾ എണ്ണിയെണ്ണിയെടുത്ത് സുരക്ഷേകവചം തീർത്തു. പക്ഷേ നമ്മുടെ രാജ്യത്തെ ലിബറൽ നവീന ചിന്താഗതിക്കാരായ ഫെമിനിസ്റ്റുകളും അൾട്രാ മോഡേൺവാദികളും ‘ജമ്മൂകാശ്മീർ ലിബറേഷൻ ഫ്രണ്ട്’ പോലത്തെ തീവ്രവാദികൾക്ക് കുടപിടിക്കുകയും അതിലൂടെ ലഭിച്ച ‘രാഷ്ട്രീയ തണലിൽ’ അവർ വളർന്ന് രാജ്യത്തിന്റെ അഖണ്ടതക്ക് വെല്ലുവിളിയാവുകയും ചെയ്തു.

ഇന്ത്യയിലെ ഭാവിബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കൾ ഈ ‘അടക്കയെ’ വളർത്തി ‘അടക്കാമരമാക്കി.’ അന്നും ഇന്നും ‘രാഷ്ട്രീയ റൈഫിൾസിന്’ നേരിടേണ്ടിവന്നത് ഈ തീവ്രവാദികളെയാണ്. കലാപങ്ങൾക്ക് സാമ്പത്തിക സഹായവുമായി വിഘടനവാദികൾ മുന്നേറിയപ്പോൾ ‘രാഷ്ട്രീയ റൈഫിൾസിന്’ ബലം പ്രയോഗിക്കേണ്ടിവന്നു. അതിർത്തികടന്നെത്തുന്ന തീവ്രവാദികൾക്ക് ഒരു ചെറുവിഭാഗം അഭയമേകിത്തുടങ്ങിയപ്പോൾ ‘രാഷ്ട്രീയ റൈഫിൾസിന്’ അർബൻ മേഖലയിലും ഓപ്പറേഷൻസ് നടത്തേണ്ടതായി വന്നു. ‘കൊളാറ്ററൽ ഡാമേജുകൾ’ വഴി ചില മരണങ്ങളുണ്ടായപ്പോൾ ഇന്ത്യയിലെ അൾട്രാ/ഫെമിനിസ്റ്റ് ശക്തികൾ ഇവ ഉയർത്തിക്കാട്ടി ലോകത്തിനുമുന്നിൽ ഇന്ത്യൻ ആർമിയെ കളങ്കിതരാക്കി. പലപ്പോഴും തീവ്രവാദികളെ ജനരോഷങ്ങൾക്കിടയിൽ വധിക്കാതെ ഉപേക്ഷിക്കേണ്ട ഗതികേടും ആർമിക്ക് വന്നു. ഒളിയിക്രമണത്തിലൂടെ കാശ്മീരിൽ എണ്ണമറ്റ ജവാന്മാരുടേയും പോലീസുകാരുടേയും നാട്ടുകാരുടേയും ജീവൻ നഷ്ടപ്പെട്ടു. അക്കാലത്താണ് ‘ബുറാൻ വാനി’ എന്ന അഭ്യസ്ഥവിദ്യനായ കാശ്മീരി ആയുധമെടുത്ത് പോരാടാനാരംഭിച്ചത്. എണ്ണമറ്റ ആക്രമണത്തിലൂടെ ധാരാളംപേരെ കാലപുരിക്കയച്ച ആ തീവ്രവാദിയെ ‘രാഷ്ട്രീയ റൈഫിൾസ്’ നിഷ്പ്രയാസം കൊന്നു. തുടർന്ന് തീവ്രവാദസംഘടനകളുടെ തലപ്പത്തിരുന്ന സർവ്വ ഭീകരരേയും ‘രാഷ്ട്രീയ റൈഫീൾസ്’ വധിച്ചു.

അതിനുശേഷമാണ് ഇന്ന് കാശ്മീരിൽകാണുന്ന ഉയർന്നതോതിലുള്ള കലാപങ്ങളുണ്ടായിത്തുടങ്ങിയത്.അതും പാക്കിസ്ഥാനി രഹസ്യാന്വേഷണ സംഘടനയുടെ സർവ്വ സഹായത്തോടെ നിർവ്വഹിക്കപ്പെട്ടു. പാക്ക് പ്രധാനമന്ത്രിയടക്കം തീവ്രവാദികളുടെ രക്ഷക്കെത്തി. ‘രാഷ്ട്രീയ റൈഫിൾസിന്’ രാജ്യസുരക്ഷയെമുൻനിർത്തി ഇവയെല്ലാം സഹിച്ച് കർമ്മനിരതരായി നിൽക്കേണ്ടിവന്നു. കർഫ്യൂ മേഖലകളിൽ ജവാന്മാരെ അവഹേളിക്കലുകൾ പതിവായി. റൈഫിൾ കൈയ്യിലുള്ള ജവാന്മാരെ പോലും കശ്മീരി യുവാക്കൾ കൈവെക്കുന്ന കാഴ്ച നാമേവരും കണ്ടു. മതതീവ്രവാദം തലക്കുപിടിച്ച ഒരു വിഭാഗം പുതിയ തലമുറ രാജ്യത്തിനെതിരെ തിരിയുമ്പോൾ ചെയ്യേണ്ട മുൻകരുതലുകളെല്ലാം ‘രാഷ്ട്രീയ റൈഫിൾസ്’ ചെയ്തു. അപ്പോഴാണ് പാലസ്തീനികൾക്കെതിരെ ‘ഇസ്രായേൽ’ പ്രയോഗിച്ച പെല്ലെറ്റ് ഗൺ പ്രയോഗിച്ച ചിത്രങ്ങളുമായി തീവ്രവാദി അനുഭാവികൾ ഡൽഹി ഇളക്കിമറിച്ചത്. ഇതേ ചിത്രം കാട്ടി യു.എന്നിൽ പാക്ക് പ്രതിനിധി കരുണക്കായി ‘മുതലക്കണ്ണീർ’ പൊഴിക്കുകയും ചെയ്തു.പക്ഷേ കൃത്യമായി വിവരങ്ങൾകാട്ടി ഇന്ത്യയുടെ പ്രതിനിധി ഈ വാദം തള്ളുകയും ചെയ്തു.

കാശ്മീരിന്റെ പലമേഖലകളിലും ഇന്ന് തീവ്രവാദികളുടെ സാന്നിദ്ധ്യം കൂടുതലാണെങ്കിലും ജമ്മുവടക്കമുള്ള 70% മേഖല ‘രാഷ്ട്രീയ റൈഫിൾസിന്റെ’ അടക്കം ഇന്ത്യൻ ആർമിയുടെ ത്യാഗോജ്വലമായ സേവനത്തിലൂടെ ശാന്തത കൈവരിക്കുകയും കാലക്രമേണ ഇന്ത്യ എന്ന വികാരത്തോട് ലയിക്കുകയും ചെയ്തു. ‘രാഷ്ട്രീയ റൈഫിൾസിന്’ ഈ മേഖലകളിൽ നേരിട്ട വെല്ലുവിളി ഈ സമാധാന പ്രദേശങ്ങൾ പ്രശ്നങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും ‘ഇന്ത്യനൈസേഷൻ’ നടത്തുക എന്നതുമായിരുന്നു. അതിൽ ‘രാഷ്ട്രീയ റൈഫിൾസിന്’ പൂർണ്ണവിജയം കൈവരിക്കുകയും ചെയ്തു. പക്ഷേ കാശ്മീരിൽ പാക്കിസ്ഥാനിൽ നിന്നുള്ള പരിശീലനം ലഭിച്ചതീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ‘രാഷ്ട്രീയ റൈഫിൾസിന്’ തടുക്കാനാവുന്നതായിരുന്നില്ല. അതിനാൽ കാശ്മിർ അതിർത്തിയിൽ ഇപ്പോൾ ‘ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്’ ഒപ്പം ‘രാഷ്ട്രീയ റൈഫിൾസും’ അതിർത്തികാക്കാൻ ജാഗരൂഗരായി നിൽക്കുന്നു. ഈ അതിർത്തിയിലെ ചതുപ്പുനിലങ്ങളും കുറ്റിക്കാടുകളും മരംകോച്ചുന്ന തണുപ്പും അവർക്ക് മുന്നേറ്റത്തിന് തടയായി നിൽക്കുന്നു.

ഇതിനേക്കാളെല്ലാമുപരി ഹവാലപണത്തിലൂടെയും മയക്കുമരുന്നിലൂടെയും വഴിതെറ്റിയ കാശ്മിർ യുവാക്കളും ചെറുതല്ലാത്ത വെല്ലുവിളിയുയർത്തുന്നു. ഇവയെ ഒക്കെ അതിജീവിച്ചാണ് നമ്മുടെ ആർമിയിലും ‘രാഷ്ട്രീയ റൈഫിൾസിലും’ ഉള്ള ‘ജവാന്മാർ’ ജീവൻപണയംവെച്ച് രാജ്യത്തിന്റെ അഖണ്ടത കാത്തുസൂക്ഷിക്കുന്നത്. അവരെ കണ്ണടച്ച് വിമർശിച്ച് കൈയ്യടിവാങ്ങുന്ന നവ-ലിബറൽ-ഫെമിനിസ്റ്റ് പൗരന്മാർക്ക് ടെലിവിഷൻ ഷോയിലും അന്തിച്ചർച്ചകളിലും വന്നിരുന്ന് ചർച്ചചെയ്യുമ്പോൾ ആർമിയെ കണ്ണടച്ചു വിമർശിക്കാം. അതിനുള്ള അവകാശമുള്ള നാടാണ് ‘ഇന്ത്യ’. പക്ഷേ അവർക്കായി ഞാനൊരു ലോകത്തെ അതി ശക്തനായ രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ കടമെടുത്ത് മറുപടി പറയാൻ ആഗ്രഹിക്കുന്നു. അടുത്തകാലത്ത് ‘റഷ്യൻ’ പ്രസിഡന്റ് ‘വ്ലാഡിമിർ പുട്ടിനോട്’ ആർമിയുടെ ആവശ്യകതയെപ്പറ്റി ഒരു മോഡേൺ പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു.! “മിസ്റ്റർ, നിങ്ങൾ സ്വന്തം രാജ്യത്തിന്റെ ആർമിയെ പരിപാലിച്ചില്ലെങ്കിൽ ശത്രുരാജ്യത്തിന്റെ ആർമിയെ പരിപാലിക്കേണ്ടിവരും”.. ആ മറുപടി ഹർഷാരവത്തോടെയാണ് സഹ പത്രപ്രവർത്തകർ സ്വീകരിച്ചത്. സ്വാതന്ത്ര്യത്തിന്റെ ധാരാളിത്തത്തിൽ ആർമിയെ വിമർശിക്കുന്നവരോടും ഇതെ പറയാനുള്ളൂ.. തിരഞ്ഞെടുക്കുക.. നല്ലത് ഏതാണെന്ന്..!!