ലോകകപ്പില്‍ ഓസ്‌ട്രേലിയയെ മാക്‌സ്‌വെല്‍ നയിക്കണം: മിച്ചല്‍ ജോണ്‍സണ്‍

ലോകകപ്പില്‍ കിരീടം നിലനിര്‍ത്തണമെങ്കില്‍ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ഗ്ലെന്‍ മാക്‌സ്‌വെല്‍ നയിക്കണമെന്ന് മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ .നിലവിലെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫോം കണ്ടെത്താന്‍ വിഷമിക്കുന്നതും മറുഭാഗത്ത് ഏഴാം നമ്ബറില്‍ മാക്‌സ്‌വെല്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതുമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി മുന്‍ താരം രംഗത്തെത്തിയിരിക്കുന്നത്.

” ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനം പലരുടെയും നെറ്റിചുളിയ്ക്കും . പക്ഷേ ഓസ്‌ട്രേലിയക്ക് വേണ്ടിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഒപ്പം കളിച്ചതിന്റെ അനുഭവത്തില്‍ പറയട്ടെ മാക്‌സ്‌വെല്‍ എന്ന ക്രിക്കറ്ററെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ലീഡര്‍ഷിപ്പ് അവനെ കൂടുതല്‍ പക്വതയുള്ളവനും അവന്റെ മികച്ച പ്രകടനം പുറത്തെടുക്കാനും സഹായിച്ചിട്ടുണ്ട് . ” മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു .

” മാക്‌സ്‌വെല്ലിനൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബിന് വേണ്ടിയും മുംബൈയ്ക്ക് വേണ്ടിയും കളിച്ചപ്പോള്‍ കുറെയധികം സമയം ചിലവഴിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . ടീം മീറ്റിങ്ങില്‍ വളരെയധികം അവന്‍ സംസാരിക്കും പ്രത്യേകിച്ചും ഫീല്‍ഡിങ് പൊസിഷനെ കുറിച്ചുള്ള പ്ലാന്നിങ്ങില്‍ . എതിര്‍ടീം താരങ്ങളെ നല്ല പോലെ മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട് . മത്സരം നല്ല പോലെ വായിച്ചെടുക്കാന്‍ അവനറിയാം ഒരു ക്യാപ്റ്റന് വേണ്ട ഏറ്റവും പ്രധാനമായ കഴിവും അതുതന്നെയാണ് ” മിച്ചല്‍ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു .