ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ പോരാട്ടം

ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ പാകിസ്താനെ നേരിടും. ഇന്ത്യയോട് പരാജയപ്പെട്ടെത്തുന്ന ഓസ്‌ടേലിയ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയുമായുള്ള മത്സരം മഴയില്‍ ഉപേക്ഷിച്ചതോടെ പാകിസ്താന് ഈ മത്സരം നിര്‍ണായകമാണ്.

കടലാസിലും കളത്തിലും കരുത്തര്‍ കങ്കാരുക്കള്‍ തന്നെ. പക്ഷേ, പാകിസ്താനെ പേടിക്കാതെ പറ്റില്ല. മാര്‍ച്ചില്‍ നടന്ന ഏകദിന പരമ്പരയില്‍ അഞ്ചില്‍ അഞ്ചിലും ഓസ്‌ട്രേലിയ പാകിസ്താനെ തോല്‍പ്പിച്ചു. ഇതുവരെ 103 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ 67 ജയം ഓസീസിനും 32 ജയം പാകിസ്താനും. ലോകകപ്പ് വേദിയില്‍ 9 തവണ ഏറ്റുമുട്ടിയപ്പോള്‍ 5 ജയം ഓസ്‌ട്രേലിയക്ക്, നാല് പാകിസ്താന്. പക്ഷേ കളത്തില്‍ കണക്കിന് സ്ഥാനമില്ല. ഇംഗ്ലണ്ടിനെതിരെ മുന്‍നിര ഫോമിലേക്കെത്തിയത് പാകിസ്താന് ആശ്വാസമാണ്. അപ്പോഴും ബൗളിംഗ് ഇപ്പോഴും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രം.

വിന്‍ഡീസിനോട് തോറ്റു, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു, ശ്രീലങ്കയുമായുള്ള മത്സരം ഉപേക്ഷിച്ചു. ശേഖരത്തിലുള്ളത് മൂന്ന് പോയിന്റ്. ഇന്ന് ജയിച്ചാല്‍ ആദ്യ നാലില്‍ എത്താം പാകിസ്താന്.

ഓസ്‌ട്രേലിയക്കും ബാറ്റിങ്ങില്‍ വേവലാതികളില്ല.. ആഴമേറിയ ബാറ്റിങ് നിര. ബൗളര്‍മാര്‍ ഇന്ത്യക്കെതിരെ പരാജയമായി. എന്നാല്‍ പിച്ചില്‍ ഒരല്‍പ്പം പിന്തുണ കിട്ടിയാല്‍ അവര്‍ അപകടകാരികളെന്നതില്‍ സംശയമില്ല. അഫ്ഗാനെയും വിന്‍ഡീസിനേയും തോല്‍പ്പിച്ചു. ഇന്ത്യയോട് തോറ്റു. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്റിനൊപ്പം പോയിന്റ് നിലയില്‍ ഒന്നാമതെത്താം കങ്കാരുക്കള്‍ക്ക്.