ലോകകപ്പില്‍ ഇന്ത്യ ഋഷഭ് പന്തിനെ മിസ്സ് ചെയ്യും ; സൗരവ് ഗാംഗുലി

ലോകകപ്പില്‍ ഋഷഭ് പന്തിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തന്റെ അഭിപ്രായം സൗരവ് ഗാംഗുലി തുറന്നുപറഞ്ഞത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് ദിനേശ് കാര്‍ത്തിക് പന്തിന് പകരക്കാരനായി എത്തിയത്. ഐ പി എല്ലില്‍ ഡല്‍ഹിയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. 16 മത്സരത്തില്‍ നിന്നും 37.53 ശരാശരിയില്‍ 488 റണ്‍സ് പന്ത് അടിച്ചുകൂട്ടി. 160 ന് മുകളിലാണ് സീസണിലെ പന്തിന്റെ സ്‌ട്രൈക് റേറ്റ്.

അതിനിടെ കേദാര്‍ ജാദവിന്റെ പരിക്ക് ടീം മാനേജ്‌മെന്റിന് തലവേദന സൃഷ്ടച്ചിരിക്കുകയാണ്. ജാദവിന് പകരം പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന ചോദ്യത്തിന് അദ്ദേഹം പരിക്കിന്റെ പിടിയിലാണെന്നും അവന്‍ ഫിറ്റ് ആകുമോ അല്ലയോ എന്ന് അതിനാല്‍ പറയാന്‍ സാധിക്കില്ലെന്നും പരിക്ക് മാറി ജാദവ് ടീമിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു.