ലോകകപ്പിന് ഇനി 29 ദിനങ്ങൾ; യുവനിരയുടെ കരുത്തുമായി ഇംഗ്ലണ്ട്

ലോകകപ്പിനുള്ള ഇരുപത്തിമൂന്ന് അംഗ ഇംഗ്ലണ്ട് ടീമിനെ സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് മുൻപേ തന്നെ ജാക്ക് വിൽഷെയറെയും ജോ ഹാർട്ടിനെയും ഉൾപ്പെടുത്തില്ല എന്നുള്ള തീരുമാനം വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാദങ്ങളെ ശരിവെച്ചുകൊണ്ട് അനുഭവസമ്പന്നരായ ഇരു താരങ്ങളും ഇല്ലാതെയാണ് ടീം പട്ടിക പുറത്തുവന്നത്. പത്തൊൻപത് വയസ്സുകാരൻ അലക്സാണ്ടർ ആർണോൾഡിന് ആദ്യ ലോകകപ്പ് കളിക്കാൻ അവസരം നൽകിയത് ശ്രദ്ധേയമായി.

സ്റ്റോക്ക് സിറ്റി ഗോൾ കീപ്പർ ജാക്ക് ബട്ട്ലാൻഡും ഏവർട്ടൻ താരം പിക്ക്ഫോർഡും സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബേൺലി താരം പോപ്പും ആണ് സൗത്ത്ഗേറ്റിന്റെ ഗോൾ കീപ്പർ വിഭാഗത്തിൽസ്ഥാനം നേടിയവർ. പരിക്ക് മൂലം ലിവർപൂൾ താരം ചെമ്പെർലിന് ലോകകപ്പ് നഷ്ടമാകും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതിരോധ നിര താരം ഗാരി കാഹിലിനെ തിരിച്ചുവിളിച്ച ടീമിൽ യുവ താരങ്ങളാണ് കൂടുതൽ. മുന്നേറ്റ നിരയിൽ ഹാരി കെയ്‌നും സ്റ്റർലിങ്ങിനും വാർഡിക്കും ഒപ്പം യുണൈറ്റഡ് താരം റാഷ്ഫോർഡിനെയും ആഴ്സേണൽ താരം വെൽബാക്കിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെൻഡേഴ്സണും ഡയറും ഡെല്ലി അലിയും ലിൻഗാർഡും ഉൾപ്പെട്ട മധ്യനിരയും ശക്തമാണ്.

ഇംഗ്ലണ്ട് സ്ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍: ജാക്ക് ബട്ട്ലാന്‍ഡ്, ജോര്‍ദന്‍ പിക് ഫോര്‍ഡ്, നിക്ക് പോപ്. പ്രതിരോധം: ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗൈ്വര്‍, ഫില്‍ ജോണ്‍സ്, കെയില്‍ വാക്കര്‍, കെയ്റന്‍ ട്രിപ്പിയര്‍, ഗാരി കാഹില്‍, ആഷ്ലി യങ്, ഡാനി റോസ്, ട്രെന്റ് അലക്സാണ്ടര്‍. മിഡ്ഫീല്‍ഡര്‍മാര്‍: എറിക് ഡയര്‍, ജോര്‍ദന്‍ ഹന്‍ഡേഴ്സണ്‍, ദലെ അലി, ജെസ്സി ലിങ്ഗാര്‍ഡ്, റഹീം സ്റ്റര്‍ലിങ്, ലോഫ്റ്റസ് ചീക്ക്, ഫാബിയാന്‍ ഡെല്‍ഫ്. ഫോര്‍വേര്‍ഡ്: ഹാരി കെയിന്‍, ജാമി വാര്‍ഡി, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ഡാനി വെല്‍ബാക്ക്.