ലോകം സാക്ഷിയാവുന്ന വ്യാപാര യുദ്ധവും മലയാളികളുടെ അമേരിക്കൻ വിരുദ്ധതയും

വെള്ളാശേരി ജോസഫ്

ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്തയുണ്ട്: ചൈനീസ് വൻകിട നിർമാതാക്കളായ വാവെയ് സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തുന്നു; വാവെയുടെ ഫാക്ടറികൾ നിശ്ചലമായി എന്നുള്ളതും ആണ് മറ്റൊരു വാർത്ത. സത്യത്തിൽ വാവേയുമായി അമേരിക്കകാരൻറ്റെ പ്രശ്നം കുറെ നാളുകളായി ഉള്ളതാണ്. വാവെയുടെ ഒരു പ്രധാന ഉദ്യോഗസ്ഥയെ ക്യാനഡയിൽ വെച്ച് അറസ്റ്റ് ചെയ്തത് സത്യത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൻറ്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന തലത്തിലേക്ക് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുകയാണ്. താരിഫുകൾ, നികുതികൾ, സബ്സിഡികൾ, നിയന്ത്രണങ്ങൾ, ക്വോട്ടകൾ – എന്നിവയാണ് ഈ വ്യാപാര യുദ്ധത്തിലെ ആയുധങ്ങൾ.

വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടിയത് കഴിഞ്ഞ മാസത്തെ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻറ്റെ ഉത്തരവാണ്. ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്താനാണ് ട്രംപ് ഉത്തരവിട്ടത്. 20000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത്. അനുയോജ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ചൈനയും അന്ന് പ്രഖ്യാപിച്ചു.

ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം മൂലം ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചയെയാണ് ആത്യന്തികമായി ബാധിക്കുന്നത്. ലോക വ്യാപാരം കൂടുതൽ സുഗമവും സന്തുലിതവും സുതാര്യവുമാക്കുന്നതിനായി ഗാട്ടിൻറ്റെ സ്ഥാനത്ത് 1995 ജനുവരി മുതല് പ്രവർത്തനമാരംഭിച്ച ലോക വ്യാപാര സംഘനടയെ (ഡബ്ല്യു.ടി.ഒ.) നോക്കുകുത്തിയാക്കി കൊണ്ടാണ് ഉൽപ്പാദക ഭീമന്മാരായ അമേരിക്കയും ചൈനയും വ്യാപാര രംഗത്ത് കൂടുതൽ സംരക്ഷണ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഇറക്കുമതി തീരുവ കൂട്ടിയും കയറ്റുമതി ആനുകൂല്യങ്ങൾ അനിയന്ത്രിതമായി നൽകിയും ലോക വ്യാപാരത്തിൻറ്റെ ഇതുവരെ നിലനിന്നിരുന്ന നിയമങ്ങൾ ലംഘിക്കുന്നതിൽ അമേരിക്കയും ചൈനയും വ്യാപരിക്കുമ്പോൾ അത് ലോക സമ്പദ് വ്യവസ്ഥയെ തന്നെയാണ് ബാധിക്കാൻ പോകുന്നത്. വ്യാപാര യുദ്ധം കൂടുതൽ കാലം തുടരുമ്പോൾ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ, കോർപറേറ്റ് കോൺഫിഡൻസ് – എന്നീ ഘടകങ്ങളെ ബാധിക്കും. എല്ലാ രാജ്യങ്ങളുടേയും മൂലധന സമ്പത് വ്യവസ്ഥയുടെ ചലനങ്ങളെ ഈ വ്യാപാര യുദ്ധം ബാധിക്കും. ഇന്ത്യയിലും ഓഹരി വിപണികളിലെ കനത്ത നഷ്ടത്തിനൊപ്പം രൂപയുടെ മൂല്യവും ഈ വ്യാപാര യുദ്ധത്തിൻറ്റെ ഭാഗമായി തകർന്നായിരുന്നു.

അലുമിനിയത്തിനും സ്റ്റീലിനും യഥാക്രമം 10-ഉം, 25-ഉം ശതമാനം ഇറക്കുമതി തീരുവ വർധിപ്പിച്ചാണ് അമേരിക്ക വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത്. അമേരിക്കയിൽ നിന്നുള്ള 659 ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനം വർധിപ്പിച്ചാണ് ചൈന തിരിച്ചടിച്ചത്. ഇത്രയും ഉൽപ്പന്നങ്ങൾ ഇനി ചൈനയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ അമേരിക്കയ്ക്ക് 50 ബില്യൺ ഡോളറിൻറ്റെ അധിക ബാധ്യത വരും. ഉരുളക്കുപ്പേരി പോലെ ചൈനീസ് പ്രസിഡൻറ്റ് ഷി ജിൻ പിംഗും അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപും വ്യാപാര യുദ്ധം മുറുക്കുകയാണ്.

ഇലക്ട്രോണിക്സ് ഉൽപന്ന രംഗത്ത് കുത്തകയായി വളർന്നുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കം. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കുപുറമെ, യന്ത്രസാമഗ്രികൾക്കും വാഹനോപകരണ മേഖലയ്ക്കും ഫർണീച്ചർ വ്യവസായത്തിനും അമേരിക്കൻ നടപടി തിരിച്ചടിയാകും. ഇതിനെ നേരിടാൻ ചൈന സർവസജ്ജമാണെന്നു പറയുമ്പോഴും കാര്യങ്ങളുടെ പോക്ക് അത്തരത്തിലല്ലാ.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ചൈനക്ക് വലിയ തിരിച്ചടിയാണ് അമേരിക്കൻ നെത്ര്വത്ത്വത്തിൽ ഉള്ള ഈ വ്യാപാര യുദ്ധം. ആൻഡ്രോയ്ഡ് ഇനി തരില്ലെന്ന ഗൂഗിൾ നിലപാടിനെത്തുടർന്നു സ്വന്തമായി വികസിപ്പിച്ച സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം റിലീസ് ചെയ്യാൻ വാവെയ് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗൂഗിൾ അസിസ്റ്റൻറ്റ്, ഗൂഗിൾ മാപ്പ്, ജി മെയിൽ തുടങ്ങിയ സുപ്രധാന ഗൂഗിൾ സേവനങ്ങൾക്കു പകരം വയ്ക്കാൻ വാവെയ് എന്തു കണ്ടെത്തും എന്നുള്ള ചോദ്യം വരും. മൈക്രോസോഫ്റ്റിൻറ്റെ തന്നെ വിൻഡോസ് മൊബൈൽ പോപ്പുലർ ആവാത്തതിന് ഒരു പ്രധാന കാരണം ഗൂഗിൾ ആപ്പുകളായ ജി മെയിൽ, യു ട്യൂബ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്പ്സ് – എന്നിവ ഇല്ലാത്തതിനാലാണ്. അപ്പോൾ അമേരിക്കയേയും ഗൂഗിളിനേയും വെല്ലുവിളിച്ച് വാവേ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി വന്നാൽ വാവക്ക് ലോക വിപണിയിൽ നേട്ടമുണ്ടാക്കാൻ പറ്റുമോ? ഒരിക്കലും ഇന്നത്തെ അവസ്ഥയിൽ സാധ്യമല്ലാത്ത കാര്യമാണത്.

ലോകത്തെ വിവിധ കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഏറ്റവും പ്രശസ്തമായ ചൈനീസ് കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ വാവെയ്ക്കു വേണ്ടിയുള്ള തങ്ങളുടെ പല യൂണിറ്റുകളിലും പണി നിർത്തിയതായി റിപ്പോര്‍ട്ടുണ്ട്. വാവെയ് പുതിയ ഫോണുകള്‍ക്കുള്ള ഓര്‍ഡറിൻറ്റെ എണ്ണം കുറച്ചതിനാല്‍ പല യൂണിറ്റുകളും സ്വോഭാവികമായി പൂട്ടപ്പെടും. ചുരുക്കം പറഞ്ഞാൽ ചൈനീസ് ടെക്‌നോളജി ഭീമനായ വാവെയ്ക്ക് അമേരിക്കയുടെ വ്യാപാര നിരോധനം വന്‍ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

2020-തോടെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് സാംസങ്ങിനെ മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം സ്ഥാനത്തുള്ള വാവെയ് 5G അടക്കമുള്ള മേഖലകളിൽ നേട്ടം സ്വന്തമാക്കി കുതിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കയുമായുള്ള പ്രശ്‌നങ്ങളാല്‍ വാവെയുടെ ആ സ്വപ്‌നം തകര്‍ന്നുവെന്നു വേണം കരുതാന്‍. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങും രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്.

കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡൻറ്റ് ഡോണാള്‍ഡ് ട്രംപ് വാവെയ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. വടക്കേ അമേരിക്കിയിലുള്ള ഏതെങ്കിലും കമ്പനിയുമായി വാവെയ് സഹകരിക്കുന്നതിനും ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചിപ്പ് നിര്‍മാതാക്കളായ ഇൻറ്റലും, ക്വാല്‍കവും അടക്കമുള്ള പല കമ്പനികളും ഇതിനോടകം വാവെയുമായുള്ള സഹകരണം അവസാനിപ്പിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വാവയ്ക്കു നല്‍കിവന്ന ലൈസന്‍സ് ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. വാവെയുടെ ഇനി ഇറങ്ങാന്‍ പോകുന്ന ഫോണുകള്‍ക്ക് ഗൂഗിളിൻറ്റെ ആപ്പുകളായ ഗൂഗിൾ പ്ലേസ്റ്റോര്‍, ഗൂഗിൾ മാപ്‌സ്, യു ട്യൂബ്, ഗൂഗിൾ ക്രോം – തുടങ്ങിയവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. വാവെയ് കമ്പനിക്ക് ചൈനീസ് സർക്കാരുമായി വളരെയടുത്ത ബന്ധമാണ് ഉള്ളതെന്നും അതിനാല്‍ അവര്‍ അമേരിക്കയ്ക്ക് സുരക്ഷാ ഭീഷണിയാകുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ചാരവൃത്തിയാണ് അമേരിക്കൻ ഭരണകൂടം വാവെയ്‌ക്കെതിരെ പ്രധാനമായും ആരോപിക്കുന്നത്.

വാവെയ് നേരത്തേ പറഞ്ഞിരുന്നത് തങ്ങള്‍ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബുകള്‍, വെയറബ്ള്‍സ്, ടിവി – കള്‍ തുടങ്ങി പല തരം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം എന്നായിരുന്നു നേരത്തേ അവരുടെ അവകാശവാദം. ഈ വര്‍ഷം തന്നെ ഓപ്പറേറ്റിങ് സിസ്റ്റം വരുമെന്നും വാവെയ് പറഞ്ഞിരിന്നു. എന്നാല്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമൊന്നും വാവെയെ രക്ഷിക്കണമെന്നില്ലാ. സാക്ഷാല്‍ മൈക്രോസോഫ്റ്റും സാംസങും നടത്തിയ ഇത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഒരു ഓപ്പറേറ്റിങ് സിസ്റ്റം സുഗമാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നതുള്ളതാണ് പ്രധാന കാര്യം. രണ്ടാമത് ആപ് നിര്‍മാതാക്കള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി സഹകരിക്കുമെന്നതിന് ഒരുറപ്പുമില്ല. ഇനി എല്ലാം ചൈനയില്‍ തന്നെ നിര്‍മിച്ചിറക്കിയാല്‍ അത് എത്ര രാജ്യങ്ങളില്‍ സ്വീകാര്യമായിരിക്കുമെന്ന കാര്യത്തിലും പലര്‍ക്കും ആശങ്കയുണ്ട്.

ഇവിടെയാണ് അമേരിക്ക എന്ന രാജ്യത്തെ കുറിച്ച് സ്ഥിരം അമേരിക്കൻ വിരോധം പറയുന്ന മലയാളി മനസിലാക്കേണ്ടത്. ലോക ജനതയുടെ മുന്നേറ്റത്തിന് ഉതകുന്ന തരത്തിൽ ഉള്ള സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ബഹുദൂരം മുൻപിൽ ആണ്. അത് തന്നെയാണ് അമേരിക്കയുടെ കരുത്ത്. സ്പെയ്സ്സ്, ഓട്ടോമൊബൈൽ, കമ്മ്യൂണിക്കേഷൻ, ഹെൽത്ത് കെയർ, സോഫ്റ്റ് വെയർ – തുടങ്ങിയവയിൽ അമേരിക്കയെ കവച്ചു വെയ്ക്കാൻ മറ്റൊരു രാജ്യമുണ്ടോ? ലോക ജനത നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പല ഉപകരങ്ങളുടേയും നിർമാതാക്കൾ അമേരിക്കയിൽ നിന്നാണ്. ചൈന സ്വന്തം ടെക്നോളജിയും ആയി അമേരിക്കയെ മുൻപിൽ ആക്കണം എങ്കിൽ കുറെ കൂടി വർഷങ്ങൾ കഴിയണം.

ഫെയിസ്ബുക്ക്, ഗൂഗിൾ, ആമസോൺ, ഇ ബ്ബേ, വാട്ട്സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഇൻറ്റെൽ, ഓറക്കിൾ, ആപ്പിൾ, പെപ്സി, കൊക്കക്കോള, കെ.എഫ്.സി., മക്ഡൊണാൾഡ്, ആംവേ – ഇത്രയധികം ഉൽപന്നങ്ങൾ ലോകത്തിന് വിറ്റ മറ്റൊരു രാജ്യമുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ ‘ഹൈപ്പർമാർക്കറ്റ്’ അമേരിക്കയിലെ ‘വേൾഡ് മാർട്ട്’ ആണ്. ‘സ്പെയ്സ് എക്സ്പ്ലൊറേഷനു’ വേണ്ടി ‘നാസ’ – യെ പോലൊരു വൻ സംഘടന കെട്ടിപ്പടുക്കാൻ അമേരിക്കയിൽ അല്ലാതെ മറ്റൊരു രാജ്യത്തു സാധിക്കുമോ??? നാസക്കു തുല്യം നാസ മാത്രമാണ്. ലോകത്തിലെ മിടുക്കന്മാരായ ശാസ്ത്രജ്ഞർ ‘സ്പെയ്സ് എക്സ്പ്ലൊറേഷനു’ വേണ്ടി ‘നാസ’ – യിൽ ജോലി ചെയ്യുന്നു. തങ്ങളുടെ ജീവിതം ‘സ്പെയ്സ് എക്സ്പ്ലൊറേഷനു’ വേണ്ടി സമർപ്പിക്കുമ്പോൾ അവരുടെ കഴിവിനെ ആ രാജ്യം അംഗീകരിക്കും എന്ന ബോധ്യം ശാസ്ത്രജ്ഞന്മാർക്ക് ഉണ്ട്. ഇന്ത്യയിലും, അറബ് ലോകത്തിലും പ്രതിഭകൾക്ക് ഇല്ലാത്തത് ഈ ബോധ്യമാണ്.

അമേരിക്ക ലോകത്തിലെ വൻശക്തിയായത് ജപ്പാൻറ്റെ പേൾ ഹാർബർ ആക്രമണത്തിന് ശേഷമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അവരുടെ ‘മെയിൻലാൻഡ്’ ആക്രമിക്കപ്പെടാതെ തന്നെ ഉൽപ്പാദനം വളരെ വലിയ തോതിൽ കൂട്ടാൻ അമേരിക്കക്ക് സാധിച്ചു. സോവിയറ്റ് യൂണിയനും ലോക വൻശക്തി ആയത് ഇങ്ങനെ ഒക്കെ തന്നെ.പക്ഷെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഉൽപ്പാദന ശക്തികളെ പുറകോട്ടടിച്ചപ്പോൾ സംരഭകത്ത്വത്തിലൂടെയും, സ്വാതന്ത്ര്യത്തിലൂടെയും അമേരിക്ക മുന്നേറി. ഇതാണ് ‘അമേരിക്കൻ ഡ്രീം’ എന്ന് പറയുന്നത്. അമേരിക്കൻ വിരോധം പറയുന്ന മലയാളികളിൽ പലരും ഇത് മനസിലാക്കുന്നതേ ഇല്ലാ.

എണ്ണയുടെ കാര്യത്തിലും, ഡോളറിൻറ്റെ മേധാവിത്ത്വത്തിനും, തങ്ങളുടെ താൽപര്യങ്ങൾക്കും വേണ്ടി അമേരിക്കൻ സൈന്യവും ഇൻറ്റലിജൻസ് ഏജൻസികളും ലോകത്തിൻറ്റെ പല ഭാഗങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നുള്ള കാര്യം ശരി തന്നെയാണ്. പക്ഷെ ഇതൊന്നുമല്ല അമേരിക്കയുടെ യഥാർത്ഥത്തിലുള്ള ശക്തി. ലോകത്തെ ഏറ്റവും പ്രസിദ്ധമായ യൂണിവേഴ്സിറ്റികളായ ഹാർവാഡ്, യെയിൽ, കൊളംബിയ, കോർണൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി – ഇതൊക്കെ അമേരിക്കയിലാണ്. ഏറ്റവും വലിയ ഗവേഷണ കേന്ദ്രങ്ങളും അമേരിക്കയിൽ തന്നെ.

ഗവേഷണ ഫലങ്ങളിൽ നിന്നുള്ള ‘പേറ്റൻറ്റ്’ വിറ്റു കിട്ടുന്ന പണം അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് വലിയൊരു മുതൽ കൂട്ടാണ്. ഡിജിറ്റൽ ടെക്നോളജി വന്നപ്പോൾ മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ, ഫെയിസ്ബുക് – ഇവയെല്ലാത്തിൻറ്റെയും കേന്ദ്ര സ്ഥാപനങ്ങളും അമേരിക്കയിൽ തന്നെയാണ് ഉണ്ടായത്. ഏറ്റവും വലിയ ഓൺലയിൻ വ്യാപാരമായ ആമസോൺ – ൻറ്റെ കേന്ദ്ര സ്ഥാപനവും അമേരിക്കയിൽ തന്നെ. ഏറ്റവും വലിയ മിലിട്ടറി ഇൻഡസ്ട്ട്രിയൽ കോമ്പ്ലെക്സുകളും അമേരിക്കയിലാണ്. ഇവയെ ഒക്കെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥയും, ഇവക്കൊക്കെ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യവും അമേരിക്കയിലുണ്ട്. അതുകൊണ്ട് ലോകം മുഴുവൻ ഉള്ള ‘ടാലൻറ്റ്’ അമേരിക്കയിലേക്ക് ഒഴുകുന്നു. ഹോളിവുഡിലെ വിദഗ്ധരേയും, ആൽബർട്ട് അയിൻസ്റ്റിൻ അടക്കമുള്ള ലോകത്തിലെ പ്രതിഭകളേയും ആകർഷിക്കുന്ന പ്രവർത്തനാ സ്വാതന്ത്ര്യമാണ് അമേരിക്കയുടെ കരുത്ത്. ഇത്രയധികം നോബൽ സമ്മാന ജേതാക്കളെ സൃഷ്ടിച്ച മറ്റേതെങ്കിലും രാജ്യമുണ്ടോ??? ഇതൊന്നും കാണാതെ തീർത്തും ഏകപക്ഷീയമായ അമേരിക്കൻ വിരോധം മലയാളികൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ലാ. അറബ് രാജ്യങ്ങളിൽ ഇത്രയധികം ‘പെട്രോഡോളർ’ ഉണ്ടായിട്ടും അവർക്ക് ലോക പ്രസ്തമായ ഒരു യൂണിവേഴ്സിറ്റിയെയോ, ഗവേഷണ കേന്ദ്രത്തേയോ സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലാ എന്നു പറയുമ്പോൾ തന്നെ അമേരിക്കൻ വ്യവസ്ഥിയുടെ മികവ് മനസിലാക്കാം.

ഡോളർ തന്നെയാണ് ലോകത്ത് ഇപ്പോഴും ഉള്ള ഏറ്റവും കരുത്തുറ്റ കറൻസി. അമേരിക്കൻ ഡോളർ ഏറ്റവും ശക്തമായ കറൻസി ആയി നിലകൊള്ളുന്നതിന്റെ ഏറ്റവും മുഖ്യമായ കാരണം ‘സ്വതന്ത്രമായി പ്രവർത്തിക്കുന്ന ‘അമേരിക്കൻ ഫെഡറൽ റിസേർവ് സിസ്റ്റം’ ആണ്. നമ്മുടെ റിസേർവ് ബാങ്കിൽ നിന്ന് വ്യത്യസ്തമായി അമേരിക്കൻ പ്രസിഡൻറ്റിന് പോലും ‘അമേരിക്കൻ ഫെഡറൽ റിസേർവ് സിസ്റ്റത്തെ’ ഒരു പരിധിയിൽ കൂടുതൽ സ്വാധീനിക്കാനാവില്ല. അമേരിക്കൻ പ്രസിഡൻറ്റ് പറഞ്ഞെന്ന് കരുതി ‘റിസേർവ് ബോർഡ്’ അംഗീകരിക്കണമെന്നില്ല. ഇത്തരം കരുത്തുറ്റ സ്ഥാപനങ്ങളാണ് അമേരിക്കയുടെ കരുത്ത്. നോട്ട് നിരോധനത്തിൻറ്റെ കാലത്ത് നിക്ഷേപകർക്ക് അനുകൂലമായി അതുപോലുള്ള ഒരു ശക്തമായ നിലപാടെടുക്കാൻ ഇന്ത്യൻ റിസേർവ് ബാങ്കിനായില്ല. 2008 – ലെ അമേരിക്കൻ ‘ഫിനാൻഷ്യൽ ക്രൈസിസ്’ -ൻറ്റെ സമയത്ത് ഇടതു പക്ഷക്കാരനായ പ്രൊഫസർ പി.ജെ.ജെയിമ്സ് അടക്കം പലരും അമേരിക്കൻ ഡോളറിൻറ്റെ അന്ത്യം പ്രവചിച്ചു. എന്നിട്ട് എന്തായി? ഡോളർ കൂടുതൽ ശക്തമായി. ലോക രാജ്യങ്ങൾക്കു വിശ്വസിക്കാവുന്ന മറ്റൊരു ആൾട്ടർനേറ്റീവ് കറൻസി ഇപ്പോഴും ലോകത്തിൽ ഇല്ല.

ഡോളർ എന്നത് ലോക വ്യാപാരത്തിലെ പൊതു മൂല്യ നാണയമായത് അമെരിക്കൻ സമ്പദ്ഘടനയുടെ സ്ഥിരത കൊണ്ടാണ്. ലോകത്തിലെ മറ്റു നാണയങ്ങളുടെ മൂല്യം നിർണ്ണയിക്കുന്ന പൊതു ഘടകം മാത്രമാണത്. ഇപ്പോൾ പല രാജ്യങ്ങളും സ്വന്തം നാണയങ്ങളിലോ അതല്ലെങ്കിൽ പഴയ ‘ബാർട്ടർ സിസ്റ്റത്തിൽ’ ഉണ്ടായിരുന്നത് പോലെ അവരവരുടെ ഉല്പന്നങ്ങൾ വ്യാപാരത്തിൽ കൈമാറ്റം ചെയ്യുകയാണ്. മൂല്യം ഡോളറായി കണക്കുകൂട്ടും എന്നു മാത്രം. കാരണം പൊതു നാണയം എന്ന നിലയിൽ ഡോളറിൽ ആണ് ലോകത്തിലെ എല്ലാ കറൻസികളുടെയും മൂല്യം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അല്ലാതെ അമേരിക്കൻ ഡോളറായി കൈമാറ്റം ഇപ്പോഴില്ല. അമെരിക്ക ഡോളറിന്നു പകരം സ്വർണ്ണം എന്ന നിലപാട് പണ്ടേ മാറ്റി. ഡോളർ ഇപ്പോൾ ഫ്ളോട്ടിങ്ങ് ആണ്.

ഡോളറിൻറ്റെ മേൽക്കോയ്മയും, അമേരിക്കൻ-ചൈനീസ് വ്യാപാര യുദ്ധവും ലോക വ്യാപാര രംഗം കീഴടക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക എന്നുള്ളത് നാം മറക്കരുത്. വ്യാപാര യുദ്ധത്തിൽ ട്രംപിൻറ്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണെന്നും റിപ്പോർട്ടുകൾ വരുന്നൂ. അമേരിക്ക നേരത്തേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച പല രാജ്യങ്ങളും ഗുരുതര പ്രതിസന്ധിയിലായ ചരിത്രമുണ്ട്. അവരുടെ കയറ്റുമതി കുറഞ്ഞതും, വ്യവസായ ഉൽപാദനം താഴുകയും ചെയ്തതുമായ ഒരു സാഹചര്യം ആ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു. വൻതോതിൽ തൊഴിൽ നഷ്ടം, വ്യവസായങ്ങൾക്ക് സംരക്ഷണമില്ലായ്മ, വളർച്ചാ മുരടിപ്പ് എന്നിങ്ങനെ പ്രത്യാഘാതങ്ങൾ വേറെയും.

പക്ഷെ ഇന്നത്തെ കാലത്ത് ഓർക്കേണ്ട ഒരു പ്രധാന കാര്യം ലോകം പഴയത് പോലെയല്ല എന്നുള്ളതാണ്. വ്യാപാരയുദ്ധം അമേരിക്കൻ കൺസ്യൂമേഴ്‌സിനേയും ബാധിക്കും.അമേരിക്കയിലടക്കം ലോകമെങ്ങുമുള്ള കൺസ്യൂമേഴ്‌സ് ക്വാളിറ്റിയും, വിലക്കുറവും ആണ് ഒരു ഉൽപന്നം വാങ്ങിക്കുമ്പോൾ നോക്കുന്നത്. അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ചൈനാ വിരുദ്ധ വികാരം ആളിക്കത്തിച്ച് ആഭ്യന്തര രാഷ്ട്രീയത്തിൽ കയ്യടി നേടുകയാണ് ഉദ്ദേശ്യം.

അമേരിക്ക ചൈനീസ് ഇറക്കുമതിയുടെ താരിഫ് പത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമാനമായി ഉയർത്തുമ്പോൾ അമേരിക്കയിൽ എന്ത് സംഭവിക്കും? അമേരിക്കയിൽ സാധനങ്ങൾക്ക് വില കൂടും. ഏതൊക്കെ സാധങ്ങങ്ങൾക്കാണ് വില കൂടാൻ സാധ്യത? ടി.വി., വാഷിംഗ് മെഷീൻ, ബിയർ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, കോസ്മെറ്റിക്സ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ക്ലോത്തിങ് തുടങ്ങി മിക്കതും. ഇത് കൂടാതെ ചൈനീസ് കമ്പോണൻറ്റ്സ് ഉപയോഗിക്കുന്ന – ചൈനീസ് റോ മെറ്റീരിയൽസ് ഉപയോഗിക്കുന്ന, ചൈനയിൽ മേജർ മാനുഫാക്ച്ചറിങ്ങ് ഉള്ള അമേരിക്കൻ കമ്പനികളുടെ സാധനങ്ങൾക്കും വില കൂടും.

അമേരിക്കയടക്കം ഇന്ന് ലോകത്തുള്ള ഏതു രാജ്യമാണെങ്കിലും ഉണ്ടാക്കുന്ന ഉൽപന്നങ്ങളുടെ ക്വാളിറ്റിയും, വിലക്കുറവും നിലനിർത്തിയില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങളോട് മൽസരിക്കുവാൻ ആവില്ല. ലോകത്തെല്ലായിടത്തും മധ്യ വർഗം ഒരു പോലെയാണ്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു ‘പ്രോഡക്റ്റ്’ വാങ്ങിക്കുമ്പോൾ ഗുണ മേന്മയും, വിലകുറവും നോക്കി മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ഒരു മിക്സറോ, ഫ്രിഡ്ജോ, ടി.വി.-യോ വാങ്ങിക്കുമ്പോൾ ഇന്ത്യയിലാണെങ്കിലും മധ്യവർഗം പ്രഥമ പരിഗണന കൊടുക്കുന്നത് വിലക്കുറവിനും, ഗുണ മേന്മയ്ക്കും ആയിരിക്കും. ഇവിടെയാണ് ചൈനീസ് ഉൽപന്നങ്ങൾ നേട്ടം കൊയ്യുന്നത്.

ക്വാളിറ്റി അത്ര ‘സൂപ്പറല്ലെങ്കിലും’ വിലക്കുറവിന് ചൈനീസ് ഉൽപ്പന്നങ്ങളെ മറികടക്കാൻ ഇന്ന് ലോകത്തിൽ ആർക്കും തന്നെ കഴിയില്ല. ശരാശരി അമേരിക്കകാരൻ തങ്ങളുടെ പ്രസിഡൻറ്റ് ചൈനക്കെതിരേ നടപടിയെടുക്കുമ്പോൾ തികഞ്ഞ അമേരിക്കൻ ശൈലിയിൽ “ട്രംപ് ഹാസ് ഗോട്ട് ബോൾസ്” എന്ന് പറയുമെങ്കിലും സാധനങ്ങൾക്ക് വില കൂടുമ്പോൾ “ട്രംപ് ഷുഡ് ബി കിക്ക്ഡ് ഇൻ ദ ബോൾസ്” എന്നു കൂടി പറയും. അക്കാര്യവും കൂടി വ്യാപാര യുദ്ധത്തെ നോക്കി കാണുമ്പോൾ നമ്മൾ ഓർമിക്കണം.