ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?

ഇന്നലെ BBC യിൽ ഒരു അശ്വതി എന്നു പേരുള്ള ഒരു മലയാളി പെൺകുട്ടി കോളേജിൽ പഠിക്കുമ്പോൾ ഗർഭിണി ആയപ്പോൾ വന്ന നരക യാതനകൾ വിവരിക്കുന്നുണ്ട് (Pregnant at Oxford University: Juggling motherhood with studying).

ഇങ്ങനെയുള്ള അവസരങ്ങളിൽ മാതാപിതാക്കൾ ഇത്രയും ആലോചിച്ചാൽ മതി

“സമൂഹം തേങ്ങയാണ്, മകന്റെ/ മകളുടെ മാനസിക ശാരീരിക ആരോഗ്യമാണ് വലുത്” അത്രേ ഉള്ളൂ.

ഒരിക്കൽ ഇതേപോലെ ഒരു വിഷയത്തിൽ എഴുതിയത് താഴെ കൊടുക്കുന്നു.

“അച്ഛാ…. ഐ തിങ്ക്, ഐ ആം പ്രെഗ്നന്റ്” ………ടീൻ ഏജ് ആയ മോൾ തേങ്ങിക്കൊണ്ട് ഫോണിൽ വിളിച്ചു പറയുന്നു.

അല്ലെങ്കിൽ

“അമ്മേ, എന്റെ കൂട്ടുകാരി പ്രെഗ്നന്റ് ആയി, എനിക്ക് പറ്റിയ ഒരു അബദ്ധമാണ്”. വെപ്രാളത്തോടെ… കോളേജിൽ പഠിക്കുന്ന
മോൻ ഫോണിൽ.

Image result for sexual education

നിങ്ങൾ, ഒരു ടീൻ ഏജ് അല്ലെങ്കിൽ, പ്രായപൂർത്തി ആയ പെൺ കുട്ടിയുടെയോ, ആൺ കുട്ടിയുടെയോ മാതാവോ, പിതാവോ ആണെങ്കിൽ, ഒരു പക്ഷെ ഇങ്ങനെ ഒരു സംഭാഷണം കേൾക്കേണ്ടി വന്നേക്കാം.

മക്കൾ ഇങ്ങനെ ഒരവസ്ഥയിൽ നിങ്ങളോട് ഇത്രയും പറയാൻ സ്വാതന്ത്ര്യം ഉണ്ടെകിൽ, നിങ്ങൾ തീർച്ചയായും ഒരു സ്നേഹമുള്ള അച്ഛനോ അമ്മയോ ആയിരിക്കും.

പക്ഷെ, സ്നേഹം മാത്രം പോരല്ലോ?

ഉത്തരവാദിത്വം കൂടി വേണ്ടേ?

കുട്ടികൾക്ക് വേണ്ടത്ര ലൈംഗിക വിദ്യഭ്യാസം കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾ ഒരു ഉത്തരവാദിത്വം ഉള്ള അച്ഛനോ അമ്മയോ അല്ല എന്ന് വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി പറയാം.

അപ്പോൾ മുകളിൽ പറഞ്ഞ കാര്യം കുട്ടി പറയുമ്പോൾ കുറ്റം കുട്ടിയുടെ അല്ല, പൂർണ്ണമായും മാതാപിതാക്കളുടെ ആണ്.

Related image

അറിയേണ്ട കാര്യങ്ങൾ, വേണ്ട സമയത്തു പറഞ്ഞു കൊടുക്കാത്തത് കൊണ്ടുള്ള കുഴപ്പം.
തത്ക്കാലം അതവിടെ നിൽക്കട്ടെ.

കാര്യത്തിലേക്കു കടക്കുന്നതിനു മുൻപേ പറയട്ടെ, ഇങ്ങനെ ഒരു ഫോൺ കോൾ വന്നാൽ എങ്ങിനെ ആണ് പ്രതികരിക്കേണ്ടത്?

“എന്റെ പൊന്നു മോൾ/മോൻ പെട്ടെന്ന്, വീട്ടിൽ വരൂ. അമ്മ/അച്ഛൻ നിന്നെ കുറ്റപ്പെടുത്തില്ല. നിന്റെ കൂടെ ഞാൻ ഉണ്ടാവും. ഇത് നമുക്കൊരുമിച്ചു നേരിടാം. വിഷമിക്കല്ലേ…. അബദ്ധങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. ഇതും അങ്ങിനെയേ ഉള്ളൂ.” എന്ന് പറയാം.

അല്ലാതെ “നീ കുടുംബം നശിപ്പിച്ചു, എവിടെയെങ്കിലും പോയി തുലയൂ…. ഞാൻ ഇനി എങ്ങിനെ മറ്റുള്ളവരുടെ മുഖത്തു നോക്കും…..”

എന്നുള്ള ശാപ വാക്കുകൾ അല്ല കുട്ടികൾക്ക് ഈ സമയത്ത് ആവശ്യം. സമൂഹം എങ്ങിനെ ആയിരിക്കും പ്രതികരിക്കുക എന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. കുട്ടിയുടെ മാനസിക ആരോഗ്യമാണ് വലുത് എന്ന് മാത്രം കരുതുക.

അപ്പോൾ കുട്ടിയെ അവിവേകം ഒന്നും കാണിക്കാതെ വീട്ടിൽ എത്തിക്കുക എന്നതാണ് വിവേകപൂർവ്വം ഓരോ മാതാ പിതാക്കളും ആദ്യം ചെയ്യേണ്ടത്.

ഇനി വീട്ടിൽ വച്ചാണ് പറയുന്നത് എങ്കിലും ഇതേ പോലെ പറഞ്ഞു സമാധാനിപ്പിക്കാം.

മകൾ ആണെങ്കിൽ അന്നു തന്നെ, അല്ലെങ്കിൽ പിറ്റേന്ന് ഒരു വിദഗ്ധ ഡോക്ടറെ (ഗൈനക്കോളജിസ്റിനെ) കാണിക്കണം.

ബാക്കി അവർ ഉപദേശിക്കുന്ന പോലെ ചെയ്യണം.

പിന്നീട് വൈദഗ്ദ്യം ഉള്ള ഒരു നല്ല കൗൺസലറെ കണ്ടുപിടിക്കണം, മോൾക്കു ഈ മനോവേദനയിൽ നിന്ന് കരകയറാൻ വേണ്ട ഉപദേശങ്ങൾ അവർ തരും.

മകൻ ആണെങ്കിൽ ആദ്യം തന്നെ ഒരു കൗൺസിലിങ്നു വിധേയം ആക്കണം. ഒരു തരത്തിലുള്ള കുറ്റപ്പെടുത്തലുകളും പാടില്ല.

Image result for sexual education

സ്നേഹത്തോടെ സാധാരണ പെരുമാറുന്ന പോലെ തന്നെ പെരുമാറുക. കൂടെ ഇരുന്ന് ഒരു സിനിമ കാണുക. നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുക. അല്ലെങ്കിൽ ചെറിയ ഒരു യാത്ര പോകുക. തമാശകൾ പറയുക. തകർന്നിരിക്കുന്ന ഒരു മനസ്സിനെ തിരികെ കൊണ്ടുവരാൻ ഇത്രയും ഒക്കെ ചെയ്യാം. ആ രഹസ്യം നിങ്ങളുടെ മാത്രം രഹസ്യം ആയിരിക്കട്ടെ. അത് വേറെ ആരും അറിയേണ്ട കാര്യം ഇല്ല. ബാക്കിയൊക്കെ ഡോക്ടറും, കൗൺസലറും പറഞ്ഞപോലെ ചെയ്യുക.

പല ദിവസങ്ങളിലും പത്രത്താളുകൾ മറിക്കുമ്പോൾ ഭീതി വരാറുണ്ട്. ഒരു പക്ഷെ ആത്മഹത്യ ചെയ്യുന്ന പല കുട്ടികളും ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ എന്തു ചെയ്യണം എന്ന് ആകുലപ്പെടവർ ആയിരിക്കാം.

കേരളത്തിലെ ടീനേജ് ഗർഭഛിദ്രത്തിന്റെ കൃത്യമായ കണക്കുകൾ ഒന്നും ലഭ്യമല്ല. എന്നിരുന്നാലും 2013 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ (Pregnancy Among Unmarried Adolescents and Young Adults J Obstet Gynaecol India. 2013 Mar; 63(1): 49–54. doi: 10.1007/s13224-012-0244-7).

രണ്ടു വർഷത്തെ ഇടവേളയിൽ കേരളത്തിൽ പഠന വിധേയമാക്കിയ 180 ഓളം സംഭവങ്ങളിൽ 11.1 % പതിനാറു വയസ്സിൽ താഴെ ഉള്ളവരും, 38.6 % 17 നും 19 നും ഇടയിൽ പ്രായമുള്ളവരും 50.3 % 19 വയസ്സിനു മുകളിൽ ഉള്ളവരും ആണ്.

വേണ്ട രീതിയിലുള്ള അറിവുകൾ ഇല്ലാതെ ലൈംഗിക അതിക്രമത്തിൽ പെടുന്നവർ വേറെ.
പറഞ്ഞു വരുന്നത്, കൃത്യമായ അറിവുകൾ കുട്ടികൾക്ക് നൽകിയിരുന്നെങ്കിൽ പലരും ഇങ്ങനെയുള്ള ഒരു വൈകാരികവും മാനസികമായുമുള്ള ആഘാതത്തിൽ കൂടി കടന്നു പോകേണ്ടി വരില്ലായിരുന്നു.

എന്റെ ചെറുപ്പത്തിൽ (അന്നെനിക്ക് പന്ത്രണ്ടു വയസ്സുകാണും) അമ്മയുടെ ഒരു പരിചയക്കാരി, പതിനെട്ടു വയസ്സുള്ള മകനെ ചൂണ്ടിക്കാണിച്ച് അവന് ഇങ്ങനെയുള്ള കാര്യം ഒന്നും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നത് ഓർമ്മയുണ്ട്.

മക്കൾക്ക് ലൈംഗിക കാര്യങ്ങൾ ഒന്നും അറിയില്ല, അല്ലെങ്കിൽ അവർ അറിയേണ്ട, തനിയെ എല്ലാം എങ്ങിനെയോ പഠിച്ചു കൊള്ളും എന്നൊക്കെ ഉള്ള വിചാരമാണ് പലർക്കും.

ലൈംഗിക വിദ്യാഭ്യസം എന്നാൽ സെക്സ് എങ്ങിനെയാണ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത് എന്ന് ധരിച്ചാണ് ഇതിനെ പലരും നഖശിഖാന്തം എതിർക്കുന്നത്.

എന്താണ് ലൈംഗിക വിദ്യാഭ്യാസം?

കുട്ടികളെ പ്രായത്തിന് അനുസരിച്ചു ലൈംഗികതയെ പ്പറ്റി ബോധവൽക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം. അല്പജ്ഞാനികളിൽ നിന്നും കിട്ടിയ അബദ്ധ ധാരണകൾ മാറ്റാനും, സ്വന്തമായി ഉണ്ടാകുന്ന മിഥ്യാധാരണകള് മാറ്റാനും ഇതു കൊണ്ട് സാധ്യമാകും.

ജീവശാസ്ത്ര പരമായ അറിവു മാത്രമല്ല മറിച്ച്, വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എല്ലാ സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിർബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.

ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?

തീർച്ചയായും അങ്ങിനെയാണ് വേണ്ടത്. പ്രൈമറി സ്കൂളിൽ പോകുന്ന കുട്ടിയോട് ‘മോന്റെ/മോളുടെ പ്രൈവറ്റ് പാർട്ടുകളിൽ ആരും തൊടാൻ സമ്മതിക്കരുത്’ എന്ന് പറയുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പ്രായം കൂടുന്നത് അനുസരിച്ച് അവർക്ക് ഓരോ സ്റ്റേജിലും ആവശ്യമുള്ള കാര്യങ്ങൾ മടി കൂടാതെ പറഞ്ഞു കൊടുക്കണം. കൂടാതെ സ്ത്രീയേയും , പുരുഷനെയും തുല്യമായി കാണാനും, എങ്ങിനെയാണ് നല്ല ഒരു പങ്കാളിയെ കണ്ടെത്തുന്നതും പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും, സമ്മതം (consent) എന്നാൽ എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതും, എല്ലാം ലൈംഗിക വിദ്യാഭ്യാസം ആണ്. ലൈംഗിക അതിക്രമം എന്താണ്; അതിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗിക വിദ്യാഭ്യാസം തന്നെ.

“കൂടുതൽ ലൈംഗിക അതിക്രമങ്ങളും തുടങ്ങുന്നത് puberty (ഋതുമതി) ആകുന്നതിന് മുൻപേ ആണ്. അതിനാൽ ഇതിനെ തടുക്കാനുള്ള കാര്യങ്ങൾ ചെറിയ സ്കൂളി ൽ ആയിരിക്കുമ്പോൾ തന്നെ കുട്ടികളോട് പറഞ്ഞു കൊടുക്കണം”.