ലിഗയുടെ മരണം: ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്നു ലഭിച്ചേക്കും

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്നു ലഭിച്ചേക്കും. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്നു ലഭിക്കും.

കേസില്‍ മൂന്നു പ്രതികളടക്കം പത്തിലേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്. കാട്ടില്‍നിന്നു ശേഖരിച്ചതില്‍ ഇവരുടേതടക്കമുള്ള വിരലടയാളങ്ങള്‍ കണ്ടെത്തിയാല്‍ അറസ്റ്റിലേക്കു നീങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതിനായുള്ള ചോദ്യം ചെയ്യലും തെളിവു ശേഖരണവും തുടരുകയാണ്.

സംഭവത്തില്‍ വിദേശയുവതിയെ വാഴമുട്ടത്തിനടുത്തുള്ള തുരുത്തിലേക്ക് കൊണ്ടുവന്ന തോണിക്കാരന്‍ അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്‌. ലിഗയെ തുരുത്തിലേക്ക് കൊണ്ടുവന്ന തോണിയുടെ ഉടമയായ ഉമേഷ്, സംഭവത്തില്‍ ബന്ധമുണ്ടെന്ന് പൊലീസിന് തെളിവ് കിട്ടിയ ലാലു, ഉദയന്‍, ഹരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.