ലിഗയുടെ മരണം: അറസ്റ്റ് വൈകും

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്. ഇവര്‍ ലിഗയുടെ കൊലപാതകത്തില്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുള്ളത്.
ലിഗയെ കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിയിലുള്ളവരെയും ലിഗയെയും കോവളത്ത് ഒരുമിച്ച് കണ്ടവരുണ്ട്. പൊന്തല്‍കാട്ടിലേക്ക് ലിഗ പോയത് കണ്ട ചില പരിസരവാസികളുമുണ്ട്. എന്നാല്‍ കസ്റ്റഡയിലുള്ളവര്‍ കൊലപാതകം ചെയ്തുവെന്ന് സ്ഥരീകരിക്കാന്‍ ഇനിയും ശാത്രീയ തെളിവുകള്‍ ആവശ്യമാണ്. ഇതാണ് അറസ്റ്റ് വൈകുന്നതിന് കാരണം. ഇനിയും തെളിവു ശേഖരണം പൂര്‍ത്തിയാക്കാനുള്ളതിനാല്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇനിയും വൈകുമെന്നാണ് പൊലീസ് പറയുന്നത്.

യോഗാ പരിശീലകനായ അനില്‍ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ച മുടിയിഴകളുടെ ഫോറന്‍സിക് പരിശോധന ഫലവും ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന.