ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല്‍ പൊലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല്‍ പൊലീസ് വേട്ടയാടുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല.

സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും കയറിയിറങ്ങുന്നു. സാമ്പത്തികത്തട്ടിപ്പ് ആരോപണത്തില്‍ നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ ഹാജരാകാനാണ് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് അശ്വതി ജ്വാല ആരോപിച്ചിരുന്നു. ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാന്‍ ചെന്നപ്പോള്‍ ഡിജിപി ആക്രോശിച്ചുവെന്നും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയില്ലെന്നും അശ്വതി പറഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അശ്വതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി ജ്വാല ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് അശ്വതി. തെരുവില്‍ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അശ്വതി.