ലിഗയുടെ തിരോധാനം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേരളാ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നു: ടി.പി.ശ്രീനിവാസന്‍

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ലാത്വിയന്‍ യുവതി ലിഗയുടെ തിരോധാന സമയം മുതല്‍ ലാത്വിയന്‍ എംബസിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന്‍ 24 കേരളയോടു പറഞ്ഞു.

സാധാരണ വിദേശ പൌരന്മാരുടെ പ്രശ്നത്തില്‍, കാണാതാകുക, മരണം എന്നീ കാര്യങ്ങള്‍ വരുമ്പോള്‍ എംബസിയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക. എംബസി ഇടപെടല്‍ അല്ലെങ്കില്‍ രാജ്യത്തെ നയതന്ത്രജ്ഞരില്‍ ആരെയെങ്കിലും രാജ്യം അയക്കും. ഏഷ്യന്‍ രാജ്യത്ത് എവിടെയെങ്കിലും ലാത്വിയക്ക് നയതന്ത്രജ്ഞര്‍ ഉണ്ടാകും. സാധാരണ ഗതിയില്‍ അങ്ങിനെ ഉദ്യോഗസ്ഥര്‍ കാണേണ്ടതാണ്.

ലിഗയുടെ തിരോധാനത്തില്‍, അവരുടെ സഹോദരിയുടെ പ്രശ്നത്തില്‍ എംബസിയുടെ ശബ്ദം കേള്‍ക്കുന്നില്ല. ഇനി വ്യക്തികള്‍ ഏറ്റെടുത്താലും എംബസി അവരെ പിന്തുണച്ച് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തും. ആന്‍ഡ്രൂസ് ഐറിഷ് പൌരനാണെന്ന് പറയുമ്പോള്‍ ഐറിഷ് എംബസിക്ക് ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കാമായിരുന്നു.

ഐറിഷ് എംബസി ഇന്ത്യയിലുണ്ട്. അവര്‍ക്കും ഇടപെടാമായിരുന്നു. ഐറിഷ് എംബസി ശക്തമായ എംബസിയാണ്. വളരെ നല്ല പ്രവര്‍ത്തനം നടത്തുന്ന എംബസിയാണ്. നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ഐയര്‍ലണ്ട് സന്ദര്‍ശിച്ചതുമാണ്. ഇന്ത്യയും അവരും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണത്. പക്ഷെ ഇവര്‍ എങ്ങിനെയാണ് ഐറിഷ് എംബസിയുമായി ഇടപെട്ടത് എന്നത് പ്രസക്തമാണ്.

എംബസിയെ ഉപയോഗിക്കുകയാണ് വേണ്ടത്. ആന്‍ഡ്രൂസിന്റെ കാര്യത്തില്‍ ആന്‍ഡ്രൂസ് എങ്ങിനെയാണ് എംബസിയെ സമീപിച്ചത് എന്ന് നോക്കേണ്ടതാണ്. എംബസിയുടെ സഹായം തേടിയോ എന്നും അറിയേണ്ടതുണ്ട്. ഇവര്‍ ടൂറിസ്റ്റുകള്‍ ആയതിനാല്‍ എംബസിയെക്കുറിച്ച് അത്ര അവഗാഹം ഉണ്ടാകാന്‍ സാധ്യതയും കുറവാണ്.

കേരളത്തില്‍ നിന്ന് വിദേശ യുവതിയെ കാണാതാകുമ്പോള്‍ സ്വാഭാവികമായും ഇത് കേരളാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ വേണ്ട രീതിയില്‍ നീക്കങ്ങള്‍ നടത്തേണ്ടതായിരുന്നു. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തോന്നുന്നു.

വിദേശ പൌരന്മാരുടെ പ്രശ്നം വരുമ്പോള്‍ കേരളാ സര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. സിസ്റ്റം അങ്ങിനെയാണ്. ലിഗയെ കാണാതായി എന്ന പരാതി ഉയരുമ്പോള്‍ തന്നെ കേരളാ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നു. ബഹളം ഉണ്ടാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ ഉണരുകയുള്ളൂ. എത്രയോ കേസുകള്‍ ഈ മനോഭാവം കാരണം കൈവിട്ടുപോകുന്നു.

ആദ്യത്തെ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരം സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ലിഗയെ രക്ഷിക്കാമായിരുന്നു എന്നൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല. പക്ഷെ അവര്‍ ആന്‍ഡ്രൂസും ലിഗയും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല എന്ന കാര്യത്തിനും പ്രസക്തിയില്ല.

നഷ്ടപരിഹാരമോ അതുമായി ബന്ധപ്പെട്ട പ്രശ്നം വരുമ്പോള്‍ മാത്രമേ ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നോ എന്ന കാര്യം പ്രസക്തമായി മാറുകയുള്ളൂ. അത്തരം പ്രശ്നങ്ങള്‍ അവരുടെ മുന്നിലില്ല.  വിവാഹം കഴിച്ചിരുന്നില്ല. ബോയ്‌ ഫ്രണ്ട് ആണ് എന്ന് പറഞ്ഞാലും പ്രശ്നമില്ല. അതൊന്നും കേസിനെ ബാധിക്കുന്ന കാര്യമല്ല-ടി.പി.ശ്രീനിവാസന്‍ പറയുന്നു.

അതേ സമയം ലിഗയുടെ മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിക്കാതെ പൊലീസ് വലയുകയാണ്. ലിഗയുടെ മരണം ശ്വാസംമുട്ടിയാകാമെന്നാമെന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം പൊലീസിനെ അറിയിച്ചത്. അതുകൊണ്ട് തന്നെ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

ലിഗയുടെ കുടുംബം പറയുന്ന മൂന്നു കാരണങ്ങള്‍ തന്നെയാണ് പൊലീസും അന്വേഷിക്കുന്നത്. ലിഗ എങ്ങിനെ കോവളത്ത് നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള തിരുവല്ലത്തെ തുരുത്തില്‍ എത്തി. അവിടെ കൊണ്ടുപോയി ലിഗയെ അപായപ്പെടുത്തിയോ? ലിഗ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു? മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങനെ…? ചോദ്യങ്ങള്‍ നീളുകയാണ്.

ലിഗയുടെ മൃതദേഹം അഴുകിയതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണ കാരണങ്ങള്‍ അറിയാനാകുമോ എന്നും സംശയങ്ങള്‍ അവശേഷിക്കുന്നു.