ലാവ്‌ലിന്‍ കേസ്‌: സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി :  എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. കേസിലെ മൂന്നാം പ്രതിയായ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്റെ ആവശ്യം അംഗീകരിച്ചാണ് സിബിഐ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീ കോടതി മാറ്റിയത്. ആറ് ആഴ്ചത്തേക്കാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

സിബിഐ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ട് ശിവദാസന്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി. സിബിഐ അന്വേഷിച്ച കേസില്‍ നേരത്തെ പിണറായി വിജയന്‍ പ്രതിയായിരുന്നു. എന്നാല്‍ പിന്നീട് തിരുവനന്തപുരം സിബിഐ കോടതി അദ്ദേഹത്തെ പ്രതിപട്ടികയില്‍നിന്ന് നീക്കുകയായിരുന്നു. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.