ലാവ്‌ലിന്‍ കമ്ബനിയുമായി ബന്ധമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്

കൊച്ചി: സംസ്ഥാനത്തിന്റെ വികസന സംരംഭമായ കിഫ്ബിയുടെ ബോണ്ടുകളില്‍ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്ബനിയായ എസ്‌എന്‍സി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. സിഡിപിക്യു എന്ന കമ്ബനിക്ക് എസ്‌എന്‍സി ലാവ്‌ലിന്‍ കമ്ബനിയുമായി ബന്ധമില്ലെന്നും കനേഡിയന്‍ സര്‍ക്കാര്‍ അംഗീകരിച്ച കമ്ബനിയാണെന്നും തോമസ് ഐസക് പറഞ്ഞു.

ഇന്ത്യയില്‍ പല നിക്ഷേപങ്ങളും കമ്ബനി നടത്തിയിട്ടുണ്ട്. കിഫ്ബി പ്രവര്‍ത്തനം അമ്ബരപ്പിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. നേരത്തെ ബിജെപി ഉന്നയിച്ച ആരോപണങ്ങളാണ് ചെന്നിത്തല ഏറ്റുപിടിച്ചതെന്നും തെരഞ്ഞടുപ്പ് മുന്നില്‍കണ്ട് പുകമറ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ്. ഇതില്‍ ഭൂരിപക്ഷവും വാങ്ങിയത് എസ്‌എന്‍സി ലാവലില്‍ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സിഡിപിക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാലബോണ്ടുകള്‍ വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകള്‍ വിറ്റത്. എന്നിട്ടും ഈ കമ്ബനി ഇത്രയും ബോണ്ടുകള്‍ വാങ്ങി. സര്‍ക്കാരിന്റെ മറുപടിക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നുമായിരുന്നു ചെന്നിത്തല വ്യക്തമാക്കി