ലഹരി പാനീയവും വിപണിയിലിറക്കാനൊരുങ്ങി കൊക്കോ കോള കമ്പനി

ന്യൂയോര്‍ക്ക്: ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിലറക്കാന്‍ ഒരുങ്ങുന്നു. 125 വര്‍ഷത്തെ സേവന പരിചയത്തിനൊടുവിലാണ് കൊക്കൊ കോള ലഹരി പാനീയ നിര്‍മാണ രംഗത്തിറങ്ങുന്നത്. തുടക്കത്തില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്.

ജപ്പാന്റെ പരമ്പരാഗത പാനീയമായ ‘ചു ഹി’ എന്നറിയപ്പെടുന്ന ലഹരി പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ പാനീയവും വിപണിയിലെത്തുന്നതെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ‘ചു ഹി’യില്‍ ലഹരിക്കായി ‘ഷോചു’ എന്നറിയപ്പെടുന്ന മദ്യമാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ ഫ്ളേവറുകള്‍ തുടങ്ങിയവയൊക്കെയാണ് അടങ്ങിയിരിക്കുന്നത്. ലഹരിക്കായി ഷോചുവിനു പകരം വോഡ്കയും ഉപയോഗിക്കാറുണ്ട്.

കോളയുടെ ശീതളപാനീയം പോലെ ടിന്നിലാണ് ലഹരി പാനീയവും പുറത്തിറങ്ങുന്നത്. മൂന്നു മുതല്‍, ഒമ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ ആണ് പാനീയത്തിലുണ്ടാവുക. മുന്തിരി, സ്ട്രോബറി, കിവി, പീച്ച് എന്നീ ഫ്ളേവറുകളിലാണ് പാനീയം വിപണിയിലെത്തുക. ആദ്യമായാണ് കൊക്കോ കോള ലഹരിപാനീയ രംഗത്തേക്കിറങ്ങുന്നതെന്നും പതിവ് ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമമാണ് കമ്പനിയുടേതെന്നും ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു.

എന്നാല്‍ ലഹരി പാനീയം ജപ്പാനില്‍ നിന്ന് മറ്റു മാര്‍ക്കറ്റുകളിലേക്കും എത്തിക്കുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 1977-ല്‍ കൊക്കോ കോള വൈന്‍ നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതില്‍നിന്ന് പിന്മാറുകയായിരുന്നു.