റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് ജീവൻ മരണ പോരാട്ടം

ആറ് കളിയില്‍ നിന്നും ആറ് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയും തോല്‍വി തൊട്ടാല്‍ നാണക്കേടിന്റെ ഭാരം ബാംഗ്ലൂരിന് മേല്‍ ഇരട്ടിക്കും. ജയം മാത്രം ലക്ഷ്യം വെച്ച്‌ ബാംഗ്ലൂര്‍ വരുമ്ബോള്‍ ജയിക്കുവാനായി നെറ്റ്‌സില്‍ ബാറ്റിങ് പരീക്ഷണങ്ങള്‍ നടത്തുകയാണ് കോഹ് ലി.

അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ക്ക് മുതിരാത്ത കോഹ് ലി നെറ്റ്‌സില്‍ ഡിവില്ലിയേഴ്‌സിന്റെ ശൈലിയിലാണ് ബാറ്റ് വീശുന്നത്. സ്വിച്ച്‌ ഹിറ്റുകളും മറ്റുമായി വമ്ബന്‍ ഷോട്ടുകളാണ് നെറ്റ്‌സില്‍ കോഹ് ലി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ കളിയിലേക്ക് വരുമ്ബോള്‍ കോഹ് ലിക്ക് ടീമിനെ സീസണിലെ ആദ്യ് ജയത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുമോ എന്നതില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്.

കിങ്‌സ് ഇലവനെതിരെ ഇന്ന് ബാംഗ്ലൂര്‍ തോറ്റാല്‍, ഐപിഎല്ലില്‍ ആദ്യ ഏഴ് കളിയിലും തോല്‍ക്കുന്ന ആദ്യ ടീമാകും ബാംഗ്ലൂര്‍. സീസണില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായിട്ടാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നില്‍പ്പ്.