റോഡ് ഉദ്ഘാടനത്തിന് രാഹുലിനെ മുഖ്യാതിഥിയാക്കിയത്‌ അപമാനിക്കാനെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തില്‍ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം. വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ പോലും അറിയിക്കാതെയായിരുന്നു അദ്ദേഹം പങ്കെടുക്കുമെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് വെച്ചത്.

റോഡ് ഭൂരിഭാഗവും ഉള്‍പ്പെടുന്ന കോഴിക്കോട് മണ്ഡലത്തിലെ എം.പി എം.കെ രാഘവനെ ഉള്‍പ്പെടുത്താതെ വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ പേര് വെച്ച്‌ നോട്ടീസ് അടിച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മുക്കത്തെ ഓഫീസില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. മാത്രമല്ല പരിപാടി നടക്കുന്ന ജൂലായ് 13 ന് പാര്‍ലമെന്റ് സെഷന്‍ നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് എത്താന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച്‌ വെച്ചാണ് അദ്ദേഹത്തിന്റെ അനുമതി പോലും വാങ്ങാതെ ബോര്‍ഡ് വെച്ചതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.