റേഡിയോ കിയോസ്കുകൾ


അജയകുമാർ

ആധുനിക വാർത്താ സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ആ ഇരുളടഞ്ഞ കാലഘട്ടം അവസാനിക്കുന്നത് ആകാശവാണിയുടെ വരവോടുകൂടിയാണ്. അങ്ങനെ ഇന്ത്യയുടെ പലഭാഗങ്ങളിലും ഉള്ള നാട്ടുരാജ്യങ്ങളിലും റേഡിയോ സ്റ്റേഷനുകൾ തുറക്കപ്പെട്ടു, പക്ഷേ ആ റേഡിയോ പരിപാടികൾ കേൾക്കാനുള്ള സൗഭാഗ്യം ധനികരായ ഒരു കൂട്ടം ആൾക്കാരുടെ മാത്രം കുത്തകയായിരുന്നു. റേഡിയോക്കും സൈക്കിളിനും പോലും ലൈസൻസ് ഉണ്ടായിരുന്ന അക്കാലത്ത് സാധാരണ ജനത്തിന് എങ്ങനെ കഴിയാനാണ് .ഒരു നേരം പോലും വയറുനിറയെ ആഹാരം കഴിക്കാൻ പാങ്ങില്ലാത്ത ഭൂരിഭാഗം ജനത ഉണ്ടായിരുന്ന നമ്മുടെ ഭാരതത്തിൽ റേഡിയോ ‘ കാണാൻ കഴിയുന്നതുതന്നെ മഹാഭാഗ്യമായി കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

എന്നാൽ 1955 നുശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാൽക്കവല കൾക്ക് സമീപം പഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തിൽ റേഡിയോ കിയോസ്കുകൾ അഥവാ റേഡിയോ പാർക്കുകൾ സ്ഥാപിച്ചു. വളരെ ഇടുങ്ങിയ കഷ്ടിച്ച് 25 സ്ക്വയർഫീറ്റിനകം വലിപ്പമുള്ള, അടച്ചു തുറപ്പുള്ളതും റോഡിയോ പ്രവർത്തിപ്പിക്കുന്നതിനു സൗകര്യമുള്ളതുമായ ചെറു മുറികളാണ് കിയോസ്കുകൾ.ഈ മുറികളുടെ 4 ചുവരുകളുടെയും’ റൂഫ് കോൺക്രീറ്റ് നോട് ചേർന്ന ഭാഗം സിമൻറ് ജാളികൾ, വച്ചുപിടിപ്പിക്കുകയും റോഡിന് അഭിമുഖമായ ഭാഗത്തുള്ള സിമന്റ് ജാളി ക്ക് പിന്നിൽ ഒരു കോളാമ്പി വയ്ക്കുകയും, റേഡിയോ കോളാമ്പി മായി ബന്ധിപ്പിക്കുകയും ചെയ്തിരിക്കും. (ചില സ്ഥലങ്ങളിൽ റേഡിയോ മാത്രമേ ഉണ്ടാകാറുള്ളൂ) എല്ലാദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും റേഡിയോ പ്രവർത്തിപ്പിക്കുന്നതിന് പഞ്ചായത്ത് ഒരാളെ നിയോഗിച്ചിട്ടുണ്ടാവും .അയാൾ ആണ് ഈ സ്ഥാപനത്തിന്റെ സംരക്ഷകനും ചുമതലക്കാരനും . രാവിലെ വന്ദേമാതരം തോടുകൂടി തുടങ്ങുന്ന ആകാശവാണി പരിപാടികൾ വൈവിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. വർത്തമാനപത്രം ഒഴികെ മറ്റ് വാർത്താവിനിമയ സംവിധാനങ്ങളോ വിനോദോപാധികളോ ഇല്ലാതിരുന്ന കാലത്ത് റേഡിയോ കിയോസ്കുകൾ നാട്ടുകാരുടെ വിജ്ഞാനത്തിന്റെയും വിനോദത്തിനും ഒരേയൊരു ഉപാധി മാത്രം ആയിരുന്നു. വാർത്തകളറിയാനും വിനോദത്തിനുംഅവർ കിയോസ്ക് കളെയാണ് അന്ന് ആശ്രയിച്ചിരുന്നത്.

ആകാശവാണി വൈവിധ്യം കൊണ്ട് അന്നും ഇന്നും വളരെ മുന്നിലാണ് .സുഭാഷിതം, കാവ്യാഞ്ജലി ,ഉദയ ഗീതം ,പ്രഭാതഭേരി, വാർത്താ തരംഗിണി ,വാർത്ത വീക്ഷണം, ജില്ലാ വൃത്താന്തം, കാലം സാക്ഷി, ഒരിക്കൽക്കൂടി ,പ്രകാശധാര ,ഓർമ്മച്ചെപ്പ് ബാലലോകം, രാഗ തപസ്യ ,രഞ്ജിനി, വയലും വീടും ,കാർഷികമേഖല വാർത്തകൾ, കമ്പോള നിലവാരം ,നാട്ടുവിശേഷം, കണ്ടതും കേട്ടതും, സായന്തനം, കായികലോകം, കഥകളി പദങ്ങൾ, പ്രകാശധാര ,ഹരിത വാണി ,ലയ വിന്യാസം ,ഗാന്ധിമാർഗം, ശാസ്ത്രലോകം ,തൊഴിലാളി മണ്ഡലം, യുവവാണി ,കണ്ടതും ,കേട്ടതും എഴുത്തുപെട്ടി ,എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയും സ്പർശിക്കുന്ന പരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു റേഡിയോ പരിപാടികൾ. അവ കേൾക്കുന്നതിനുള്ള ഒരേ ഒരു വഴി റേഡിയോ കിയോസ്കുകളും ആയിരുന്നു. പിന്നെ മിലിട്ടറി ഉദ്യോഗസ്ഥർ തുകലിൽ പൊതിഞ്ഞ് തോളിൽ തൂക്കി നടക്കുന്ന റേഡിയോയും പേർഷ്യക്കാർ സ്റ്റീരിയോ ടേപ്പും ഒക്കെ കൊണ്ടുവരാൻ തുടങ്ങിയതോടെ ക്രമേണ കിയോസ്കുകൾക്ക് കേൾവിക്കാർ ഇല്ലാതായി പഞ്ചായത്തുകൾ അതിനെ ഉപേക്ഷിച്ചു. അങ്ങനെ ഇന്ന് കേരളത്തിൻറെ അങ്ങോളമിങ്ങോളം കുടുസുമുറികൾ ശോച്യാവസ്ഥയിൽ കാടുകയറി കിടന്നു നശിക്കുന്നു

തുറന്നാൽ അടയ്ക്കുന്നതുവരെ പാട്ട് മാത്രം കേൾപ്പിക്കുന്ന fm റേഡിയോ സ്റ്റേഷനുകളും , ഉള്ളി തൊലിക്കും പോലെ കാര്യമില്ലാ ചർച്ചകൾ നടത്തുന്ന ടിവി ചാനലുകളും ഉള്ള നമ്മുടെ നാട്ടിൽ ,ഇവയെക്കാൾ വ ളരെ വിജ്ഞാനപ്രദവും വൈവിധ്യങ്ങളും ഉള്ള ആകാശവാണി പരിപാടികൾ ശ്രവിക്കുന്നതിന്, ഈ കിയോസ്ക്കളുടെ പുനരുദ്ധാരണം സഹായിക്കും എന്ന് തോന്നുന്നു. യുവാക്കൾ മുന്നിട്ടിറങ്ങിയാൽ വീണ്ടും കിയോസ്കുകൾ സജീവമാകും നാട് ഉണരുകയും ചെയ്യും.