റെക്കോടിട്ട് യുവന്റസ്; രക്ഷകനായി ക്രിസ്റ്റ്യാനോ

ജിദ്ദ: ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്റസിന് റെക്കോഡ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലാണ് ചാംപ്യന്‍മാരായ യുവന്റസ് ജിദ്ദയില്‍ റെക്കോഡ് തീര്‍ത്തത്. എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുവന്റസ് തുടര്‍ച്ചയായ ഏഴാം തവണയും ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മുത്തമിട്ടത്. ഹെഡ്ഡര്‍ പറത്തിയാണ് റൊണാള്‍ഡോ വിജയഗോള്‍ കുറിച്ചത്.

ഇതോടെ കിരീടനേട്ടത്തില്‍ യുവന്റസ് എസി മിലാനെ മറികടക്കുകയായിരുന്നു. എട്ട് തവണയാണ് യുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മുത്തമിട്ടത്. ഏഴ് തവണ കിരീടം നേടിയ എസി മിലാനാണ് യുവന്റസിന്റെ തൊട്ടുപിന്നില്‍. സെരി എ ചാംപ്യന്‍മാരും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പിനായി ഏറ്റുമുട്ടുക.