റീപോളിങ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; കമ്മീഷനെതിരെ കോടിയേരി


തിരുവനന്തപുരം:   വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് തിരഞ്ഞെടുപ്പ്  കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മിഷന്റെ നടപടി. വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മിഷന്‍ തയ്യാറാകുന്നില്ലന്നും കോടിയേരി കുറ്റപ്പെടുത്തി. വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിങ് നാളെ റീപോളിങ് നടക്കുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ ഇവിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇക്കാരണത്താല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് മണ്ഡലങ്ങളിലെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോവട്ടഭ്യര്‍ത്ഥന നടത്താനുള്ള ശ്രമത്തിലാണ്. അതേമയം കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധാകരന്‍ ചികിത്സയിലായതിനാല്‍ ഇന്ന് പ്രചാരണ രംഗത്തുനിന്നും വിട്ടുനില്‍ക്കും. മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ സജീവമായി രംഗത്തുണ്ട്.