റാഫേലില്‍ ആശങ്കപ്പെടാനൊന്നുമില്ല, കാര്യങ്ങള്‍ ശെരിയായ ദിശയിലാണ്: പരീക്കറുടെ കത്ത്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നുതെന്നും പരീക്കര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്നും നിര്‍മല സീതാരമാന്‍ ലോക്സഭയില്‍ പറഞ്ഞു. 2016 ജനുവരി 11നാണ് പരീക്കര്‍ ഫയലില്‍ മറുപടി നല്‍കിയത്. വിയോജനക്കുറിപ്പിനെക്കുറിച്ച്‌ പ്രതിരോധസെക്രട്ടറി പി.എം.ഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യട്ടെയെന്ന് മറുപടിയില്‍ പരീക്കര്‍ പറയുന്നു.ഫ്രഞ്ച് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലില്‍ എഴുതിയ മറുപടിക്കുറിപ്പില്‍ പറയുന്നു.

വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. റാഫേല്‍ അഴിമതിയില്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓ‌ഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട് നേരത്തെ ദേശീയ മാദ്ധ്യമം പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമാന്തര വിലപേശല്‍ ശ്രമത്തിന് ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ സംഘത്തിന്റെയും നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടല്‍. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹന്‍കുമാര്‍ ഫയലില്‍ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച്‌ പത്രം പറയുന്നു. എന്നാല്‍, റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഫയലില്‍ എഴുതിയിരുന്നെന്നും, എന്നാല്‍ പശ്ചാത്തലെ ഓ‌ര്‍മ്മയില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു. മുന്‍ പ്രതിരോധ സെക്രട്ടറിയാണ് മോഹന്‍ കുമാര്‍.ഫ്രഞ്ച് സര്‍ക്കാരുമായി പി.എം.ഒ സമാന്തര ചര്‍ച്ച്‌ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ മോഹന്‍ കുമാര്‍ എതിര്‍ത്തിരുന്നു.