റഷ്യൻ ലോകകപ്പിലെ റഫറിമാര്‍

മോസ്‌കോ: ചതുരക്കളത്തില്‍ പന്തുതട്ടുന്ന 22 താരങ്ങളെ വിസിലും കാര്‍ഡുകളും ഉപയോഗിച്ചു നിയന്ത്രിക്കാം. മൈതാനത്തെ പോരാട്ടച്ചൂടിനേക്കാള്‍ പൊള്ളിക്കുന്നതാണ്‌ ഗ്യാലറിയിലെ അന്തരീക്ഷമെങ്കില്‍ കളി ‘കാര്യ’മാകും. ലോകമെമ്ബാടും നിന്നുള്ള കളിഭ്രാന്തന്‍മാര്‍ തങ്ങളുടെ ടീമുകള്‍ക്കായി ആരവംമുഴക്കി അണിനിരക്കുമ്ബോള്‍ ചെറിയൊരു പ്രകോപനം മതി കളി കൈവിടാന്‍. കാണികളുടെ ആരാധനയും ആവേശവും അതിരുവിടുമ്ബോള്‍ മത്സരംതന്നെ അലങ്കോലമാകുന്ന സാഹചര്യവും ഉടലെടുത്തേക്കാം. അത്തരം സംഭവങ്ങളൊന്നും റഷ്യന്‍ ലോകകപ്പിനു കളങ്കമാകരുതേയെന്നു പ്രാര്‍ഥിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷമെങ്കിലും ചെറിയൊരു തീപ്പൊരിമതി സകലതും വെള്ളത്തിലാക്കാന്‍.
എതിര്‍ക്യാമ്ബിലെ താരങ്ങളെ പ്രകോപിതരാക്കാന്‍ പല അടവുകളും മൈതാനത്തു പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ ആരാധകരും ഒട്ടും പിന്നിലല്ല. വടിയും കുപ്പിയുമൊക്കെ വലിച്ചെറിയുന്നതുമുതല്‍ വാക്കുകൊണ്ടുള്ള അതിക്ഷേപവര്‍ഷംവരെയുള്ള പ്രകോപനങ്ങള്‍ പലവിധം. റഷ്യയില്‍ എന്തായാലും താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതു കര്‍ശനമായി തടയാന്‍ തന്നെയാണ്‌ ഫിഫയുടെ തീരുമാനം. അതിനായി റഫറിമാര്‍ക്ക്‌ പരിശീലനം നല്‍കി സജ്‌ജരാക്കുമെന്നും ഫിഫ വ്യക്‌തമാക്കി.
വംശീയവിദ്വേഷ പ്രകോപനങ്ങളെ മുന്‍കാലങ്ങളില്‍ ഫിഫ ഗൗരവമായെടുത്തിട്ടില്ലെന്ന പരാതി ഇത്തവണ ഉണ്ടാകരുതെന്ന കര്‍ശന നിലപാടിലാണു ഫുട്‌ബോള്‍ അധികൃതര്‍. 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ അരങ്ങേറിയതായി വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. റഷ്യന്‍ മൈതാനങ്ങളിലും ഗ്യാഗറിയിലും കളിയാവേശം മാത്രംമതിയെന്ന വ്യക്‌തമായ സന്ദേശം പകരാനാണു റഫറിമാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കുന്നതിലൂടെ ഫിഫ ലക്ഷ്യമിടുന്നത്‌.
കളിക്കാരെയോ ടീമുകളെയോ; എന്തിന്‌ ആരാധകരെവരെ വംശീയച്ചുവയോടെ ആക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ മൂന്നുതലത്തിലുള്ള നടപടികളിലൂടെ റഫറിമാര്‍ക്കു വിഷയത്തിലിടപെടാമെന്നാണു ഫിഫ വ്യക്‌തമാക്കുന്നത്‌. ആദ്യഘട്ടത്തില്‍ മത്സരം നിര്‍ത്തിവച്ച്‌ പ്രകോപനപരമായ പെരുമാറ്റത്തിന്‌ അവസാനമിടണമെന്ന്‌ സ്‌റ്റേഡിയത്തില്‍ അറിയിപ്പു നല്‍കാം. പ്രകോപനം തുടര്‍ന്നാല്‍ അത്‌ അവസാനിച്ചെന്ന്‌ ഉറപ്പാക്കുന്നതുവരെ കളി താല്‍ക്കാലികമായി റദ്ദാക്കാം. മൂന്നാമത്തെ ഘട്ടമായി മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാനുള്ള അധികാരവും റഷ്യയില്‍ റഫറിമാര്‍ക്കുണ്ടായിരിക്കും. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കിയാകും റഷ്യന്‍ ലോകകപ്പില്‍ പന്തുരുളുക.