റഫേല്‍ കരാര്‍: സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിയ്ക്ക് കൈമാറി

ദില്ലി: റഫേല്‍ കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിയ്ക്ക് കൈമാറി. നാളെയോ മറ്റന്നാളോ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റഫേല്‍ പ്രതിരോധ കരാര്‍ പരിശോധിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിയ്ക്ക് കൈമാറി. കേന്ദ്ര സര്‍ക്കാരിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു.

ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ നായിഡു എന്നിവര്‍ക്ക് രാഷ്ട്രപതി നല്‍കുന്ന സിഎജി റിപ്പോര്‍ട്ട് നാളെയോ മറ്റന്നാളോ സഭയില്‍ സമര്‍പ്പിക്കും. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ മറ്റന്നാള്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റിന് ലഭിച്ചാല്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയ്ക്ക് പരിശോധിക്കാന്‍ ആകില്ല.റഫേല്‍ പരിശോധിച്ച സിഎജിയുടെ വിശ്വാസ്യതയില്‍ സിപിഐഎം, കോണ്‍ഗ്രസും സംശയം പ്രകടിപ്പിച്ചു.

ഇപ്പോഴത്തെ സിഎജി രാജീവ് മെഹ്റ്ഷി 2014 ഒക്ടോബര്‍ 24 മുതല്‍ 2015 ഓഗസ്റ്റ് 30 വരെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു. കരാറിന്റെ രൂപീകരിക്കുന്ന പ്രധാന ചര്‍ച്ചകളുടെ ഭാഗമായിരുന്നു രാജീവ് മെഹ്റ്ഷി. ഇദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റ് താല്‍പര്യങ്ങള്‍ കടന്ന് വരാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടികാട്ടി.

അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും റഫേലിലെ പുതിയ കണ്ടെത്തലുകളും കര്‍ണ്ണാടകയിലെ രാഷ്ട്രിയ നീക്കങ്ങളും പ്രതിപക്ഷ-ഭരണപക്ഷ വാഗ്വാദ്വങ്ങള്‍ ഇടയാക്കി. ഓപ്പറേഷന്‍ കമല എന്ന പേരില്‍ ജനാധിപത്യ സംവിധാനത്തില്‍ നടന്ന് കൂടാത്ത കാര്യങ്ങളാണ് ബിജെപി കര്‍ണ്ണാടകയില്‍ നടത്തുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും കുറ്റപ്പെടുത്തി.

ഇതിനെതിരെ രംഗത്ത് എത്തിയ കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദഗൗഡ, സ്വന്തം നിയമസഭയെ കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു.